വള്ളി ഗണേശന്റെ മൂലികനാപ്കിൻ: ജീവിക്കാന്‍ ഒരു പെണ്ണിന്‍റെ ഒറ്റമൂലി

പ്ലസ് റ്റൂ വരെ പഠിച്ച എനിക്ക് ഈ ജോലി ഇനിയും കൂടുതൽ ഉയരത്തിലെത്തിക്കാം എന്ന് തോന്നുന്നു. സ്ത്രീകൾ എല്ലാവരും സ്വയം തൊഴിൽ ചെയ്താൽ ആരുടെ ദയയും പ്രതീക്ഷിക്കാതെ നന്നായി ജീവിക്കാൻ പറ്റും. ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകൾക്ക് നാപ്കിൻ ഉണ്ടാക്കാനുള്ള പരിശീലനം സൗജന്യമായി കൊടുക്കാൻ തയ്യാറാണ് ഞാൻ.

വള്ളി ഗണേശന്റെ മൂലികനാപ്കിൻ: ജീവിക്കാന്‍ ഒരു പെണ്ണിന്‍റെ ഒറ്റമൂലി

പ്ലസ് റ്റൂ വരെ വിദ്യാഭ്യാസം. മൂന്ന് കുട്ടികളുടെ അമ്മ. പട്ടിണിയും ദാരിദ്ര്യവും വീർപ്പുമുട്ടിച്ചിരുന്ന കാലം. അങ്ങിനെയൊരു ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ട്രിച്ചിയിലെ മുസിരി സ്വദേശിയായ വള്ളി ഗണേശൻ ഇപ്പോൾ വിജയിച്ച് വാർത്തകളിൽ എത്തിയത്. പ്രകൃതിദത്തമായ സാനിറ്ററി നാപ്കിൻ ഉണ്ടാക്കി വിൽക്കുന്നതാണ് വള്ളിയുടെ കച്ചവടം. കഷ്ടപ്പാടിന്റെ ദിനങ്ങളിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി വന്ന വഴിയെപ്പറ്റി വള്ളി ഗണേശൻ സംസാരിക്കുന്നു.

സ്വയം തൊഴിൽ ചെയ്യാനുള്ള തീരുമാനം എടുത്തത് എങ്ങിനെയായിരുന്നു?

ഞാൻ പ്ലസ് റ്റൂ വരെ പഠിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികൾ ആയപ്പോൾ കുടുംബത്തിൽ ദാരിദ്ര്യം മാത്രം. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം ഇല്ല. ആഹാരത്തിനും ബുദ്ധിമുട്ടുന്ന അവസ്ഥ. എന്റെ മകൾക്ക് എഞ്ചിനീയറിംഗ് പഠിക്കാനുള്ള പണം ഇല്ലാതെ കഷ്ടപ്പെട്ടപ്പോൾ, ബന്ധുക്കളോട് സഹായം ചോദിച്ചു. ആരും സഹായിച്ചില്ല. അപ്പോഴാണ് എങ്ങിനെയെങ്കിലും സ്വന്തം തൊഴിൽ ചെയ്ത് വലിയ നിലയിലെത്തണമെന്ന് തീരുമാനിച്ചത്. ഒരു എഫ് എം പരിപാടിയിൽ സ്വയം തൊഴിലിനെപ്പറ്റി അറിയാൻ കഴിഞ്ഞു. തമിഴ് നാട് മഗളിയർ തൊഴിൽ മുനൈവോർ സംഘത്തിനെപ്പറ്റിയും അതിന്റെ സാരഥി മണിമേഖലയെപ്പറ്റിയും അറിഞ്ഞു. അവരുമായി സംസാരിച്ചു. അവർ സഹായിച്ച്, നാപ്കിൻ ഉണ്ടാക്കാൻ പഠിക്കാൻ തുടങ്ങി. പിന്നീട്, ബാങ്കിൽ നിന്നും 15000 രൂപ ലോൺ എടുത്ത് സ്വന്തമായി നാപ്കിൻ ഉണ്ടാക്കാൻ തുടങ്ങി. പല ഏറ്റക്കുറച്ചിലുകളും ഉണ്ടായെങ്കിലും, ഇപ്പോൾ നല്ല നിലയിലെത്തി.

ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നാപ്കിൻ ഉണ്ടാക്കാനുള്ള ആശയം എങ്ങിനെ ഉണ്ടായി?

ആദ്യം ചെറിയ തയ്യൽ മഷീൻ ഉപയോഗിച്ചും പിന്നീട് ലോൺ എടുത്ത് വലിയ തയ്യൽ മഷീൻ ഉപയോഗിച്ചും നാപ്കിൻ ഉണ്ടാക്കിയതിൽ പ്ലാസ്റ്റിക് ഉപയോഗിക്കണമായിരുന്നു. പ്ലാസ്റ്റിക് നാപ്കിൻ ഉപയോഗിച്ച സ്ത്രീകൾ പലർക്കും പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പറഞ്ഞു. ഞാൻ ചെയ്യുന്ന തൊഴിലിൽ കസ്റ്റമറുടെ ആരോഗ്യം പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാക്കി. അതുകൊണ്ട്, കൂടുതൽ പഠിച്ചും പരീക്ഷണങ്ങൾ നടത്തിയും വേപ്പില, തുളസി, കറ്റാർ വാഴ എന്നിവ ഉപയോഗിച്ച് നാപ്കിൻ ഉണ്ടാക്കി. ആ മൂലികകളിലുള്ള ഈർപ്പം പ്രശ്നമുണ്ടാക്കിയപ്പോൾ അതിനെയും പരിഷ്കരിക്കാൻ തീരുമാനിച്ചു. അങ്ങിനെയാണ് മൂലികകളെ പൊടിയാക്കി മാറ്റി, അത് പഞ്ഞിയിൽ തൂവി പായ്ക്കറ്റുകളിലാക്കി വില്പന തുടങ്ങി.

മൂലിക നാപ്കിന്റെ സ്വീകരണം എങ്ങിനെയായിരുന്നു?

പ്ലാസ്റ്റിക് ഒഴിവാക്കി പഞ്ഞിയിൽ മുഴുവൻ മൂലികകൾ ഉപയോഗിച്ചത് കാരണം സ്ത്രീകൾക്ക് ഉണ്ടാകാറുള്ള വെള്ളപോക്ക്, ഗർഭപാത്രത്തിലിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കുറഞ്ഞു. ഞങ്ങളുടെ മൂലികനാപ്കിൻ ഉപയോഗിച്ച സ്ത്രീകൾ പറഞ്ഞതാണ്. മൂലികനാപ്കിന് ആവശ്യക്കാർ കൂടുതലായി. ദൂരസ്ഥലങ്ങളിലേയ്ക്കും സപ്ലൈ ചെയ്യാൻ തുടങ്ങി. പല സ്ഥലങ്ങളിലും ചെന്ന് പരിശീലനം നൽകി.

ഇപ്പോൾ കുടുംബത്തിന്റെ അവസ്ഥ എങ്ങിനെയാണ്?

ഇപ്പോൾ, ഈ തൊഴിലിൽ, എന്റെ മകളും രണ്ട് ആൺ മക്കളും പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ സഹായിക്കാറുണ്ട്. പഞ്ഞി മുറിയ്ക്കുന്നത്, തുന്നൽ, മൂലികപ്പൊടി ചേർക്കുന്നത്, ഫിനിഷിംഗ്, കവറിലാക്കുന്നത് എന്നിങ്ങനെ എല്ലാ ജോലികളിലും അവർ സഹായിക്കാറുണ്ട്. അതുകൊണ്ട് ജോലി പുരോഗമിച്ച് കുടുംബം നല്ല നിലയിലെത്തി. കുറച്ച് സ്ത്രീകൾക്ക് നേരിട്ടും അല്ലാതെയും ജോലി കൊടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം നേപ്പാളിൽ പോയി അവിടെ ഒരു പരിപാടിയിൽ വച്ച് ധാരാളം സ്ത്രീകൾക്ക് നാപ്കിൻ ഉണ്ടാക്കുന്നതിനെപ്പറ്റി പറഞ്ഞു കൊടുത്തു. അവിടെ വായിക്കാൻ പോലും അറിയാത്ത പല സ്ത്രീകളും സ്വയം തൊഴിൽ ചെയ്ത് നല്ല നിലയിൽ ജീവിക്കുന്നുണ്ട്. പ്ലസ് റ്റൂ വരെ പഠിച്ച എനിക്ക് ഈ ജോലി ഇനിയും കൂടുതൽ ഉയരത്തിലെത്തിക്കാം എന്ന് തോന്നുന്നു. സ്ത്രീകൾ എല്ലാവരും സ്വയം തൊഴിൽ ചെയ്താൽ ആരുടെ ദയയും പ്രതീക്ഷിക്കാതെ നന്നായി ജീവിക്കാൻ പറ്റും. ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകൾക്ക് നാപ്കിൻ ഉണ്ടാക്കാനുള്ള പരിശീലനം സൗജന്യമായി കൊടുക്കാൻ തയ്യാറാണ് ഞാൻ.

കടപ്പാട്: വികടൻ