'മൂന്നു മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം'; ഒടിയനു ശേഷം വി.എ ശ്രീകുമാർ മേനോന്‍ വീണ്ടും മോഹന്‍ലാലിന്റെ സംവിധായകന്‍!

ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലുമൊന്നിച്ചുള്ള ചിത്രീകരണ അനുഭവം ശ്രീകുമാർ മേനോന്‍ പങ്കുവച്ചു

മൂന്നു മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം; ഒടിയനു ശേഷം വി.എ ശ്രീകുമാർ മേനോന്‍ വീണ്ടും മോഹന്‍ലാലിന്റെ സംവിധായകന്‍!

'വൈകിട്ടെന്താ പരിപാടി' എന്നു ചോദിപ്പിച്ച... 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്' എന്നു പാടിച്ച പരസ്യചിത്ര സംവിധായകന്‍ വി.എ ശ്രീകുമാർ മേനോനും നടന്‍ മോഹന്‍ലാലും വീണ്ടും ഒന്നിച്ചു. ഒടിയന്‍ സിനിമയ്ക്കു ശേഷം ഇരുവരും ഒന്നിച്ച പരസ്യ ചിത്ര ഷൂട്ടിങ് എറണാകുളത്ത് ഇന്നലെ നടന്നു. ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ റീട്ടെയില്‍ ബ്രാന്‍ഡായ മൈജിയുടെ പരസ്യചിത്രീകരണമാണ് നടന്നത്. സിനിമയുടെ തിരക്കുകള്‍ക്കു ശേഷം ശ്രീകുമാര്‍ വീണ്ടും പരസ്യസംവിധാനത്തില്‍ സജീവമാണ്. സ്വന്തം പരസ്യനിര്‍മ്മാണ കമ്പനിയായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യുണിക്കേഷൻസ്ആണ് മോഹന്‍ലാല്‍ നായകനായ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നത്. മൈജിയുടെ പരസ്യ സീരീസില്‍ ആദ്യത്തെ ചിത്രം ചിത്രീകരിക്കാന്‍ മൂന്നു മണിക്കൂറാണ് മോഹന്‍ലാല്‍ ചെലവഴിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലുമൊന്നിച്ചുള്ള ചിത്രീകരണ അനുഭവം ശ്രീകുമാർ മേനോന്‍ പങ്കുവെച്ചു. മോഹന്‍ലാലിന്റെ കരിയറിലെ വണ്ടര്‍ ബജറ്റ് സിനിമ, രണ്ടാമൂഴത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഹോളിവുഡിലെയും ഇന്ത്യയിലെയും പ്രശസ്തരായ താരങ്ങളാണ് രണ്ടാമൂഴത്തില്‍ അണിനിരക്കുന്നത്. രണ്ടാമൂഴത്തിന് മുന്‍പ് മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഒടിയനാകാന്‍ മാസങ്ങളെടുത്ത് ശാരീരികമായ മാറ്റങ്ങള്‍ക്ക് മോഹന്‍ലാല്‍ വിധേയനായിരുന്നു. ആ മാറ്റങ്ങളിലൂടെ മോഹന്‍ലാലിന് യൗവ്വനം തിരിച്ചു കിട്ടിയ ആഹ്ലാദത്തിലാണ് ലാല്‍ ആരാധകര്‍. ലൂസിഫര്‍, കുഞ്ഞാലി മരയ്ക്കാര്‍, ഇട്ടിമാണി, ബിഗ്ബ്രദര്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്റെ പുതിയ ശരീരഭാഷയില്‍ ത്രസിക്കുകയാണ് ആരാധകര്‍. ഒടിയനു വേണ്ടി ശ്രീകുമാര മേനോന്‍ മലയാള സിനിമയ്ക്കായി തുറന്ന ലോക സിനിമ മാര്‍ക്കറ്റിലാണ് ലൂസിഫര്‍ 200 കോടിയും മധുരരാജ 100 കോടിയും കളക്ട് ചെയ്തത്. ഒടിയന്‍ 100 കോടി കളക്ട് ചെയ്താണ് ഈ ലോക വിപണി മലയാള സിനിമയ്ക്കായി തുറന്നത്.

അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഐശ്വര്യറായ് തുടങ്ങിയവരെ പരസ്യചിത്രങ്ങളിലൂടെ മലയാളിയുടെ സ്‌ക്രീനില്‍ എത്തിച്ച ശ്രീകുമാർ മേനോന്‍ കല്യാണ്‍ ജുവലറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയാണ് മഞ്ജു വാര്യരുടെ മടങ്ങി വരവ് സാധ്യമാക്കിയത്. മഞ്ജുവിനെ അഭിനയത്തിലേയ്ക്ക് മടക്കി കൊണ്ടു വന്ന കല്യാണിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനായിരുന്നു നായകന്‍. ഇന്ത്യന്‍ സിനിമാ- പരസ്യ ചരിത്രത്തിലെ വലിയ വാര്‍ത്തയായി ആ മടങ്ങി വരവ് മാറി. മഞ്ജുവിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത് അവിടെ നിന്നാണ്. പിന്നീട്, മഞ്ജു മോഹന്‍ലാലിന്റെ നായികയായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ലൂസിഫറിലടക്കം. കല്യാണ്‍ ജുവലറിക്കായി ശ്രീകുമാര മേനോന്‍ ഒരുക്കിയ മള്‍ട്ടി സൂപ്പര്‍ സ്റ്റാര്‍ പരസ്യവും പരസ്യ ലോകത്ത് ഏറെ ചലനമുണ്ടാക്കി. 'വിശ്വാസം അതല്ലേ എല്ലാം'- എന്ന ടാഗ് ലൈനില്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ പരസ്യ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 800ലധികം പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീകുമാർ മേനോന്‍ പരസ്യ ചിത്രങ്ങളിലും സിനിമയിലും ഒരേപോലെ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.

Read More >>