കടുപ്പത്തില്‍ മുഴക്കിയ മുദ്രാവാക്യം ഗോമതിയെ നേതാവാക്കി; നുള്ളിയെറിയാന്‍ ശ്രമിക്കണ്ട!

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം നടന്നപ്പോഴാണ് കേരളം ഗോമതി എന്ന പേര് കേള്‍ക്കുന്നത്. അയ്യായിരത്തിലധികം വരുന്ന സ്ത്രീതോട്ടം തൊഴിലാളികളെ നയിച്ച മൂന്ന് പേരില്‍ ഒരാളായി ഗോമതി എന്ന പേര് കേരളത്തിന്റെ സമരചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനംനേടി. എന്നാല്‍ ഗോമതി എങ്ങനെ പൊമ്പിളൈ ഒരുമൈ സമരപ്പന്തലിലെത്തി? നേതാവായി ? ആരോപകര്‍ പറയുന്നത് പോലെ തമിഴ് സംഘടനകളുടെ സജീവപ്രവര്‍ത്തകയായിരുന്നോ ഗോമതി? ഒരുകാലത്ത് ആയിരക്കണക്കിന് തോട്ടംതൊഴിലാളികളെ മുന്നില്‍നിന്ന് നയിച്ച ഗോമതിക്കൊപ്പം പ്രത്യക്ഷസമരത്തിന് ഒപ്പമുള്ളത് മൂന്നു തോട്ടംതൊഴിലാളികള്‍ മാത്രം. ഈയൊരവസ്ഥയിലേക്ക് ആ നേതാവ് എങ്ങനെയെത്തി?

കടുപ്പത്തില്‍ മുഴക്കിയ മുദ്രാവാക്യം ഗോമതിയെ നേതാവാക്കി; നുള്ളിയെറിയാന്‍ ശ്രമിക്കണ്ട!

മൂന്നാറിലെ തോട്ടംതൊഴിലാളികളായിരുന്ന കാഞ്ചിയുടെയും മഹാലക്ഷ്മിയുടെയും ഏഴുമക്കളില്‍ നാലാമത്തെയാളായാണ് ഗോമതിയുടെ ജനനം. ദേവികുളത്തെ വാടകവീട്ടിലായിരുന്നു താമസം. പത്തംക്ലാസ് വരെ മലയാളം മീഡിയത്തില്‍ വിദ്യാഭ്യാസം. ഇക്കാലത്തൊന്നും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. മൂന്നാറിലെ ഏതൊരു തോട്ടംതൊഴിലാളി പെണ്‍കുട്ടിയെയും പോലെ സാധാരണ ജീവിതം. ഇതിനിടെ സമീപവാസിയായ അഗസ്റ്റിനെ പ്രണയിച്ചു. തുടര്‍ന്ന് പതിനേഴാം വയസില്‍ വിവാഹം.

വിവാഹത്തിനുശേഷം എസ്റ്റേറ്റ് ജോലിക്ക് പോയിത്തുടങ്ങുമ്പോഴാണ് ആദ്യമായി രാഷ്ട്രീയ സംഘടനയില്‍ ചേരുന്നത്. എഐടിയുസിയില്‍ അംഗത്വമെടുത്തു. രാഷ്ട്രീയമോ യൂണിയന്‍ പ്രവര്‍ത്തനമോ എന്തെന്ന് ഒരു ധാരണയുമില്ലാത്തകാലം. തൊഴിലാളികള്‍ ഏതെങ്കിലും സംഘടനയില്‍ അംഗമായിരിക്കണം എന്ന അലിഖിത നിയമമുള്ളതിനാല്‍ മാത്രമാണ് അന്ന് സംഘടനയില്‍ ചേര്‍ന്നത്.

പിന്നീട് പൊമ്പിളൈ ഒരുമൈ സമരം നടക്കുന്നതുവരെ എഐടിയുസി അംഗമായി തുടര്‍ന്നു.

പൊമ്പിളൈ ഒരുമൈ സമരം...തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരേ പ്രതിഷേധം നടക്കുന്നുണ്ടെന്നറിഞ്ഞാണ് മൂന്നാറിലേക്ക് വരുന്നത്. ശമ്പളവര്‍ധനവും 20 ശതമാനം ബോണസും വേണമെന്ന് നേരത്തെ തന്നെ തൊഴിലാളികള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. ഇത് പലപ്പോഴും എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൂന്നാര്‍ ടൗണില്‍ ചില ഡിവിഷനുകളിലെ തൊഴിലാളികള്‍ സമരം നടത്തുന്നുണ്ടെന്ന് അറിയുന്നത്. അങ്ങനെ ആ സമരത്തില്‍ അണിചേരാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നാറിലെത്തിയപ്പോഴാണ് സമരത്തിന്റെ തീവ്രതയും അംഗബലവും മനസിലാകുന്നത്. അങ്ങനെ സമരത്തിന്റെ ഭാഗമായി.

ആദ്യദിവസങ്ങളില്‍ റോഡ് ഉപരോധവും വാഹനം തടയലുമൊക്കെ ചെറിയതോതിലേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ കേട്ടറിഞ്ഞും മറ്റുമായി കൂടുതല്‍ തൊഴിലാളികള്‍ എത്തിത്തുടങ്ങിയതോടെ സമരം വലുതായി. ശക്തിയും കൂടി. ഇതോടെ തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ പോലീസിനോ കമ്പനിക്കോ സാധിക്കാതായി. അങ്ങനെയാണ് പൊമ്പിളൈ ഒരുമൈ സമരത്തിന്റെ തുടക്കം.

തമിഴ് സംഘടനകളുടെ ഇടപെടലിലൂടെയാണ് സമരം തുടങ്ങിയതെന്നും താന്‍ അത്തരം സംഘടനകളുടെ വക്താവാണെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ജീവിതത്തിലാദ്യമായി ഒരു സമരത്തിനെത്തുന്നത് പൊമ്പിളൈ ഒരുമൈയുടെ സമരത്തിനാണ്- ഗോമതി നാരദ ന്യൂസിനോട് പറഞ്ഞു.

നേതാവിലേക്കുള്ള വഴി

മുദ്രാവാക്യം വിളിയിലെ ആര്‍ജവമാണ് ആദ്യം ശ്രദ്ധേയയാക്കുന്നത്. ഉച്ചത്തിലുള്ള ശബ്ദവും താളവും അന്നേ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇടക്കിടെ ചാനലുകാര്‍ക്ക് പേട്ടി (ബൈറ്റ്) കൊടുത്തു. കൃത്യമായി കാര്യങ്ങള്‍ പറയുന്നതുകൊണ്ടായിരിക്കണം, കൂടുതല്‍ ചാനലുകാര്‍ പ്രതികരണത്തിനായി സമീപിച്ചുതുടങ്ങി. അങ്ങനെ സമരത്തിന്റെ മൂന്നാംദിനം രാത്രി ചാനലിന്റെ പ്രൈംടൈം ചര്‍ച്ചയില്‍ തോട്ടംതൊഴിലാളി പ്രതിനിധിയായി പങ്കെടുത്തു. അത് തോട്ടംതൊഴിലാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. ഗോമതി കൃത്യമായും വ്യക്തമായും സംസാരിച്ചുവെന്ന് തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രശംസിച്ചു. ഇതായിരുന്നു നേതൃനിരയിലേക്കുള്ള തുടക്കം.

പിന്നെ ചാനല്‍ ചര്‍ച്ചകളും പ്രതികരണങ്ങളും തുടര്‍ന്നു. അങ്ങനെ മിക്ക ചാനലുകളിലും തൊഴിലാളി പ്രതിനിധിയായി ചര്‍ച്ചകളില്‍ എത്തിത്തുടങ്ങിയതോടെ തന്നെ നേതാവായി തൊഴിലാളികള്‍ അംഗീകരിച്ചുതുടങ്ങി. ഇതുപോലെ തന്നെയാണ് മറ്റുള്ള പൊമ്പിളൈ ഒരുമൈ നേതാക്കളുടെയും വരവ്.

ആദ്യമായി നടത്തിയ രാഷ്ട്രീയ ഇടപെടലില്‍ തന്നെ നേതൃസ്ഥാനത്തെത്തിയതില്‍ അഭിമാനം തോന്നിയ നാളുകളായിരുന്നു അത്. ഈ സമയം എഐടിയുസിയില്‍ നിന്ന് അകലുകയും ചെയ്തതോടെ പൊമ്പിളൈ ഒരുമൈയുടെ ഔദ്യോഗിക വക്താക്കളിലൊരാളായി മാറി.

ആ നേതാവിന് പിന്നീടെന്ത് സംഭവിച്ചു

ഐതിഹാസിക സമരത്തിന്റെ ജീവനായി നിന്ന ഗോമതിയുടെ പിന്നീടുള്ള ജീവിതം കടുത്ത പരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെയുമായിരുന്നു. അന്ന് പൊമ്പിളൈ ഒരുമൈ സമരത്തിനൊപ്പം ട്രേഡ് യൂണിയന്‍ പ്രതിനിധികളും സമരം തുടങ്ങിയതോടെ തൊഴിലാളികള്‍ കുറേപ്പേര്‍ അവിടേക്ക് പോയി. പൊമ്പിളൈ ഒരുമൈയുടെ ശക്തി കുറഞ്ഞു. മാത്രവുമല്ല അംഗങ്ങളെ പലരീതിയില്‍ നേതാക്കള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. അതൊരു തുടക്കമായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. ബോണസും കൂലിവര്‍ധനവും പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനുശേഷം സന്തോഷത്തോടെ മടങ്ങിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്താനും ഉപജീവനം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് കമ്പനിയുടെയും ട്രേഡ് യൂണിയനുകളുടെയും ഭാഗത്തുനിന്നുണ്ടായത്.

സമരത്തിന് ശേഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നാലാംവാര്‍ഡ് മെമ്പറായി. പൊമ്പിളൈ ഒരുമൈയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. സിഐടിയു അംഗമായി. ഈ സമയത്താണ് പഴയ പൊമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്തെന്ന കാരണം പറഞ്ഞ് കമ്പനിയില്‍ നിന്ന് പുറത്താക്കുന്നത്. ഈ സമയത്ത് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

തൊഴിലാളികളുടെ ഭൂമി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പ്രക്ഷോഭം നടത്തണമെന്ന് സിഐടിയു നേതാക്കളോട് പറഞ്ഞത് ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. അതിനാല്‍ അവര്‍ സഹായിച്ചുമില്ല. സഹായിക്കാന്‍ ശ്രമിക്കുന്നവരെ മുന്‍വൈരാഗ്യംവച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ.

മൂന്ന് ആണ്‍മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാനം നിലച്ചതോടെ ഏറെ ബുദ്ധിമുട്ടിലായി സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ മൂന്നാര്‍ കോളനിയില്‍ വാടകവീട്ടിലായിരുന്നു താമസം. പക്ഷെ അപ്പോഴും തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കണമെന്ന ആവശ്യം മനസിലുണ്ടായിരുന്നു. പൊമ്പിളൈ ഒരുമൈ നേതാക്കളായ രാജേശ്വരിയോട് ഇക്കാര്യം സൂചിപ്പിച്ചതോടെ അവര്‍ സംഘടനയിലേക്ക് സ്വീകരിച്ചു. അങ്ങനെ തിരികെ സംഘടനയിലെത്തി.രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയാതെ പൊമ്പിളൈ ഒരുമൈ സമരത്തിനെത്തി, നേതൃനിരയിലേക്കുയര്‍ന്ന തൊഴിലാളിസ്ത്രീയുടെ പോരാട്ടവീര്യത്തിന് ഇപ്പോഴും കുറവില്ല.. .. സമരം വിജയിക്കുമെന്ന ശുഭപ്രതീക്ഷയില്‍ ഗോമതി സമരപ്പന്തലില്‍ തുടരുന്നു.

ചെങ്ങറയിലെ സമരഭൂമിയിലെത്തിയപ്പോഴാണ് മൂന്നാറിലെ മണ്ണില്‍ ഓരോ തോട്ടം തൊഴിലാളിക്കുമുള്ള അവകാശത്തെക്കുറിച്ച് ബോധവതിയാകുന്നത്. ഇങ്ങനെയൊരു ദിവസമായിരുന്നു മണ്ണിന്‍റെ രാഷ്ട്രീയം പറഞ്ഞ് സികെ ജാനുവും പനവല്ലിയില്‍ നിന്നും മുളച്ചു പൊന്തിയത്. അതിനു വേണ്ടി ആദ്യ കണ്‍വെന്‍ഷന്‍ വിളിച്ച ദിവസമാണ്, മന്ത്രി മണിയുടെ പ്രസ്താവന വന്നത്. ആ നിമിഷം തെരുവിലേയ്ക്കിറങ്ങിയതാണ് ഗോമതിയും കൂട്ടുകാരികളും- അവരിപ്പോഴും മൂന്നിറിലെ തെരുവിലുണ്ട്. മണിയും മണ്ണും അവരുടെ വിഷയമാണ്.


വനിതാ ദിനത്തില്‍ ഗോമതിയെ കുറിച്ച് നാരദ ന്യൂസ് ഇങ്ങനെ എഴുതി: പൊമ്പിള ഗോമതി; ചായത്തോട്ടത്തിലെ കൊടുങ്കാറ്റ്: മൂന്നാറില്‍ മഹാപ്രക്ഷോഭം പ്രഖ്യാപിക്കുന്നു