ധനുഷ് 'അച്ഛന്റെ' കേസില്‍ നിന്നൂരി; സുചിയുടെ ട്വീറ്റ് കെണി പിന്നാലെ തന്നെ

മധുര സ്വദേശികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന പേരില്‍ നടത്തിയിരുന്ന കേസില്‍ പരാജയപ്പെട്ടെങ്കിലും ധനുഷിന്റെ ജീവിതത്തിനു സുചി ലീക്‌സ് എന്നു കുപ്രസിദ്ധമായ ട്വീറ്റ് കെണിയില്‍ നിന്നു മോചനമായില്ല. ധനുഷ് സംവിധാനം ചെയ്ത പവര്‍പാണ്ടിയിലെ അഭിനേത്രിയുടെ വിവാഹമോചന വാർത്തയുടെ ഒപ്പവും ധനുഷിന്റെ പേരാണ് കേൾക്കുന്നത്. സുചി ലീക്‌സിനെ തുടര്‍ന്നാണത്രേ. ധനുഷ് വിഷയത്തില്‍ മൗനിയാണ് ഇപ്പോഴും.

ധനുഷ് അച്ഛന്റെ കേസില്‍ നിന്നൂരി; സുചിയുടെ ട്വീറ്റ് കെണി പിന്നാലെ തന്നെ

ദീദി എന്ന പേരിൽ പ്രശസ്തയായ ടെലിവിഷൻ താരം ദിവ്യദർശിനി വിവാഹമോചനത്തിന്റെ വക്കിലാണെന്ന് വാർത്ത. സുചി ലീക്സ് എന്ന പേരിൽ കുപ്രസിദ്ധമായ ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ ഐഡിയിലൂടെ പുറത്തു വന്ന ചിത്രങ്ങളിൽ ദീദിയും ഉണ്ടായിരുന്നു. ദീദി ധനുഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതാണു വിവാഹമോചനം വരെയെത്തിച്ചതെന്ന് പറയപ്പെടുന്നു.

സുചി ട്വീറ്റിലൂടെ പുറത്തു വന്ന ഒരു ചിത്രത്തില്‍ ദീദി കുടിച്ച് ബോധമില്ലാതെ ഒരാളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായ പവര്‍ പാണ്ടിയില്‍ ഒരു ചെറിയ വേഷത്തില്‍ ദീദിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്തായാലും കുറച്ചു കാലമായി ധനുഷിനു സമയം ശരിയല്ല. തന്റെ മാതാപിതാക്കൾ ആണെന്ന് അവകാശപ്പെട്ട് മധുര സ്വദേശികൾ കോടതിയിൽ കൊടുത്ത കേസിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടതേയുള്ളൂ ധനുഷ്. സുചി ലീക്സും ബഹളങ്ങൾ ഉണ്ടാക്കിയ ശേഷം അപ്രത്യക്ഷമായ നിലയിലാണ്. പക്ഷേ, ദീദിയുടെ വിവാഹമോചനം എത്തി നിൽക്കുന്നത് ഇപ്പോൾ ധനുഷിന്റെ വാതിൽക്കലാണ്. സുചി ലീക്സ് വിടാതെ പിന്തുടരുകയാണ് ധനുഷിനെ.

ഗായിക എന്ന പേരില്‍ അറിയപ്പെടുന്നതിനു മുമ്പേ റേഡിയോ ജോക്കി ആയി പ്രശസ്തയായിരുന്നു സുചിത്ര. ഹലോ ചെന്നൈ എന്ന അവരുടെ ഷോ അത്രയ്ക്ക് ജനപ്രിയമായിരുന്നു. ആര്‍ജെ സുചി എന്ന പേരില്‍ പ്രശസ്തയായ അവര്‍ സിനിമയിലും ലൈവ് ഷോകളിലും പാടി. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അവരുടെ ശബ്ദത്തിൽ പിറന്നു.

പക്ഷേ, ആര്‍ജെ സുചി വാര്‍ത്തകളില്‍ നിറഞ്ഞത് ട്വിറ്ററിലൂടെ ആയിരുന്നു. സിനിമയിലെ പ്രമുഖരായ ധനുഷ്, അനിരുദ്ധ്, റാണ ദഗ്ഗുവത്തി എന്നിവരുടെ സ്വകാര്യജീവിതത്തിലെ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പുറത്തു വന്നപ്പോള്‍ ഞെട്ടിയത് അവരുടെ ആരാധകര്‍ ആയിരുന്നു.

ഒരു പാര്‍ട്ടിയില്‍ വച്ച് ധനുഷിന്റെ കൂടെ വന്ന ആരോ കൈ പിടിച്ചു തിരിച്ചതിന്റെ പ്രതികാരം ആയാണ് ഇത്തരം ചിത്രങ്ങള്‍ സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടതെന്ന് പറയപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ വച്ചായിരുന്നു സംഭവം. ധനുഷ് മോശമായി പെരുമാറിയെന്നും ഒപ്പം ജഗ്ഗി വാസുദേവും ഉണ്ടായിരുന്നു എന്നുമാണ് സുചിത്ര പിന്നീട് പറഞ്ഞത്. ധനുഷ്, അനിരുദ്ധ്, തൃഷ, ആൻഡ്രിയ ജറമിയ, ഹൻസിക തുടങ്ങിയവര്‍ ഉള്‍പ്പെട്ട ചിത്രങ്ങളാണ് സുചി ലീക്സിലൂടെ പുറത്തു വന്നത്.

പാര്‍ട്ടിയില്‍ വച്ച് ധനുഷ് തനിക്ക് മയക്കുമരുന്ന നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പിന്നീട് സുചിത്ര ആരോപിച്ചു. ധനുഷും അനിരുദ്ധും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കുടിപ്പിച്ച് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് അവര്‍ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ ഞെട്ടിയത് സിനിമാലോകം ആയിരുന്നു.

തന്റെ ട്വിറ്റര്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടു എന്നു പിന്നീട് അവര്‍ പറഞ്ഞു. തുടര്‍ന്നും ചിത്രങ്ങള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അമലാ പോള്‍, പാര്‍വതി എന്നിവരുമായുള്ള ധനുഷിന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിടുമെന്ന ഭീഷണിയും ട്വിറ്ററിലൂടെ വന്നിരുന്നു.

പിന്നീട് ട്വിറ്റര്‍ ഐഡി തിരിച്ചു കിട്ടിയെന്നും ചിത്രങ്ങള്‍ നീക്കം ചെയ്തുവെന്നും സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞു. അതിനിടെ, സുചിത്രയും ഭര്‍ത്താവ് കാര്‍ത്തിക്കും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തയിറങ്ങി. എല്ലാവരും അവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ സുചിത്ര തന്നെ ആ വാര്‍ത്ത ശരി വയ്ക്കുകയായിരുന്നു.

ഇത്രയും സംഭവങ്ങള്‍ക്കു ശേഷം ഡിപ്രഷന് അടിമപ്പെട്ട സുചിത്ര ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകുന്നതായും വാര്‍ത്തകള്‍ വന്നു. അവര്‍ മാനസികതകരാറിന്റെ വക്കിലാണെന്നു ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ട്വിറ്റര്‍ പതിവായി ഉപയോഗിക്കാറുള്ള ധനുഷ് ഈ സംഭവങ്ങളെക്കുറിച്ചു പ്രതികരിച്ചില്ലെന്നുള്ളതു ശ്രദ്ധേയമാണ്. ധനുഷിന്റെ സഹോദരി വിമല ഗീത മാത്രമാണ് ഈ വിഷയത്തിനെക്കുറിച്ചു പ്രതികരിച്ചത്.