മാറുമറയ്ക്കൽ സമര നായിക നങ്ങേലി അഭ്രപാളിയിലേയ്ക്ക്; സംവിധാനം വിനയൻ

തിരുവിതാംകൂർ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറ് മറയ്ക്കണമെങ്കിൽ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകൾ ഛേദിച്ച് നൽകിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ചത്

മാറുമറയ്ക്കൽ സമര നായിക  നങ്ങേലി അഭ്രപാളിയിലേയ്ക്ക്; സംവിധാനം വിനയൻ

മലയാളിയുടെ സവർണ്ണ പുരുഷ ബോധത്തിനും ജാതി വിവേചനത്തിനും എതിരെ മുലപറിച്ചെറിഞ്ഞ നങ്ങേലിയുടെ കഥ സിനിമയാകുന്നു. കേരള നവോത്ഥന ചരിത്രത്തിലെ മറവിലാണ്ടുപോയ മാറ് മറയ്ക്കൽ സമരത്തിലെ ഐതിഹാസിക നായിക നങ്ങേലിയുടെ കഥ സിനിമയാക്കുന്നത് വിനയനാണ്.

ആലപ്പുഴ ജില്ലയിലെ ചേർത്തല നിവാസിയായിരുന്നു നങ്ങേലി. തിരുവിതാംകൂർ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറ് മറയ്ക്കണമെങ്കിൽ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകൾ ഛേദിച്ച് നൽകിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ച് ജീവൻ വെടിഞ്ഞത്.

നങ്ങേലിയുടെ കഥ സിനിമയ്ക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത് വിനയൻ തന്നെയാണ്. ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി തന്റെ മനസിലുള്ള സ്വപ്നമാണ് 19 നൂറ്റാണ്ടിലെ മാറുമറയ്ക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമയാക്കണമെന്നുള്ളതുമെന്നും 2019 ൽ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നാണ് വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

നങ്ങേലിയും നവോത്ഥന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുമായിരിക്കും സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ എന്നാണ് വിനയൻ നൽകുന്ന സൂചന. വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക മലയാളത്തിലെ ഒരു പ്രമുഖ നടൻ ആയിരിക്കുമെന്നും വിനയൻ പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഈഴവ പോരാളിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ കല്ലശേരിൽ വേലായുധചേകവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. ആറേഴു കുതിരകൾ, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടായിരുന്നു .നാരായണഗുരുവിന്റെ അരുവിപ്പുറംശിവപ്രതിഷ്ഠക്ക് 37 വർഷം മുൻപ് ശിലപ്രതിഷ്ഠിച്ച് സാമൂഹ്യവിപ്ളവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. മൂക്കുത്തി സമരം, മാറുമറയ്ക്കൽ സമരം തുടങ്ങിയ സമരങ്ങൾക്ക് നേതൃത്വം വഹിച്ച ആളാണ് ആറാട്ടുപുഴ വേലായുധ പണിക്കർ.

Story by