ബോബ് മാര്‍ലി, ഇങ്ങടെ ഫാന്‍ ഇവിടുണ്ട്..തോതുവിന്‍റെ വിരലെപ്പോഴും ഗിറ്റാറില്‍ മീട്ടി പാട്ടോട് പാട്ടാട്ടോ

ഓഡേസ സത്യന്‍റെ പേരക്കിടാവാണ് എന്നൊന്നും തോതു മോനെ കുറിച്ച് അധികമാർക്കും അറിയില്ല. തോതു സോഷ്യല്‍ മീഡിയയില്‍ താരമായത് അമ്മ സോയയിടുന്ന ലൈവ് വീഡിയോകളിലൂടെ. ബോബ് മാര്‍ലിയും ഊരാളി ബാന്‍ഡുമെല്ലാം കുഞ്ഞു ഗിറ്റാര്‍ മീട്ടി പാടി പറയുകയാണ് തോതു. സംസാരിക്കുന്നതിലും കൂടുതല്‍ പാടുന്നവന്‍

ബോബ് മാര്‍ലി, ഇങ്ങടെ ഫാന്‍ ഇവിടുണ്ട്..തോതുവിന്‍റെ വിരലെപ്പോഴും ഗിറ്റാറില്‍ മീട്ടി പാട്ടോട് പാട്ടാട്ടോ

"ഒന്നാനാൾ അമ്മേനെ കാനാൻ കൊതിയായി രണ്ടാന്നാൽ അമ്മപറഞ്ഞ കത പറഞ്ഞ് കരഞ്ഞു ഞാൻ"

ഗിത്താറും പിടിച്ച് പാടി തകർക്കുന്ന ഈ കൊച്ചു മിടുക്കൻ ആരാണെന്നോ?


ഇത് തോതുമോൻ എന്ന സത്യജിത്ത്, കോഴിക്കോട്ടുകാരൻ, വയസ്സ് മൂന്ന്, സംസാരിച്ചുറയ്ക്കും മുൻപേ പാട്ട് പാടി തുടങ്ങിയവൻ. പാട്ടിനെ സ്നേഹിച്ചവർ. സാധാരണ കുഞ്ഞുങ്ങൾ പാടുന്ന നഴ്സറി പാട്ടുകളൊന്നുമല്ല. ബോബ് മാർലിയും ഊരാളിയുമൊക്കെയാണ് തോതുവിന്റെ ലിസ്റ്റിലുള്ളത്. അമ്മമ്മ ജെന്നിയാണ് തോതുവിന് ഇക്കാര്യത്തിൽ കൂട്ട്. അമ്മ സോയ ക്ലാസിൽ പോകുമ്പോൾ ഇവർ രണ്ടുമാകുമാവും വീട്ടിൽ. പിന്നെ പാട്ടുതന്നെയാണ് പണി. അമ്മമ്മ പാടുന്നതൊക്കെ അവനങ്ങ് കേട്ട് പഠിക്കും. എന്നിട്ട് അമ്മമ്മയേക്കാൾ തകർപ്പനായി പാടും. പാട്ട് മാത്രമല്ല തോതുവിന് വഴങ്ങുന്നത്. ഗിറ്റാറും ഡ്രമ്മുമെല്ലാം അവനാകും വിധം വായിക്കുന്നുണ്ടവൻ. ശ്വാസമൊന്നും പിടിച്ചുവെക്കാനായിട്ടില്ലെങ്കിലും ഫ്ലൂട്ട് വായിക്കാനും അവൻ ശ്രമിക്കുന്നുണ്ട്. അമ്മയെ പോലെ ചിത്രം വരക്കാനും ഇഷ്ടമാണ് തോതുവിന്.
ഈ കഴിവൊക്കെ കൊണ്ട് വീട്ടിൽ അടങ്ങിയിരിക്കുന്നവനാണ് ഇവനെന്ന് കരുതിയോ? അല്ല. കേരളത്തിലെ ഒട്ടുമിക്ക മനുഷ്യാവകാശ സമരങ്ങളിലും ഈ മിടുക്കനെ കാണാം.പാട്ടും കഥയുമൊക്കെയായി സമരത്തെ ഉഷാറാക്കാൻ. തോതുവിന് സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫാന്‍സുണ്ട്. തോതു പാടുന്ന പാട്ടുകളെല്ലാം സോയ ഫേസ്ബുക്കില്‍ ലൈവിടും. ഏറെപ്പേര്‍ കാണുന്നു എന്നറിയാതെ തോതു ഗിറ്റാര്‍ മീട്ടി പാട്ടോട് പാട്ടാണ്. "അവന്‍ സംസാരിക്കാന്‍ ഇനിയും തുടങ്ങിയിട്ടില്ല. കൃത്യമായി വാക്കൊന്നും പറച്ചിലില്‍ കിട്ടില്ല. പക്ഷെ പാട്ടില്‍ അങ്ങനല്ല. വരി തെറ്റാതെ പാടും"- സോയ പറയുന്നു.തിരഞ്ഞെടുപ്പ് എന്ന ഷോർട്ട് ഫിലിമിൽ തോതു അഭിനയിച്ചത് അവന് ഒന്നര വയസ്സുള്ളപ്പോഴാണ്. ഇപ്പോൾ വേറെ രണ്ട് ഷോർട്ട് ഫിലിമിൽ കൂടെ അഭിനയിച്ചിട്ടുണ്ട്. വൈകാതെ പുറത്തിറങ്ങും. തോതുവിനെ കഥാപാത്രമാക്കി ഒരു ഫോട്ടോ സ്റ്റോറിയുടെ പ്ലാനിങ്ങും നടക്കുന്നുണ്ട്. ജോണ്‍ എബ്രാഹാമിന്‍റെ സുഹൃത്തും പിന്നീട് ഒഡേസയുടെ സംഘാടകനുമായി മാറിയ ഒഡേസ സത്യന്‍റെ പേരക്കിടാവാണ് തോതു. പേരിലെ സത്യ അവിടെ നിന്നാണ് വന്നത്. സത്യേട്ടന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന പേര്. അമ്മ സോയ തൃശൂര്‍ ഫൈനാര്‍ട്സ് കോളേജില്‍ ചിത്രകലാ വിദ്യാര്‍ത്ഥിനിയാണ്. പാട്ടുകാരനായ അജിത്ത് ആണ് അച്ഛൻ.


Read More >>