അങ്കമാലി 'സിനിമ കാര്‍' നിയമം ലംഘിച്ചതിന് താരങ്ങളോട് ഗുണ്ടായിസം; ഡിജിപിയ്ക്ക് വിജയ് ബാബുവിന്റെ പരാതി

കാറിലെ സ്റ്റിക്കര്‍ നിയമവിരുദ്ധമാണെങ്കില്‍ അതിനെതിരെ കേസെടുക്കണം. കാറില്‍ സ്ത്രീയെ കണ്ടതിന് മോശമായി പെരുമാറുകയല്ല വേണ്ടതെന്നും വിജയ് ബാബു പറഞ്ഞു.

അങ്കമാലി സിനിമ കാര്‍ നിയമം ലംഘിച്ചതിന് താരങ്ങളോട് ഗുണ്ടായിസം; ഡിജിപിയ്ക്ക് വിജയ് ബാബുവിന്റെ പരാതി

സദാചാരഗുണ്ടായിസത്തിന് എതിരാണ് എന്നു പ്രഖ്യാപിച്ച സംസ്ഥാനത്ത് നടുറോഡില്‍ പൊലീസ് നടത്തിയ ഗുണ്ടായിസം പുലിവാലാകുന്നു. കാറിന്റെ ചില്ലുകള്‍ സ്റ്റിക്കറൊട്ടിച്ച് മറച്ചതിനാണ് പരിശോധന നടത്തിയത് എന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ വാദം. സിനിമയുടെ പ്രമോഷനു വേണ്ടി തയ്യാറാക്കിയ ഇന്നോവ കാര്‍ ഭാഗികമായി സ്റ്റിക്കറൊട്ടിച്ച് മറച്ചു എന്നത് വാസ്തവമാണ്. 'നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. പകരം കലാകാരന്മാരെ നടുറോഡില്‍ അപമാനിക്കുകയല്ല വേണ്ടത്. കാറില്‍ സ്ത്രീയെ കണ്ടതിന് മോശമായി പെരുമാറിയത് അംഗീകരിക്കാനാവില്ല. ഡിജിപിയ്ക്ക് ഇക്കാരണങ്ങള്‍ കാണിച്ച് പരാതി നല്‍കി'- ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നാരദയോട് പറഞ്ഞു.

നിയമലംഘനത്തിന് എതിരെ ഡിവൈഎസ്പി എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന വിശദീകരണം എറണാകുളം റൂറല്‍ എസ്പി എ.വി ജോര്‍ജ്ജും ചോദിച്ചു. സ്റ്റിക്കറൊട്ടിച്ചതിന് വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ഡിവൈഎസ്പി ചെയ്തത് അതല്ലെന്ന് കലാകാരന്മാര്‍ ഇന്നലെ നാരദയിലൂടെ വ്യക്തമാക്കിയിരുന്നു.

കാറിലെ യാത്രക്കാരിയായി സിനിമയിലെ അഭിനേതാവായ പെണ്‍കുട്ടിയെ കണ്ടതോടെ ഓഫീസര്‍ സദാചാര ഗുണ്ടായിസം നടത്തുകയും റോഡില്‍ ഇറക്കി നിര്‍ത്തി അപമാനിക്കുകയും ചെയ്തു എന്നാണ് കലാകാരന്മാരുടെ ആരോപണം. എന്നാല്‍, താനവരെ അപമാനിച്ചിട്ടില്ലെന്നതില്‍ ഡിവൈഎസ്പി ഉറച്ചു നില്‍ക്കുന്നു.സംഭവം നടക്കുന്നതിന് തൊട്ടടുത്തെ തിയറ്ററില്‍ അങ്കമാലി ഡയറീസ് സിനിമയാണ്. സിനിമയിലെ പോസ്റ്ററിലുള്ളവരാണ് മുന്നിലുള്ളത്. പ്രത്യേകിച്ച് തെളിവുകളോ തിരിച്ചറിയല്‍ രേഖകളോ ആവശ്യമില്ല. ഓഫീസര്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി, എന്നിട്ടും സിനിമയില്‍ യുക്ലാമ്പ് രാജനായി അഭിനയിച്ച ടിറ്റോയോട്, നിന്റെ പേര് പള്‍സര്‍ ടിറ്റോ എന്നാക്കണോ എന്നു ചോദിച്ചതായി ടിറ്റോ നാരദയോട് ഇന്നലെ പറഞ്ഞു.

'എന്താടി പരിപാടി' എന്ന നിലയില്‍ നടിയോടും ചോദ്യങ്ങള്‍ ചോദിച്ചു. നട്ടുച്ചയ്ക്കാണ് സംഭവം.വാഹനത്തില്‍ സ്റ്റിക്കർ പതിച്ചതിനെതിരെ എസ്പിയുടെ വിശദീകരണ നോട്ടീസ് ലഭിച്ചതിനു ശേഷം കേസെടുത്തു. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളെല്ലാം പരിശോധിക്കാനും നിര്‍ദ്ദേശമുണ്ടെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന്‍ പറഞ്ഞു.