ഇനി മാണി സാറില്ല, വെറും മാണി: 'സാര്‍ പദവി' എടുത്തുകളഞ്ഞ് യുഡിഎഫ് നേതാക്കള്‍

കെ.എം മാണിയെ ആദ്യം മാണി സാര്‍ എന്ന് വിളിച്ചത് മാണി സ്വയമാണ്. പിന്നീട് ആ വിളി യുഡിഎഫുകാര്‍ ഏറ്റെടുത്തു. അധികാര മോഹിയായി സിപിഎം ബിജെപി പാളയങ്ങളിലേയ്ക്ക് കണ്ണെറിഞ്ഞ കരുനീക്കുന്ന മാണിയുടെ സാര്‍ പദവി എടുത്തു കളയുകയാണ് യുഡിഎഫ് നേതാക്കള്‍

ഇനി മാണി സാറില്ല, വെറും മാണി: സാര്‍ പദവി എടുത്തുകളഞ്ഞ് യുഡിഎഫ് നേതാക്കള്‍

ഒരാള്‍ ഒരാവശ്യവുമായി കെ.എം മാണിയെ കാണാനെത്തിയാല്‍, ആവശ്യം പറയും മുന്നേ കെ.എം മാണി തിരിച്ചു ചോദിക്കും- മാണിസാറെന്താണ് മോന് ചെയ്ത് തരേണ്ടത്. അങ്കിള്‍ എന്നു സംബോധന ചെയ്യാമെന്നു കരുതിയ ആളതോടെ പെട്ടില്ലേ. പിന്നെ സാറേ എന്നു വിളിക്കാതെ തരമില്ല. ഇങ്ങനെ കെ.എം മാണി അങ്ങോട്ട് വിളിപ്പിച്ച് നേടിയെടുത്ത 'സാര്‍ പദവി' ഇല്ലാതാക്കുകയാണ് യുഡിഎഫ്.മുന്നണി വിട്ടു പോയിട്ടും കെ.എം മാണിയെ പരാമര്‍ശിക്കുമ്പോള്‍ സാര്‍ വിളി നിലനിര്‍ത്തിയ നേതാക്കളാണ് കൂട്ടത്തോടെ വിളി മാറ്റി വെറും മാണിയാക്കിയത്.

പ്രധാന നേതാക്കളെല്ലാം വിളി മാണി എന്നാക്കി.

കെ.എം മാണിയുടേയും ബിജെപിയിലൂടെ കേന്ദ്രമന്ത്രിസ്ഥാനം മോഹിക്കുന്ന മകന്‍ മാണിയേയും ഇനി ഒരു കാലത്തും മുന്നണിയിലെടുക്കില്ലെന്ന കടുത്ത തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ കേരള കോണ്‍ഗ്രസ് ഉദയം ചെയ്യുമെന്ന സൂചനകളുമുണ്ട്. ജോസഫ് ഗ്രൂപ്പിന്റെ ശക്തിപ്രകടനമാകും ഇനി കാണാനാവുക.കോട്ടയം- ഇടുക്കി- പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.

മാണിയെ മടക്കി കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയ ഉമ്മന്‍ ചാണ്ടി തോറ്റു പിന്‍മാറിക്കഴിഞ്ഞു. മാണിക്കെതിരെ നീതികേട് ചാണ്ടി കാണിച്ചുവെന്ന പ്രതികാരം മാണിയുടെ വാക്കുകളില്‍ അവശേഷിക്കുകയാണ്. ചാണ്ടി സര്‍ക്കാരിനെ വലിച്ചു താഴത്തിട്ട് മുഖ്യമന്ത്രിയാകാന്‍ ഇടതുമുന്നണിയുടെ സഹായം മാണി തേടുമെന്നതിനാലാണ് ബാര്‍കോഴക്കേസു പോലും ഉണ്ടായതെന്ന് മാണിയുടെ അനുചരന്മാര്‍ വിശ്വസിക്കുന്നു.

മകന്‍ മാണിയെ മന്ത്രിയാക്കാനും കേസുകളില്‍ നിന്നൂരാനും ആരുമായും കൂട്ടുകൂടാന്‍ തയ്യാറായ കെ.എം മാണിയുമായുള്ള സഖ്യം യുഡിഎഫിനോ കോണ്‍ഗ്രസിനോ ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വ്യക്തിപരമായും സംഘടനാപരമായും പല്ലുകൊഴിഞ്ഞ മാണിയെ സുഖിപ്പിച്ച് കൂടെ നിര്‍ത്താതെ ശത്രുവായി കണ്ട് ആക്രമിക്കുന്നതിന്റെ വാക് പ്രയോഗമാണ് 'സാറേ' വിളി അവസാനിപ്പിച്ച് നല്‍കുന്ന സൂചന.

ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയും ഒത്തുതീര്‍പ്പും അവഗണിച്ചാണ് കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണച്ച് മാണി നടത്തിയ വഞ്ചനയെന്ന് കെ.സി ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. സത്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കാണ് പാളിയത്. കോട്ടയത്തു നടന്ന സിപിഎം ബാന്ധവം മാണിയും മകനും മാത്രം അറിഞ്ഞു നടത്തിയ കച്ചവടമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്.

യുഡിഎഫ് മാണിയുടെ സാര്‍ പദവി എടുത്തു കളഞ്ഞ ഈ സമയത്ത്, മാണിയെ, മാണി സാര്‍ എന്നു സംബോധന ചെയ്യുന്നത് ആരാണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. മാണിയെ പറ്റി സംസാരിക്കുമ്പോള്‍ മിതമായും മൃദുവായും സംസാരിക്കുന്ന സിപിഎം നേതാക്കള്‍ വൈകാതെ മാണിസാര്‍ എന്നു വിളിച്ച് സാര്‍ പദവി തിരിച്ചു കൊടുക്കുമോ എന്നാണ് കാണേണ്ടത്.രാഷ്ട്രീയ നേതാക്കളെ സാറേ എന്ന് ജനത്തെ കൊണ്ട് വിളിപ്പിച്ചത് കെ.എം മാണിയാണ്.

കമ്യൂണിസ്റ്റ് മന്ത്രിമാരേയും എംഎല്‍എമാരേയും എല്ലാവരും സഖാവേ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു പോലും സാറേ എന്ന വിളിയാണ് ഇപ്പോള്‍ പെരുത്തിഷ്ടം. മാണിയുടെ സാറേ വിളി ഇല്ലാതാകുമ്പോഴും വേറെ സാറന്മാര്‍ പലരും മന്ത്രിസഭ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍വരെയുണ്ട്.ചാനല്‍ ചര്‍ച്ചകളിലും യോഗങ്ങളിലും പ്രസ്താവനകളിലും മാണി സാര്‍വിളികള്‍ ഒഴിയുമ്പോള്‍, ഇല്ലാതാകുന്നത് മാണിയായി വിളിപ്പിച്ച് ശീലിപ്പിച്ച ഒരു പദവിയാണ്.

അധികാരം ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും സാറായി തുടരാനുള്ള മാണി തന്ത്രമായിരുന്നു ആ വിളി.കെ.എം മാണിയെ മാധ്യമപ്രവര്‍ത്തകരും മാണി സാര്‍ എന്നാണ് വിളിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ കൊണ്ടും ഈ വിളി ശീലിപ്പിച്ചതാണ്. വലിയ തമാശ ഇതൊന്നുമല്ല, കെ.എം മാണി സ്വയം ഇപ്പോഴും സംബോധന ചെയ്യുന്നത് മാണി സാര്‍ എന്നു തന്നെ

Story by