ആ ക്യാമറ അത് സനേഷിന്റെ ഹൃദയമായിരുന്നു; നിങ്ങളത് ചവിട്ടി പൊട്ടിച്ചു കളഞ്ഞല്ലേ?

വായ്പയെടുത്തു വാങ്ങിയ കാമറ സനേഷിന്റെ ജീവനോപാധിയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ ആ കാമറ തകര്‍ത്തു. പകരം കാമറ വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കി പാര്‍ട്ടി കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ മാതൃകാപരമായ ക്ഷമാപണം

ആ ക്യാമറ അത് സനേഷിന്റെ   ഹൃദയമായിരുന്നു; നിങ്ങളത് ചവിട്ടി പൊട്ടിച്ചു കളഞ്ഞല്ലേ?

കൂട്ടുകാർ 'സഖാ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന സനേഷ് സകയുടെ ഹൃദയമാണ് ഇന്ന് പറിച്ചെടുക്കപ്പെട്ടത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കാരാറുജീവനക്കാരനായ വയനാട് കല്‍പറ്റ സ്വദേശി പി.സനേഷിൻറെ ഹൃദയമായിരുന്ന കാമറ ഇന്ന് രാവിലെ പതിനൊന്നോടെ ഹര്‍ത്താലിലെ അക്രമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ കോഴിക്കോട് പാളയത്ത് വച്ച് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. ഫോട്ടോഗ്രഫിയെയും ഫുട്ബാളിനെയും ഒരുപോലെ നെഞ്ചിലേറ്റിയ സനേഷ് രണ്ട് വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് നിക്കോണ്‍ 300 എക്‌സ് കാമറ ബാങ്കില്‍ വായ്പയെടുത്ത് വാങ്ങിച്ചത്.

സനേഷിന്റെ ഏക ജീവിതോപാധിയായിരുന്നു അത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ താളില്‍ ജീവനുറ്റ മികച്ച ചിത്രങ്ങള്‍ നല്‍കിയ കാമറ. കാമറ തകര്‍ക്കപ്പെട്ട കാര്യം പത്രപ്രവര്‍ത്തക സഹൃത്തുക്കള്‍ സിപിഐഎം നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ മാതൃകാപരമായ തീരുമാനമായിരുന്നു സിപിഐഎം നേതൃത്വത്തിൽ നിന്ന് ഉണ്ടായത്.

തകർന്ന കാമറയിൽ സനേഷ് പകർത്തിയ ചിത്രം

സനേഷിന് പുതിയ കാമറ വാങ്ങിക്കൊടുക്കാമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉറപ്പു നല്‍കി. കാമറ പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ ശരിയാക്കിയെടുക്കാനാവില്ലെന്ന് പി സനേഷ് നാരദാന്യൂസിനോട് പറഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തോണ്ടുപോയ കേരള ഭൂഷണത്തിലെ ശ്രീജേഷിന്റെ കാമറയിലെ മെമ്മറി കാര്‍ഡിന് പകരം വാങ്ങിച്ചുകൊടുക്കാമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്ക് സിപിഐഎം നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്.

പി മോഹനന്‍, മുന്‍മേയര്‍ എം ഭാസ്‌കരന്‍ എന്നിവര്‍ പ്രസ് ക്ലബ് സെക്രട്ടറി എന്‍ രാജേഷുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കാമറ വാങ്ങിച്ചു നല്‍കാന്‍ തീരുമാനമായത്.ജില്ലാക്കമ്മിറ്റി ഓഫീസിന് നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് സിപിഐഎം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ബോംബേറില്‍ തകര്‍ന്ന സിപിഐഎം ഓഫീസിന്റെ ചിത്രവും സനേഷായിരുന്നു പകര്‍ത്തിയത്.


തകർന്ന കാമറയിൽ സനേഷ് പകർത്തിയ ചിത്രം


ഇന്ന് രാവിലെ പതിനൊന്നോടെ പാളയത്ത് കര്‍ണ്ണാടക ബാങ്കിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിന്റെ ചിത്രമെടുക്കാന്‍ പുറപ്പെട്ടതായിരുന്നു സനേഷ്. ഇതിനിടെ മാനാഞ്ചിറയ്ക്കും പാളയത്തിനും ഇടയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷക്കാരെ ഭീഷണിപ്പെടുത്തുന്നത് പകര്‍ത്തുന്നതിനിടെയാണ് സനേഷിനെ കയ്യേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്തത്.മാധ്യമം ഫോട്ടോഗ്രാഫര്‍ പി അഭിജിത്തിന്റെ കാമറ തട്ടിയെടുക്കാനുള്ള ശ്രമവും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പി മോഹനന്‍ ഉറപ്പു നല്‍കിയതായി പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അറിയിച്ചു.


തകർന്ന കാമറയിൽ സനേഷ് പകർത്തിയ ചിത്രം


സമരത്തിനിടയിൽ മാധ്യമപ്രവർത്തകരെ തല്ലുന്ന അണികൾക്ക് ഇത് ഒരു പുതിയ പാഠമാകട്ടെ. ഒപ്പം പുതിയ ക്യാമറയിൽ നിന്നും സനേഷിന്റെ പുതിയ ചിത്രങ്ങളും വരട്ടെ. ഒരുവന്റെ വാക്കുകൾ അന്യന് സംഗീതമാകുന്ന സമരങ്ങളും സമരചിത്രങ്ങളും പിറക്കട്ടെ.


തകർന്ന കാമറയിൽ സനേഷ് പകർത്തിയ ചിത്രം