തമിഴകത്തിന്റെ ഭാഷാ സ്നേഹ മാതൃക; മാസംതോറും ഇനി 1000 പുതിയ തമിഴ് വാക്കുകൾ

വർധിച്ചു വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗവും ഗൂഗിൾ പരിഭാഷ തമിഴ് വ്യാകരണത്തെ വികലമാക്കുന്നതുമാണ് സർക്കാർ ഇടപെടലിന് പ്രേരണയായത്

തമിഴകത്തിന്റെ ഭാഷാ സ്നേഹ മാതൃക; മാസംതോറും ഇനി 1000 പുതിയ തമിഴ് വാക്കുകൾ

ഭാഷയെ അനന്തമായി സ്നേഹിക്കുന്ന തമിഴർക്കായി വിപ്ലവ തീരുമാനവുമായി വീണ്ടും തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിൽ ഇനി ഓരോ മാസവും പിറക്കാൻ പോകുന്നത് 1000 തമിഴ് വാക്കുകൾ. ഭാഷയെ ശക്തിപ്പെടുത്തുന്നതിന് ഓരോ മാസവും ആയിരം പുതിയ തമിഴ് വാക്കുകൾ പരിചയപ്പെടുത്താനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭാഷാ പണ്ഡിതരുടെ സഹായത്തോടെയാണ് പുതിയ വാക്കുകൾ കണ്ടെത്തുക.

വർധിച്ചുവരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗവും ഗൂഗിൾ പരിഭാഷ തമിഴ് വ്യാകരണത്തെ വികലമാക്കുന്നതുമാണ് സർക്കാർ ഇടപെടലിന് പ്രേരണയായത്. മൊബൈലിന് കൈപ്പേച്ചിയും ലാപ്‌ടോപ്പിന് മടിക്കണിനിയെന്നും ഇമെയിലിന് മിന്നഞ്ചലെന്നും പേരിട്ട തമിഴ്ഭാഷ കുറച്ച് മുമ്പ് ലെസ്ബിയനും ഗേയ്ക്കുമടക്കം ശരിപ്പദമിട്ട് അംഗീകരിച്ചിരുന്നു. തിരുനങ്കൈ എന്നാൽ ആണായി ജനിച്ച് പെൺ രൂപം സ്വീകരിക്കുന്നവരെ വിളിക്കുന്ന പേരാണ്. പെണ്ണായി ജനിച്ച് ആൺ രൂപം സ്വീകരിക്കുകയാണെങ്കിൽ അവരെ തിരുനമ്പി എന്നും വിളിക്കും.

സമൂഹമാധ്യമങ്ങളിലും പുതിയ ജീവിത സാഹചര്യങ്ങളിലും ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങൾക്ക് തുല്യമായ തമിഴ് വാക്കുകളുണ്ടാക്കാനാണ് ഭാഷാപണ്ഡിതരെ ചുമതലപ്പേടുത്തുന്നതെന്ന് സാംസ്കാരിക മന്ത്രി കെ പാണ്ഡ്യരാജൻ പറഞ്ഞു.

Read More >>