ജനമർദ്ദകരായ യതീഷ് ചന്ദ്രമാരെ ഭയമില്ലാത്ത അലൻമാരുടേതാണ് പുതിയ തലമുറ

ജനകീയ സമരത്തിന്റെ ഏറ്റവും പുതിയ മുഖമായിരുന്നു പുതുവൈപ് ഐ ഓ സി പ്ലാന്റിന് എതിരെയുള്ള സമരം. കുട്ടികളുടെ സമര സമിതിയിലെ അംഗമായിരുന്ന അലൻ ആണ് എപ്പോൾ സമരത്തിന്റെ താരം...

ജനമർദ്ദകരായ യതീഷ് ചന്ദ്രമാരെ ഭയമില്ലാത്ത അലൻമാരുടേതാണ് പുതിയ തലമുറ

കാക്കനാട് കളക്ടറേറ്റിലെ മനുഷ്യാവകാശ കമ്മീഷന്‍ ചേംബര്‍ ആ ഒരൊറ്റ ചോദ്യം കേട്ട് അമ്പരന്നു. പിന്നെ ചോദ്യകര്‍ത്താവിനെ ചിരിയോടെ നോക്കി. ചോദ്യം ഇതായിരുന്നു, ''ഈ സാറല്ലേ അമ്മേ അപ്പച്ചനേം ചേട്ടനേം എന്നേം തല്ലീത്?'' ഒറ്റച്ചോദ്യം കൊണ്ട് മുന്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നാവടപ്പിച്ച കുഞ്ഞു വൈപ്പിന്‍കാരന്റെ പേരാണ് അലന്‍. പുതുവൈപ്പിന്‍ സ്വദേശി നെല്‍സണ്‍ന്റെയും ലിജിയുടെയും ഇളയ മകന്‍.

അതിജീവനത്തിന്റെ ജനകീയ സമരമായിരുന്നു കേരളം പുതുവൈപ്പില്‍ കണ്ടത്. അന്ന് പൊലീസ് ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ച് വണ്ടിയില്‍ കയറ്റുമ്പോള്‍ രണ്ടാണ്‍മക്കളെയും ചേര്‍ത്തു പിടിച്ച് ഉറക്കെ നിലവിളിക്കുന്ന ഒരച്ഛന്റെ ചിത്രം മാധ്യമങ്ങളുടെ മുന്‍പേജില്‍ തന്നെ വന്നിരുന്നു. അച്ഛനോട് ചേര്‍ന്ന് നിന്ന് നിലവിളിച്ച രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ അലനായിരുന്നു. തൊട്ടടുത്ത വീട്ടിലെ ജ്യോതിഷ് ചേട്ടനെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ടു പോകുമ്പോള്‍ പുറകിലൂടെ ലാത്തിക്ക് അടിക്കുന്ന പൊലീസുകാരനെ വളരെ വ്യക്തമായിത്തന്നെ അലന്‍ കണ്ടിരുന്നു. അതുകൊണ്ടാണ്, അതേ പൊലീസുകാരന്‍ - യതീഷ് ചന്ദ്ര- തന്റെ തൊട്ടടുത്ത് നിന്ന് 'അമ്മമാരെയും കുട്ടികളെയും ഞാന്‍ ഒന്നും ചെയ്തിട്ടില്ല' എന്ന് ജഡ്ജിയോട് പറഞ്ഞപ്പോള്‍, 'ഈ അങ്കിളാണ് ഞങ്ങളെ തല്ലിയത്' എന്ന്് അവന്‍ ചൂണ്ടിക്കാണിച്ചത്.

''വൈപ്പിനില്‍ എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികള്‍ക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. അവരുടെ വെക്കേഷന്‍ സമയത്താണ് ഞങ്ങള്‍ ഐഒസി പ്ലാന്റിന് മുന്നില്‍ സമരം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ മുഴുവന്‍ സമയം സമരപ്പന്തലിലുണ്ടായിരുന്നു. പാചകവാതക പ്ലാന്റ് മൂലം എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കാരും പറഞ്ഞുകൊടുക്കേണ്ടതായും വന്നില്ല. ജനകീയ സമരമായതു കൊണ്ട് തന്നെ എല്ലാവരും പരസ്പരം എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. സമരപ്പന്തലില്‍ തന്നെയായിരുന്നു ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചുകൊണ്ടിരുന്നത്. ഞാനും അലന്റെ അപ്പച്ചനും ആല്‍ഫിനും അലനും കൂടെയായിരുന്നു സമരത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ആദ്യം മുതലുള്ള കാര്യങ്ങള്‍ അവനറിയാമായിരുന്നു. അവന് മാത്രമല്ല, ഇവിടെ സമരത്തില്‍ പങ്കെടുത്ത ഓരോ കുട്ടിക്കും.'' വൈപ്പിനില്‍ എങ്ങനെയാണ് കുട്ടികളുടെ സമരസമിതി ഉണ്ടായതെന്ന് അലന്റെ അമ്മ ലിജി പറയുന്നു. സമരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു.

അപ്പച്ചനെയും ചേട്ടനെയും പൊലീസ് ഉപദ്രവിക്കുന്നത് കണ്ട അലന്‍ ഒരു ദിവസം മുഴുവന്‍ നിര്‍ത്താതെ കരച്ചിലായിരുന്നു എന്നും ലിജി കൂട്ടിച്ചേര്‍ക്കുന്നു. വൈപ്പിനിലെ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അലന്‍. 'അലന്റെ കരച്ചില്‍ കണ്ടിട്ട് സഹിക്കുന്നില്ല എന്ന് പറഞ്ഞ് അവന്റെ സ്‌കൂളിലെ ടീച്ചേഴ്‌സ് എന്നെ വിളിച്ചിരുന്നു. സമരവും പൊലീസും തല്ലുകൊണ്ടതും എല്ലാം അവന്‍ അവരോട് പോയി പറഞ്ഞിരുന്നു. എന്തിനാണ് കുഞ്ഞുങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.'' ലിജി പറയുന്നു. കുട്ടികളുടെ സമരസമിതിയിലും അലന്‍ സജീവമായിരുന്നു. പരിചയമില്ലാത്തവരുടെ ഇടയില്‍ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് അലന്‍. എന്നാല്‍ സ്‌കൂളിലും വീട്ടിലും വിശേങ്ങള്‍ പറയാന്‍ അവന്‍ മിടുക്കനാണ്. പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നതാണ് അവന്റെ മറ്റൊരു പ്രത്യേകത. ജഡ്ജിയുടെ മുന്നിലും അത് തന്നെയാണ് സംഭവിച്ചത്.

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം പങ്കെടുത്ത സമരമായിരുന്നില്ല പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിന് മുന്നില്‍ നടന്നത്. ഓരോ കുടുംബവും കുഞ്ഞുങ്ങളടക്കം എല്ലാവരും ഐഒസി പ്ലാന്‍ിന് മുന്നില്‍ മുദ്രാവാക്യവുമായി അണിനിരന്നു. അവിടെ വച്ചാണ് പൊലീസ് അതിക്രൂരമായി സമരക്കാരെ ലാത്തികൊണ്ട് നേരിട്ടത്. വൈപ്പിനില്‍ നടന്ന പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ യതീഷ് ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന് വേണ്ടിയാണ് സമരത്തില്‍ പങ്കെടുത്തവരും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ കാക്കനാട് കളക്ടറേറ്റില്‍ എത്തിയത്. ജഡ്ജിയുടെ ചേംബറിന് മുന്നില്‍, മേശയിലേക്ക് കൈകുത്തി, എല്ലാവരും പറയുന്നത് ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അലന്‍. അപ്പോഴാണ്, വൈപ്പിനില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് യതീഷ് ചന്ദ്രയുടെ വാദം. ആ വാദത്തെയാണ് അലന്‍ ഒറ്റ ചോദ്യം കൊണ്ട് തകര്‍ത്തുകളഞ്ഞത്.

പുതുവൈപ്പിനില്‍ ജനകീയ സമരം ആരംഭിച്ചിച്ച് ഇരുനൂറ് ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും അവിടെ സമരം നടന്നു കൊണ്ടിരിക്കുന്നു. പൊലീസ് മര്‍ദ്ദനം നടന്നതിന് ശേഷമാണ് പൊതു സമൂഹത്തിന്റെ മുന്നിലേക്ക് ഈ പ്രശ്‌നം എത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അതിഭീകരമായ മനുഷ്യാവകാശ ലംഘനമാണ് അവിടെ പൊലീസ് നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസിന് മുന്നിലായിരുന്നു വാദം. തനിക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിത എതിരാളിയോട് പേര് ചോദിക്കാന്‍ മാത്രമേ യതീഷ്ചന്ദ്രയ്ക്ക് കഴിഞ്ഞുള്ളൂ. അലൻ ഒരു പ്രതീക്ഷയാണ്, പ്രതിരോധത്തിന്റെ പുത്തൻ തലമുറയുടെ പ്രതിനിധിയും.

Read More >>