ലോട്ടറിയടിച്ചു കോടീശ്വരനായിട്ടും യാചകനായി അലയുകയാണ് പാലക്കാട്ടെ സദാനന്ദന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ച ലോട്ടറിയില്‍ 75 ലക്ഷവും 40 പവന്‍ സ്വര്‍ണവുമായിരുന്നു ഒന്നാം സമ്മാനമായി സദാനന്ദന് കിട്ടിയത്. പക്ഷെ ഇന്നിപ്പോള്‍ ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് നഗരത്തിലൂടെ അലഞ്ഞ് തിരിയാനാണ് സദാനന്ദന്റെ യോഗം.

ലോട്ടറിയടിച്ചു കോടീശ്വരനായിട്ടും യാചകനായി അലയുകയാണ് പാലക്കാട്ടെ സദാനന്ദന്‍

ലോട്ടറിയടിച്ചത് ഉപകാരത്തിന് പകരം ഉപദ്രവമായി തീര്‍ന്ന അവസ്ഥയിലായ പാവം സദാനനന്ദന്‍ പാലക്കാട്ട് ഉണ്ട്. സിനിമയെ വെല്ലുന്ന ജീവിത കഥയുമായി സദാനന്ദൻ പൊള്ളുന്ന വെയിലിൽ ചെരിപ്പു പോലും ധരിക്കാതെ, ഒരു ഭിക്ഷക്കാരനെപോലെ നഗരത്തിലൂടെ നടക്കുന്നത് കാണാം.

സദാനന്ദന്റെ സമയം എന്ന സിനിമ ഇറങ്ങിയ കാലത്താണ് പാലക്കാട്ടെ സദാനന്ദനും ലോട്ടറിയടിച്ചത്. പക്ഷെ ഒരു കോടിയോളം രൂപ കയ്യിലെത്തിയിട്ടും സദാനന്ദന്റെ സമയം ഇനിയും തെളിഞ്ഞിട്ടില്ല. ഇപ്പോഴും യാചക വേഷത്തിൽ നഗരത്തിലൂടെ അലഞ്ഞ് തിരിയുന്ന സദാനന്ദന്‍ പാലക്കാട്ടെ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ വരുന്ന യാത്രക്കാരില്‍ മിക്കവരുടേയും സ്ഥിരം കാഴ്ചയാണ്. അമ്പത്തിയഞ്ചിനടുത്ത് പ്രായമുള്ള സദാനന്ദന്‍ നേരെ അടുത്തേക്ക് വരുന്നത് കണ്ടാല്‍ ഭിക്ഷക്കാരന്‍ വരുന്നെന്ന് കരുതി മുഖം തിരിക്കുന്നവരും ഉണ്ട്. പക്ഷെ അടുത്ത് വന്ന് നിന്നാലും ഒന്നും മിണ്ടാതെ നിന്ന് കൈകൂപ്പി കാണിച്ച് സദാനന്ദന്‍ തിരിഞ്ഞു നടക്കുകയെ ഉള്ളൂ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ച ലോട്ടറിയില്‍ 75 ലക്ഷവും 40 പവന്‍ സ്വര്‍ണവുമായിരുന്നു ഒന്നാം സമ്മാനമായി സദാനന്ദന് കിട്ടിയത്. പക്ഷെ ഇന്നിപ്പോള്‍ ഉറ്റവരും ഉടയവരുമില്ലാതെ, ഒറ്റപ്പെട്ട് നഗരത്തിലൂടെ അലഞ്ഞ് തിരിയാനാണ് സദാനന്ദന്റെ യോഗം. പാലക്കാട് നഗരത്തില്‍ സ്റ്റേഡിയം സ്റ്റാന്റില്‍ നിന്ന് അല്‍പം നടന്നാല്‍ സദാനന്ദന്റെ വീടെത്താം. വര്‍ഷങ്ങളായി വ്യത്തിയാക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യാതെ തകര്‍ന്ന് വീഴാറായ നിലയിലാണ് വീട്. വീട്ടിലുണ്ടായിരുന്ന അമ്മ മരിച്ചുപോയതിന് ശേഷം തനിച്ചാണ് താമസം. ഭാര്യയോ മക്കളോ അടുത്ത ബന്ധുക്കളോ ആരും ഇല്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ നഗരത്തിലൂടെ അലഞ്ഞ് നടക്കും.


ചെറിയ മാനസികാസ്ഥ്യമുള്ളതിനാല്‍ അധികം ആരോടും സംസാരിക്കാറില്ല.ഉച്ചയ്ക്ക് ഏതെങ്കിലും ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങികൊണ്ടു വന്ന് വീട്ടില്‍ വെച്ച് കഴിക്കും. നിലത്ത് കുറച്ച് നേരം കിടന്നുറങ്ങി വൈകീട്ട് നാലുമണിയോടെ വീണ്ടും നഗരത്തിലേക്ക് ഇറങ്ങും. പിന്നെ രാത്രിയിൽ വാങ്ങി കൊണ്ടുവന്ന ഭക്ഷണം കഴിച്ചുറങ്ങി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കില്‍ കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം അക്കൗണ്ടിലുണ്ട്. അതിപ്പോള്‍ പലിശ കൂട്ടി അക്കൗണ്ടില്‍ ഉണ്ട്. സദാനന്ദന്‍ മുമ്പ് ബാങ്കിലെത്തി മാനേജര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്ന് പലിശയില്‍ നിന്ന് ചെലവിനുള്ള പണം വാങ്ങി പോകുമായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ചെറിയ തുകകളാണത്രെ മാനേജര്‍ കൊടുത്തിരുന്നത്. ഇപ്പോള്‍ ആ ബാങ്കില്‍ തുകയുണ്ടോ, മറ്റെന്തെങ്കിലും ഇടപെടൽ വഴി പണം നഷ്ടപ്പെട്ടുകാണുമോ എന്ന് സംശയിക്കുന്നവരും നാട്ടിലുണ്ട്.

നഗരത്തിലൂടെ അലഞ്ഞ് നടന്നിരുന്ന സദാനന്ദന്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് പാലക്കാട്ടെ സ്റ്റേഡിയം സ്റ്റാന്റിനടുത്തുള്ള കടയില്‍ നിന്നുമാണ് ഒരു ലോട്ടറിയെടുത്തത്. ഇടയ്ക്ക് ലോട്ടറിയെടുക്കുന്ന ശീലമുണ്ടെങ്കിലും ഫലം ഒത്തുനോക്കാതെ എവിടെയെങ്കിലും കളയുന്ന പതിവാണ് ഉണ്ടായിരുന്നത്. പക്ഷെ അന്ന് പോക്കറ്റില്‍ ലോട്ടറി വെക്കുന്നതിന് പകരം ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ചു. തന്റെ കടയില്‍ നിന്നും ലോട്ടറിയെടുത്ത ഭാഗ്യവാനെ തേടി കടക്കാരന്‍ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമ്മാനം അടിച്ച ടിക്കറ്റ് സദാനന്ദന്റെ കയ്യിലായിരിക്കും എന്നൊരു സംശയം തോന്നി സദാനന്ദനേയും തേടി കടക്കാരന്‍ നടന്നു .ഒരു ദിവസം മുഴുവന്‍ അന്വേഷിച്ചെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ ബസ് സ്റ്റാന്റിനടുത്ത് ഒരു ബസ്സിന്റെ അടിയില്‍ കിടന്നുറങ്ങുന്ന നിലയിലാണ് സദാനന്ദനെ കണ്ടെത്തിയത്.

ഷര്‍ട്ടിന്റെ കൈമടക്കില്‍ അപ്പോഴും ടിക്കറ്റ് ഭദ്രമായി ഉണ്ടായിരുന്നു. ഒത്തുനോക്കിയപ്പോള്‍ ഒന്നാം സമ്മാനം അടിച്ചെന്ന് അറിഞ്ഞ് കൂടെയുള്ളവര്‍ ആഹ്ളാദത്തിലായി. പക്ഷെ സദാനന്ദന് മാത്രം ഒന്നും തോന്നിയില്ല. മാത്രമല്ല, വന്നവരോട് പത്ത് രൂപ ചായ കുടിക്കാനായി ചോദിക്കുകയാണ് ചെയ്തത്.

സദാനന്ദന് ലോട്ടറിയടിച്ചതറിഞ്ഞ് അതുവരെ സദാനനന്ദന്‍ കാണാത്ത ചില ബന്ധുക്കള്‍ സദാനന്ദനെ തേടിയെത്തി. പക്ഷെ അവര്‍ ബന്ധുക്കളെല്ലെന്ന് അറിയാവുന്ന അയല്‍ക്കാര്‍ അവരെ ഓടിച്ചു. പിന്നീട് അവർ സദാനന്ദനേയും കൂട്ടി ലോട്ടറി ടിക്കറ്റ് പാലക്കാട്ടെ ഫെഡറല്‍ ബാങ്കിന്റെ ശാഖയിൽ ഏല്‍പ്പിച്ചു.

ഇപ്പോള്‍ ചെറിയ മാനസിക പ്രശ്നമുള്ള സദാനന്ദനെ നോക്കാനും ചികിത്സിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും സഹായിക്കാന്‍ മുതിര്‍ന്നാല്‍ തന്നെ സദാനന്ദന്റെ ബാങ്കിലെ പണം തട്ടിയെടുക്കാന്‍ വേണ്ടിയെന്ന് ആരോപണം ഉയരുമെന്നതിനാല്‍ ആരും അതിന് തയ്യാറുമല്ല. അതിനാൽ ലോട്ടറിയടിച്ചത് ഉപകാരത്തിന് പകരം ഉപദ്രവമായി തീര്‍ന്ന അവസ്ഥയിലാണ് ഇന്ന് സദാനനന്ദന്‍.

Read More >>