സിനിമയിലെ സ്ത്രീകളെ കോഴികളാക്കി നടന്‍ തമ്പി ആന്റണി: നടുവിരല്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ

വളര്‍ത്തു കോഴികളോട് സിനിമയിലെ സ്ത്രീകളെ ഉപമിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി എഴുതിയ പരിഹാസം വിമര്‍ശിക്കപ്പെടുന്നു. അമ്മയില്‍ അംഗമായ നടിമാര്‍ ചേര്‍ന്ന് സ്ത്രീ സംഘടനയുണ്ടാക്കിയതാണ് തമ്പി ആന്റണിയെ ചൊടിപ്പിച്ചത്

സിനിമയിലെ സ്ത്രീകളെ കോഴികളാക്കി നടന്‍ തമ്പി ആന്റണി: നടുവിരല്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ

രാജ്യത്ത് ആദ്യമായി സിനിമയിലെ സ്ത്രീകളുടെ സംഘടന കേരളത്തില്‍ നിലവില്‍ വന്നതിനെതിരെ ആക്ഷേപകരമായ പരിഹാസവുമായി നടനും എഴുത്തുകാരനുമായ തമ്പി ആന്റണി.

'അമ്മയില്‍ നിന്നു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല'- എന്നാണ് തമ്പി ആന്റണി ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നത്.

സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച സംഘടനയെ കുറിച്ചാണ് തമ്പിയുടെ പരിഹാസം.

നടന്‍ പൃഥിരാജ് സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമ്പിയുടെ മോശം പരാമര്‍ശം.

സംഘടനയെ കുറിച്ച് ആലോചിക്കുന്ന അവസരത്തില്‍ താനും ഉണ്ടായിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പുള്ളതിനാല്‍ രൂപീകരണ സമയത്ത് ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമായി നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകന്‍ ആഷിക്ക് അബു തമ്പി ആന്റണിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് 'തമ്പിക്ക് ഇഷ്ടമായിട്ടില്ല' എന്ന പരിഹാസത്തോടെയാണ്.മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തില്‍ നിന്നു ക്രോപ്പ് ചെയ്ത ഒരു നടുവിരല്‍ ചിത്രം തമ്പിക്ക് മറുപടിയായി പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയെയോ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകളെയോ കാണാന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി സിനിമയിലെ സെലിബ്രിറ്റികളായ സ്ത്രീകള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

നടന്‍ ബാബു ആന്റണിയുടെ സഹോദരനാണ് തമ്പി ആന്റണി.

Read More >>