ആഖ്യാനന്ദപരമായ സ്‌കീസോഫ്രീനിയ; അരുന്ധതി റോയിയുടെ പരമാനന്ദത്തിന്റെ മന്ത്രാലയം വായന തുടങ്ങി

ചെറിയ കാര്യങ്ങളുടെ തമ്പുരാനു ശേഷം, 20 വര്‍ഷങ്ങള്‍ താണ്ടി അരുന്ധതി റോയിയുടെ നോവല്‍ വായനക്കാരിലെത്തി. ദി ഗാര്‍ഡിയന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, എ.വി ക്ലബ് എന്നിവയില്‍ ആദ്യവായനയുടെ അനുഭവം വന്നു കഴിഞ്ഞു. പുസ്തകം കേരളത്തിലുമെത്തിക്കഴിഞ്ഞു.

ആഖ്യാനന്ദപരമായ സ്‌കീസോഫ്രീനിയ; അരുന്ധതി റോയിയുടെ പരമാനന്ദത്തിന്റെ മന്ത്രാലയം വായന തുടങ്ങി

ബുക്കര്‍ സമ്മാനം നേടിയ 'ദ ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ്' എന്ന നോവലിന് ശേഷം അരുന്ധതി റോയ് എഴുതിയ നോവല്‍ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിന്' വായനകൾ വന്ന് തുടങ്ങി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി എഴുതുന്ന ഫിക്ഷന്‍ എന്ന പ്രത്യേകതയായിരുന്നു വായനക്കാരെ ആവേശത്തിലാഴ്ത്തിയത്. നോവലിന്‌റെ ഉള്ളടക്കത്തിനെപ്പറ്റിയുള്ള സൂചനകള്‍ പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ ആകാശം മുട്ടി.

മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വന്നു തുടങ്ങി. നോവലിലെ രാഷ്ട്രീയത്തിനെ എല്ലാവരും പുകഴ്ത്തുമ്പോള്‍ ഘടനയെക്കുറിച്ച് അസംതൃപ്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും ഉണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രതിക് കാഞ്ചിലാല്‍ എഴുതിയ നിരൂപണത്തില്‍ അരുന്ധതിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടണം എന്ന് പറയുന്നവര്‍ നോവല്‍ വായിച്ചു കഴിഞ്ഞാല്‍ അവരെ ഒരു ഹമ്മറില്‍ വിളക്കിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് പറയുന്നത്. കശ്മീര്‍ ഇന്ത്യയെ ആത്മഹത്യ ചെയ്യിക്കും എന്ന നോവലിലെ പരാമര്‍ശമാണ് പ്രതിക് അതിന് കാരണമായി പറയുന്നത്.

'നമ്മുടെ ജീവിതങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് ഭ്രമാത്മകമായ നിറക്കൂട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമഗ്രതയും ഏകത്വവും തേടുന്നതിലും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തൊട്ട് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് വരെയും, അരുന്ധതി റോയ് പറയുന്ന പോലെ 'കാവി തത്തകള്‍' കോടതികളും സിനിമാ പ്രദര്‍ശനങ്ങളും തടസ്സപ്പെടുത്തുന്ന 'ബോധവത്കരണത്തിനുള്ള തത്തകളുടെ കമ്മിറ്റി'യും ആണ്,' പ്രതിക് എഴുതുന്നു.

ഇന്ത്യ നേരിടുന്ന വിഷം നിറഞ്ഞ വൈരുദ്ധ്യങ്ങള്‍ക്കു ചുറ്റുമാണ് അരുന്ധതിയുടെ കഥ നടക്കുന്നത്. തോന്ന്യാസം കൊണ്ടുള്ള ആക്രമണങ്ങളെ നമ്മള്‍ അനുവദിക്കുകയല്ല, ആഘോഷിക്കുകയാണെന്ന പ്രശ്‌നമാണ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് കൈകാര്യം ചെയ്യുന്നത്. നോവല്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്, പക്ഷേ അതില്‍ ഉത്തരങ്ങള്‍ പറയുന്നില്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ വായന.

സമാനമായ അഭിപ്രായമാണ് ദ ഗാര്‍ഡിയനില്‍ നതാഷ വാള്‍ട്ടര്‍ പറയുന്നത്. ഒരു മൂങ്ങ ജനാലയിലൂടെ നോക്കുന്നു. മുറിയില്‍ താന്‍ തട്ടിക്കൊണ്ട് വന്ന കുഞ്ഞുമായി ഒരു സ്ത്രീ ഉറങ്ങുന്നു. മൂങ്ങയുടെ കാഴ്ചപ്പാട് ഉപേക്ഷിച്ച് ആ സ്ത്രീയുടെ മനസ്സിലെത്താന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് നോവലിന്‌റെ സ്വഭാവം എന്ന് നതാഷ എഴുതുന്നു. നോവല്‍ ആവശ്യപ്പെടുന്ന ആഴം സൃഷ്ടിക്കാന്‍ ആഖ്യാനത്തിനാകുന്നില്ല എന്ന് അവര്‍ക്ക് തോന്നിയെങ്കിലും കാലികപ്രസക്തമായ സംഭവങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നതിനാല്‍ വായനയില്‍ ഇടര്‍ച്ച തോന്നിയില്ലെന്ന് നതാഷ പറയുന്നു.

ആഖ്യാനപരമായ സ്‌കിസോഫ്രീനിയ എന്നാണ് എ വി ക്ലബ്ബിലെ നിരൂപണത്തില്‍ നന്ദിനി ബാലിലാല്‍ നോവലിനെ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒരു കഥാതന്തു ഇല്ലാതെ തന്നെ പല സംഭവങ്ങളിലൂടെ പറഞ്ഞു പോകുന്ന എഴുത്താണ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് എന്ന് നന്ദിനി അഭിപ്രായപ്പെടുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും നോവലില്‍ തെളിയുന്നുണ്ടെങ്കിലും അരുന്ധതിയുടെ ആഖ്യാനം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നെന്നും നന്ദിനി പറയുന്നു.

അരുന്ധതി റോയ് എന്തെഴുതിയാലും പറഞ്ഞാലും വിവാദങ്ങളും ചര്‍ച്ചകളും ഉടലെടുക്കുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. പുതിയ നോവല്‍ ഇനി എന്ത് കോലാഹലങ്ങളാണ് ഉണ്ടാക്കുക എന്ന് കൂടുതല്‍ വായനകള്‍ വന്നാലേ അറിയാന്‍ കഴിയൂ.