നിങ്ങൾ കണ്ടോ എന്റെ കാലുകൾ? വ്രണപ്പെട്ടോ വികാരം?

വിവാഹസാരിയുടുത്ത് പുഷ്പാലംകൃതമായ കസേരയിൽ ഇരിക്കുന്ന മോഡലിന് ചെറിയ കുഴപ്പം ഉണ്ടെന്ന് സംസ്കാരഭക്തനമാർ കണ്ടുപിടിച്ചു. മോഡലിന്റെ കാൽ കാണുന്ന വിധമാണ് സാരി ഉടുത്തിരിക്കുന്നത്.

നിങ്ങൾ കണ്ടോ എന്റെ കാലുകൾ? വ്രണപ്പെട്ടോ വികാരം?

തൊലി പുറത്തു കാണിക്കുന്നത് മ്ലേച്ഛമാണെന്നും അത് തങ്ങളുടെ സംസ്കാരത്തിനെ ബാധിക്കുമെന്നും കരുതുന്നവർ ഇപ്പോഴും ശക്തമായി പ്രതികരണത്തൊഴിലിൽ ഏർപ്പെടാറുണ്ട്. മതം, സംസ്കാരം, സദാചാരം എന്നിങ്ങനെ പല ചേരുവകൾ ചേർന്നാണ് അസഹിഷ്ണുതയുടെ അഗ്നിപർവ്വതം പൊട്ടുന്നത്. അതിപ്പോൾ ഒരു സിനിമയിലെ ഡയലോഗ്, പരസ്യചിത്രം എന്നിങ്ങനെ എന്തായാലും ശരി, പ്രതികരണം എത്തുന്നത് പ്രൗഢസംസ്കാരത്തിന്റെ വക്താക്കളിൽ നിന്നുമായിരിക്കും.

അത്തരം ഒന്നായിരുന്നു കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജോഡി എന്ന മാസികയുടെ കവറിലെ വിവാദചിത്രം. പുഷ്പാലംകൃതമായ കസേരയിൽ ഇരിക്കുന്ന മോഡലിന് ചെറിയ കുഴപ്പം ഉണ്ടെന്ന് സംസ്കാരഭക്തന്മാർ കണ്ടുപിടിച്ചു. മോഡലിന്റെ കാൽ കാണുന്ന വിധമാണ് സാരി ഉടുത്തിരിക്കുന്നത്.

തനുഷ്ക സുബ്രഹ്മണ്യം എന്ന കനേഡിയൻ -തമിഴ് മോഡൽ ആയിരുന്നു ചിത്രത്തിൽ വേഷമിട്ടത്. സാരിയിലെ 'സ്ലിറ്റ്' അവരുടെ കാലുകളെ പ്രദർശിപ്പിക്കുന്നു എന്നതാണ് തമിഴ് സംസ്കാരത്തിന്റെ ആളുകളെ ചൊടിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി എത്താൻ വൈകിയില്ല. നാണക്കേട്, അപമാനം, പരിഹാസം എന്നെല്ലാമായിരുന്നു അവർ ആ ചിത്രത്തിനെ വിശേഷിപ്പിച്ചത്. തമിഴ് സംസ്കാരത്തിനെ അപമാനിക്കുന്ന ചിത്രം എന്നും അവർ വിലപിച്ചു.

പെൺകുട്ടികൾ രജസ്വലയാകുന്നത് മുതൽ ആഘോഷിക്കുകയും സ്ത്രീധനം, ജാതി, മതം എന്നിവയെല്ലാം വിവാഹത്തിൽ പ്രധാന്യം നേടുകയും ചെയ്യുന്ന സംസ്കാരത്തിൽ നിന്നുമാണ് ഇത്തരം വിമർശനങ്ങൾ വരുന്നതെന്ന് തനുഷ്ക പറയുന്നു. കാലുകൾ കാണുന്നത് എന്തെങ്കിലിനേയും കൊല്ലുമെങ്കിൽ അതിന്റെ ശവപ്പെട്ടിയ്ക്കുള്ള ആണിയും വാങ്ങിക്കോളാൻ അവർ അഭിപ്രായപ്പെടുന്നു.

കവർ ഫോട്ടോയെ അനുകൂലിക്കുന്നവരും കുറവല്ല. ഇരുപക്ഷക്കാരും തർക്കിച്ച് സംസ്കാരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയാൽ മതിയായിരുന്നു.