പുതുവൈപ്പ് സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ നല്‍കിയ പരാതിയില്‍ തെളിവെടുപ്പ്

പൊലീസിന്റെ ഈ അക്രമത്തിനെതിരെ പുതുവൈപ്പിനിലെ അമ്മമാരും കുട്ടികളുമാണ് നിയമസഭാ തലത്തില്‍ പരാതി നല്‍കിയത്. നവംബര്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എത്തിയ തെളിവെടുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം സ്ത്രീകളോട് അന്നത്തെ സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.

പുതുവൈപ്പ് സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ നല്‍കിയ പരാതിയില്‍ തെളിവെടുപ്പ്

പുതുവൈപ്പിനിലെ അമ്മമാരും കുട്ടികളും നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്താന്‍ ഐജി ഓഫീസില്‍ നിന്നും മൂന്നംഗസംഘം എത്തി. പുതുവൈപ്പിനില്‍ ഉഗ്രസ്‌ഫോടന ശേഷിയുളള വാതക പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടന്ന സമരത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഈ അക്രമത്തിനെതിരെ പുതുവൈപ്പിനിലെ അമ്മമാരും കുട്ടികളുമാണ് നിയമസഭാ തലത്തില്‍ പരാതി നല്‍കിയത്.

നവംബര്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എത്തിയ തെളിവെടുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം സ്ത്രീകളോട് അന്നത്തെ സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമാധാനപരമായി നടന്നു കൊണ്ടിരുന്ന സമരത്തിന് നേരെ പൊലീസ് നരനായാട്ട് നടത്തുകയും അക്രമത്തില്‍ അമ്മമാരും കുഞ്ഞുങ്ങളുമടക്കം നൂറിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുവൈപ്പിനിലെ അമ്മമാരും കുഞ്ഞുങ്ങളും നല്‍കുന്ന പരാതി എന്ന നിലയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്. ഐജി ഓഫീസില്‍ നിന്ന് രണ്ടുപൊലീസുകാരടക്കം മൂന്നു പേരാണ് തെളിവെടുപ്പിനായി എത്തിയത്.


2009 മുതല്‍ വൈപ്പിനില്‍ എല്‍പിജി വാതക പ്ലാന്റിനെതിരെയുളള സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുളള ജനകീയ സമരം ശക്തമായത് ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ്. സമരപ്പന്തല്‍ കെട്ടി സമരം നടത്തിയിരുന്നവരെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാതകപ്ലാന്റിന് മുന്നില്‍ വച്ച് മര്‍ദ്ദനത്തിനിരയാക്കിയിരുന്നു. തെളിവെടുപ്പ് സംഘത്തിന് മുന്നില്‍ ഇക്കാര്യങ്ങളെല്ലാം തന്നെ വളരെ വ്യക്തമായിത്തന്നെ സ്ത്രീകള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. പരാതിയില്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി നിയമസഭാ തലത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ഷീലാ സെബാസ്റ്റ്യന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ''ഇനിയൊരു പൊലീസുകാരനും സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഇത്തരത്തിലൊരു അക്രമത്തിന് മുതിരരുത്'' ഷീല പറഞ്ഞു.

ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തെളിവെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍ ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥരായതിനാല്‍ ഐജി റാങ്കിലുള്ളവര്‍ക്കാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ജനകീയ സമരത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ നാരദയോട് പറഞ്ഞു.

Story by
Read More >>