സിനിമയ്‌ക്കൊരു സത്യമുണ്ട്; പച്ചമനുഷ്യനായി പ്രതികരിച്ചു പോയതാണ്: ടൊവീനോ

വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല- വിവാദം അവസാനിപ്പിച്ച് ടൊവീനോ

സിനിമയ്‌ക്കൊരു സത്യമുണ്ട്; പച്ചമനുഷ്യനായി പ്രതികരിച്ചു പോയതാണ്: ടൊവീനോ

സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി നേരിടുന്ന ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ടൊവിനോ തോമസ് രംഗത്ത്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയ തന്നെ ആരാധകന്‍ തല്ലിയെന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും തൊടുക മാത്രമാണ് ചെയ്തതെന്നും ദൃക്‌സാക്ഷികളുടെ ആരോപണം. തുടര്‍ന്ന് ടൊവിനോക്കെതിരെ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ഫെയ്‌സ്ബുക്കിലൂടെ ഖേദപ്രകടനം നടത്തി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

'നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രമോഷനു വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു.

വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ.'' ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.