പരേതയായ ഭാര്യയോടുള്ള പ്രേമം; താജ്മഹലിന്റെ കല്ലെടുത്ത് പൊലീസ് ഓഫീസര്‍ അമ്പലം പണിതു

അമ്പലം ഉണ്ടാക്കാനുള്ള വെണ്ണക്കല്ല് എവിടന്നാണ് കൊണ്ടുവന്നതെന്നോ? ഷാജഹാൻ ചക്രവർത്തി മുംതാസിനായി വെണ്ണക്കല്ല് കൊണ്ടുവന്ന അതേ ഇടത്തിൽ നിന്നും...

പരേതയായ ഭാര്യയോടുള്ള പ്രേമം; താജ്മഹലിന്റെ കല്ലെടുത്ത് പൊലീസ് ഓഫീസര്‍ അമ്പലം പണിതു

ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയായ മുംതാസിന്റെ സ്മരണയ്ക്കായി വെണ്ണക്കല്ല് കൊണ്ട് സ്മാരകം പണിതപ്പോൾ അത് ലോകാത്ഭുങ്ങളിലൊന്നായി. നുറ്റാണ്ടുകൾക്കിപ്പുറം ഒരു ഡിഎസ്പി അതേ പോലെ തന്റെ പ്രിയപത്നിയുടെ ഓർമ്മയ്ക്കായി ഒരു അമ്പലം പണിതു. അതും വെണ്ണക്കല്ല് കൊണ്ട് തന്നെ.

തിരുപ്പതി ഡി എസ് പി ആയ മുനി രാമയ്യ ആണ് തന്റെ പത്നിയുടെ വിയോഗത്തിന്റെ ദുഃഖം സഹിക്കാൻ വയ്യാതെ വെണ്ണക്കല്ലിൽ അമ്പലം പണിതത്. 2015 ലാണ് അദ്ദേഹത്തിന്റെ പത്നി ശ്രീവാണി അന്തരിച്ചത്. പെട്ടെന്നുണ്ടായ ആ മരണം രാമയ്യയ്ക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. ദുഃഖം സഹിക്കാൻ പറ്റാതായപ്പോൾ അമ്പലം പണിയാൻ തീരുമാനിക്കുകയായിരുന്നു.

"ഞാൻ ജോലിയ്ക്കായി പുറത്തേയ്ക്ക് പോയാൽ ഓരോ നിമിഷവും അവൾ എന്നെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കും. ഊണ് കഴിക്കാൻ സമയമായാൽ ഫോണിൽ വിളിച്ച് എന്താണ് കഴിച്ചത്, എവിടെയാണ് കഴിച്ചത് എന്ന് ചോദിക്കും. രാത്രി എത്ര വൈകിയാലും എനിക്കായി കാത്തിരിക്കും. ഇരുവരും ഒരുമിച്ചേ കഴിക്കുകയുള്ളൂ," രാമയ്യ തന്റെ പ്രിയതമയെപ്പറ്റി ഓർക്കുന്നു.


(ശ്രീവാണി)

ഇതുവരെ തനിക്ക് അഞ്ഞൂറിലധികം പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് രാമയ്യ പറയുന്നു. അതെല്ലാം ശ്രീവാണി കാരണമാണെന്നും അദ്ദേഹം വേദനയോടെ ഓർമ്മിച്ചു. വാണിയ്ക്ക് ചെമ്പരത്തീപ്പൂ ഇഷ്ടമായിരുന്നെന്നും അദ്ദേഹം സ്മരിക്കുന്നു.

ഭാര്യയെ മറക്കാനാകാതെ അദ്ദേഹം, വീട്ടിൽത്തന്നെ അവർക്കു ഒരു ശില ഉണ്ടാക്കി. അതിരാവിലെ എഴുന്നേറ്റ് ശിലയെ അലങ്കരിച്ച് പൂജ ചെയ്തിട്ടേ ജോലിയ്ക്ക് പോകാറുള്ളൂ.

അമ്പലം ഉണ്ടാക്കാനുള്ള വെണ്ണക്കല്ല് എവിടന്നാണ് കൊണ്ടുവന്നതെന്നോ? ഷാജഹാൻ ചക്രവർത്തി മുംതാസിനായി വെണ്ണക്കല്ല് കൊണ്ടുവന്ന അതേ ഇടത്തിൽ നിന്നും തന്നെയാണ് രാമയ്യയും ഭാര്യയ്ക്ക് അമ്പലം കെട്ടാൻ വെണ്ണക്കല്ല് വരുത്തിയത്.

"രാജസ്ഥാനിലെ മക്രാന എന്ന സ്ഥലത്ത് നിന്നാണ് താജ്മഹൽ പണിയാനുള്ള കല്ലുകൾ എടുത്തിട്ടുള്ളത്. അവിടെ നിന്നാണ് എന്റെ ഭാര്യയ്ക്ക് അമ്പലം കെട്ടാനുള്ള കല്ല് കൊണ്ടുവന്നത്. 10 ദിവസം അവധിയെടുത്ത് കല്ല് വാങ്ങി വന്നു. എപ്പോഴും അവരെ കാണാനും മനസ്സമാധാനത്തിനായും അമ്പലം പണിതു," ഡി എസ് പി മുനി രാമയ്യ കണ്ണീരോടെ പറഞ്ഞു.

Story by