നിസാമുദ്ദീന്‍ ദര്‍ഗയിലെ വിളക്കുകൊളുത്തുന്നത് ഹരി ബാബുവെന്ന ഹൈന്ദവന്‍; ഇതൊരു അപൂര്‍വ മതേതരത്വത്തിന്റെ കഥ

''ഇടയ്ക്ക് ഞാന്‍ ദര്‍ഗയില്‍ വരുന്നവര്‍ക്ക് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം വിതരണം ചെയ്യാറുമുണ്ട്. വീട്ടിലെ ഭക്ഷണത്തിലൂടെ സ്‌നേഹവും വിശ്വാസവും മറ്റുള്ളവരിലേക്ക് പകരാനാകും'' ഹരി ബാബു പറയുന്നു.

നിസാമുദ്ദീന്‍ ദര്‍ഗയിലെ വിളക്കുകൊളുത്തുന്നത് ഹരി ബാബുവെന്ന ഹൈന്ദവന്‍; ഇതൊരു അപൂര്‍വ മതേതരത്വത്തിന്റെ കഥ

രാജ്യം പതിവില്ലാത്ത വിധം സാമുദായികമായി ധ്രുവീകരിക്കപ്പെടുന്ന കാലത്ത് ചില നല്ല വാര്‍ത്തകള്‍. ഡല്‍ഹിയിലെ നിസാമുദ്ദീനിലെ ദര്‍ഗയാണ് മതേതരത്വത്തിന്റെ മാതൃകയായി നിലകൊള്ളുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കെല്ലാം മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യമുണ്ട്.

പ്രശസ്തമായ ദര്‍ഗയില്‍ സൂഫിവര്യന്‍മാര്‍ നയിക്കുന്ന ആരാധനാചടങ്ങുകളില്‍ ദിവസവും നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടെ മതേതരത്വത്തിന്റെ പാലമായി നിലയുറപ്പിക്കുന്ന ഹരി ബാബുവെന്ന 76കാരനെക്കുറിച്ച് അറിയാതെ പോകരുത്. കഴിഞ്ഞ 40 വര്‍ഷമായി ദര്‍ഗയിലെ വിളക്കുകള്‍ വൃത്തിയാക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത് ഇദ്ദേഹമാണ്. ഈ ജോലി ചെയ്യാനായി ഇദ്ദേഹം ദിവസവും 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ദര്‍ഗയിലെത്തുന്നത്. ഖാദിം സമുദായത്തില്‍പ്പെട്ടയാളാണ് ഹരി ബാബു. ഈ സമുദായത്തിനാണ് കാലങ്ങളായി ദര്‍ഗയിലെ വിളക്കുകള്‍ വൃത്തിയാക്കാനുള്ള അവകാശം. ഈ അവകാശം ഒരു അഭിമാനമായിക്കാണുന്നവരാണ് ഖാദിമുകളെന്ന് പറയപ്പെടുന്നു.


രണ്ട് ബസുകള്‍ കയറിയാണ് തന്റെ സ്ഥലമായ നാന്‍ഗോളി ഗ്രാമത്തില്‍ നിന്ന് ഹരി ബാബു നിസാമുദ്ദീനിലെത്തുന്നത്. ഡല്‍ഹി വികസന അതോറിറ്റിയില്‍ നിന്ന് മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ വിരമിച്ച ഹരി ഭാര്യ സാവിത്രി ദേവിയോടും നാല് മക്കളോടുമൊപ്പമാണ് താമസം. ''ഇടയ്ക്ക് ഞാന്‍ ദര്‍ഗയില്‍ വരുന്നവര്‍ക്ക് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം വിതരണം ചെയ്യാറുമുണ്ട്. വീട്ടിലെ ഭക്ഷണത്തിലൂടെ സ്‌നേഹവും വിശ്വാസവും മറ്റുള്ളവരിലേക്ക് പകരാനാകും'' ഹരി ബാബു പറയുന്നു.

60കളില്‍ നിസാമുദ്ദീനില്‍ എത്തിയതോടെയാണ് തനിക്ക് ശരിയായ ജീവിതം ആരംഭിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ജോലിയും ഭാര്യയേയും മക്കളേയുമൊക്കെ നല്‍കിയത് ആ നഗരമാണെന്നും അതിനോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഹരി ബാബു പറയുന്നു. ഒരു ഹൈന്ദവനായ താങ്കള്‍ എങ്ങനെയാണ് ഇസ്ലാമിക ആചാരങ്ങള്‍ നടക്കുന്ന ദര്‍ഗയില്‍ ജോലി ചെയ്യുകയെന്ന ചോദ്യത്തിന് 'രാജ്യത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ട്. എന്നാല്‍ താന്‍ ആദ്യം ഒരു മനുഷ്യനാകുന്നു. അതാണ് ദര്‍ഗയോടുള്ള ബന്ധത്തിന് കാരണമായ'തെന്ന് അദ്ദേഹം പറയുന്നു.