വരലക്ഷ്മി ശരത് കുമാര്‍ ആകാശമിഠായിയില്‍ ജയറാമിന്റെ നായിക

സമുദ്രക്കനി തമിഴിലൊരുക്കിയ അപ്പയുടെ മലയാളം പതിപ്പില്‍ ജയറാമിന് നായിക വരലക്ഷ്മി. ആശാ ശരത്തിനെ ഈ റോളിന് പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

വരലക്ഷ്മി ശരത് കുമാര്‍ ആകാശമിഠായിയില്‍ ജയറാമിന്റെ നായിക

കസബയിലെ വേശ്യാലയം നടത്തിപ്പുകാരി കമലയക്ക് ശേഷം വരലക്ഷ്മി ശരത്കുമാര്‍ മലയാളത്തിലെത്തുന്നു. നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന ആകാശമിഠായി എന്ന ചിത്രത്തിലാണ് വരലക്ഷ്മി വീണ്ടുമെത്തുന്നത്. സമുദ്രക്കനി തന്നെ തമിഴിലൊരുക്കിയ അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശമിഠായി.

ജയാറാം സാറിന്റെ ഭാര്യയായിട്ടാണ് താന്‍ ആകാശമിഠായില്‍ അഭിനയിക്കുന്നതെന്നും അദ്ദേഹത്തിനൊടൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. ജയറാമിന്റെ വലിയ ആരാധിക ആയ തനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്യാന്‍ പറ്റുന്നതില്‍ വലിയ സന്തോഷമുണ്ട്. സമുദ്രക്കനി സാര്‍ കുറച്ചുനാള്‍ മുമ്പാണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. സാറിന്റെ സംവിധാനത്തില്‍ ആയതുകൊണ്ട് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ ഓകെ പറഞ്ഞു. മലയാളികള്‍ക്കിഷ്ടപ്പെടുന്ന നല്ല ഒരു കുടുംബ ചിത്രമായിരിക്കും ആകാശമിഠായി എന്നു വരലക്ഷ്മി പറഞ്ഞു.

അപ്പാ എന്ന ചിത്രത്തെ മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സമുദ്രക്കനി മാറ്റിയിട്ടുണ്ട്. നേരത്തെ ഈ കഥാപാത്രം ആശാ ശരത് ചെയ്യുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. കലാഭവന്‍ ഷാജോണും ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു. അന്തരിച്ച ദീപന്‍ അവസാനമായി സംവിധാനം 'സത്യ' യാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.