ഗ്ലാസ് പൊട്ടിക്കാൻ സ്വന്തം ശബ്ദം; യുവാവിന്റെ വീഡിയോ വൈറൽ

14 ദിവസത്തെ പരിശീലനത്തിനൊടുവിലാണ് സ്വന്തം ശബ്‌ദം ഉപയോഗിച്ച് ക്രിസ്റ്റൽ വൈൻ ഗ്ലാസ് പൊട്ടിച്ചത്. ദിവസം 4 മണിക്കൂർ 29 മിനിറ്റാണ്‌ പരിശീലനത്തിനായി മൈക്ക് ചെലവഴിച്ചത്.

ഗ്ലാസ് പൊട്ടിക്കാൻ സ്വന്തം ശബ്ദം; യുവാവിന്റെ വീഡിയോ വൈറൽ

സ്വന്തം ശബ്‌ദം ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കുന്ന രംഗങ്ങൾ ചില സിനിമകളിലോ ടെലിവിഷൻ പരിപാടികളിലോ കണ്ടിട്ടുണ്ടാവും. എന്നാൽ അത്തരം രംഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് സ്കോട്ട്ലന്റുകാരനായ മൈക്ക് ബോയ്‌ഡ്‌. യു ട്യൂബിലെ മൈക്കിന്റെ ലേൺ ക്വിക്ക് സീരിസിലാണ് സ്വന്തം ശബ്‌ദം ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്‌തിരിക്കുന്നത്‌.

14 ദിവസത്തെ പരിശീലനത്തിനൊടുവിലാണ് മെെക്ക് സ്വന്തം ശബ്‌ദം ഉപയോഗിച്ച് ക്രിസ്റ്റൽ വൈൻ ഗ്ലാസ് പൊട്ടിച്ചത്. ദിവസം നാലു മണിക്കൂർ 29 മിനിറ്റാണ്‌ പരിശീലനത്തിനായി മൈക്ക് ചെലവഴിച്ചത്. വൈദ്യുതി പോലെ ശബ്‌ദവും ഊർജമാണ്. ഒരു തരംഗമായി വിവിധ വസ്തുക്കളിലൂടെ കടന്നുപോകാൻ ശബ്ദത്തിനു കഴിയും. ശബ്ദ തരംഗം ഒരു പ്രത്യേക വസ്തുവുമായി സമ്പർക്കത്തിൽ വരികയാണെങ്കിൽ ആ വസ്തുവിൽ നിലനിന്നിരുന്ന കണങ്ങളെ അത് ഉത്തേജിപ്പിക്കുന്നു. ശേഷം കണങ്ങൾ പരസ്‍പരം കമ്പനം ചെയ്യുകയും ചെയ്യും. ഇതാണ് ശാസ്‌ത്രീയമായി ശബ്‌ദത്തിന്റെ പ്രത്യേകത.

ശബ്ദത്തിലൂടെ വൈൻ ഗ്ലാസ് പൊട്ടിക്കാൻ കഴിയുന്നത്തിന്റെ കാരണം അതിന്റെ ട്യൂബുലാർ ആകൃതിയാണ്. അതുകൊണ്ടാണ് ഗ്ലാസ് കിലുക്കുമ്പോൾ വ്യത്യസ്‌തമായ ശബ്‌ദം കേൾക്കുന്നത്. വെള്ളമോ വൈനോ ഉള്ള ഗ്ലാസിനെക്കാൾ കൂടുതൽ എളുപ്പത്തിൽ ശൂന്യമായ ഗ്ലാസുകൾ പൊട്ടിക്കാൻ കഴിയും. ഒരു പ്രത്യേക രീതിയിൽ ഗ്ലാസ്സിനു നേരെ ശബ്‌ദമുയർത്തുമ്പോഴാണ് ഗ്ലാസ് പൊട്ടിത്തെറിക്കുന്നത്.

Read More >>