മലയാളി സംവിധായകന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു; വെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണന്‍

ലൈംഗിക ചൂഷണത്തെ പ്രതിരോധിച്ചപ്പോള്‍ 25 തവണ ഒരേ ഷോട്ടെടുപ്പിച്ചു. മാപ്പു പറയണമെന്നാവശ്യപ്പെട്ടപ്പോള്‍ പരസ്യമായി അപമാനിച്ചു- നടിയുടെ വെളിപ്പെടുത്തലില്‍ കേസെടുത്താല്‍ മലയാളത്തിലെ യുവ സംവിധായകന്‍ കുടുങ്ങും

മലായാളി സംവിധായകന്‍ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍. വിസമ്മതിച്ച തന്നെ സിനിമയുടെ സെറ്റില്‍ തന്നെ പരസ്യമായി അപമാനിച്ചെന്നും പുലഭ്യം പറഞ്ഞുവെന്നും ലക്ഷ്മി ആരോപിക്കുന്നു. അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പ്പൂര്‍വ്വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പു പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റമെന്നും ലക്ഷ്മി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നു പറച്ചില്‍.

സിനിമാമേഖലയില്‍ ഇത്തരം ആളുകളുണ്ടെന്നും ലക്ഷ്മി പറയുന്നു. ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്ളാറ്റിലെത്തി. ആദ്യം സിനിമയെക്കുറിച്ചു പറഞ്ഞു. പിന്നെ ചില 'അഡ്ജസ്റ്റ്‌മെന്റുകളെ'ക്കുറിച്ചും. ഡേറ്റിന്റെ വിഷയമാണ് 'അഡ്ജസ്റ്റ്‌മെന്റ്' എന്ന് ഉദ്ദേശിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പിന്നീട് ഞെട്ടലോടെ മനസിലാക്കി. അയാള്‍ മറ്റുചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കൂടുതലൊന്നും സംസാരിക്കാതെ അയാളെ പുറത്താക്കി.

സിനിമാമേഖലയില്‍ പ്രതിഫലം ചോദിച്ചുവാങ്ങുന്നതുപോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും സിനിമയില്‍ മാറ്റമൊന്നും വരുന്നില്ല. സ്ത്രീകളെ ഇപ്പോഴും കീഴടക്കിവച്ചിരിക്കുകയാണ്. സിനിമാമേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിനു ഇരയാകുകയാണെന്നും ലക്ഷ്മി പറഞ്ഞു. ലോഹിതദാസിന്റെ ചക്കരമുത്ത്, സിബി മലയില്‍ സംവിധാനം ചെയ്ത വയലിന്‍, വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയാണ് ലക്ഷ്മി അഭിനയിച്ച മലയാള ചിത്രങ്ങള്‍. തമിഴില്‍ മൂന്നു ചിത്രങ്ങള്‍ ലക്ഷ്മി സംവിധാനം ചെയ്തിട്ടുമുണ്ട്.