ആദ്യ ചോദ്യം കാട്ടായിക്കോണത്തിന്റേത്, അടിയന്തരപ്രമേയം എം എം മത്തായി വക: ചരിത്രത്തിൽ നിന്നൊരു നിയമസഭാവലോകനം

തടവുകാർക്ക് ശിക്ഷാ ഇളവു നൽകി പുറത്തുവിട്ടതോടെ നാടുമുഴുവൻ അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും ഉണ്ടായതായി അറിയാമോയെന്ന് കെ എം ജോർജ്. അതു തെറ്റാണെന്ന് മന്ത്രി മറുപടി പറഞ്ഞയുടൻ ഇ പി ഗോപാലൻ ചോദ്യവുമായി എഴുന്നേറ്റു. നാടുമുഴുവൻ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും ഇല്ലാതെ കഴിയുന്നതിനും ശാന്തിയും സമാധാനവും വരുവാനും വേണ്ടി ഇനി ആരെയൊക്കെ ജയിലിൽ അയയ്ക്കണമെന്നുള്ളതിന്റെ ഒരു ലിസ്റ്റ് പ്രതിപക്ഷത്തു നിന്നും നൽകാമോ എന്ന ചോദ്യം പക്ഷേ, സ്പീക്കർക്കിഷ്ടപ്പെട്ടില്ല. ഈ ചോദ്യം താൻ അനുവദിക്കുന്നില്ലെന്ന് നിഷ്കരുണം അദ്ദേഹം വ്യക്തമാക്കി.

ആദ്യ ചോദ്യം കാട്ടായിക്കോണത്തിന്റേത്, അടിയന്തരപ്രമേയം എം എം മത്തായി വക: ചരിത്രത്തിൽ നിന്നൊരു നിയമസഭാവലോകനം

രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം നമ്മുടെ സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ള വിഹിതം എത്ര?

ഒന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ ആദ്യം ഉയർന്ന ചോദ്യം. ചോദ്യകർത്താവ് ഉള്ളൂർ എംഎൽഎ കമ്മ്യൂണിസ്റ്റു പാർടിയിലെ കാട്ടായിക്കോണം വി ശ്രീധരൻ. എൺപത്തിയേഴ് കോടിയെന്ന് ഇഎംഎസിന്റെ മറുപടി.

നക്ഷത്രചിഹ്നമിട്ട ആകെചോദ്യങ്ങൾ 30. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ 20.

പിണറായി സർക്കാരിതാ കുറ്റവാളികളെ തുറന്നുവിടാൻ പോകുന്നു എന്ന പ്രചാരണത്തിന്റെ അലയൊലികളുടെ പശ്ചാത്തലത്തിൽ അന്നത്തെ നിയമസഭാ നടപടികൾ സാകൂതം വായിക്കുമ്പോൾ കണ്ണിൽപ്പെടുന്നൊരു കൌതുകമുണ്ട്. മൂന്നാം ചോദ്യത്തിന് നിയമമന്ത്രി വി ആർ കൃഷ്ണയ്യർ പറഞ്ഞ മറുപടിയും ഉപചോദ്യങ്ങളിലൂടെ വികസിച്ച ചർച്ചയും. ഇളവു ചെയ്ത ശിക്ഷകളുടെ സ്വഭാവം എന്നാണ് തലക്കെട്ടു തന്നെ.

സർക്കാർ അധികാരമേറ്റശേഷം എത്രപേർക്ക് ശിക്ഷകൾ ഇളവു ചെയ്തു കൊടുത്തുവെന്ന ചോദ്യം തൊടുപുഴ എംഎൽഎയായിരുന്ന കോൺഗ്രസിലെ സി എ മാത്യുവിന്റെ വക.

രണ്ടുചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചാൽ മറുപടി പറയാൻ എളുപ്പമുണ്ടെന്നും സമയം ലാഭിക്കാമെന്നും ന്യായം പറഞ്ഞ മന്ത്രി കൃഷ്ണയ്യരോട് സ്പീക്കറുടെ വക കർശനമായ ഇടപെടൽ. ഓരോ ചോദ്യത്തിനും പ്രത്യേകം മറുപടി പറയണമെന്നും പല ചോദ്യങ്ങൾക്ക് ഒരുമിച്ച് ഉത്തരം പറയുന്നത് നടപടികൾക്കു യോജിച്ചതല്ലെന്നും അറുത്തുമുറിച്ചു തന്നെ സ്പീക്കർ വ്യക്തമാക്കി. തുടർന്ന് കൃഷ്ണയ്യരുടെ മറുപടി.

എന്തു പരിഗണന വച്ചാണ് ശിക്ഷാ ഇളവെന്ന ചോദ്യത്തിന്, കേരളാ സ്റ്റേറ്റ് രൂപീകൃതമായതിനുശേഷം ആദ്യമായി നാട്ടുകാരുടെ പ്രതിനിധികളെ ഭരണം ഏൽപ്പിച്ചതിനെ മുൻ നിർത്തിയാണ് ഇങ്ങനെയൊരു നടപടിയെടുത്തത് എന്ന് രാഷ്ട്രീയമുന വച്ചു തന്നെ മറുപടി തുടങ്ങുന്നു. ആ മറുപടി ഇങ്ങനെ തുടരുന്നു:

ഒരു സ്കെയിൽ ഫിക്സു ചെയ്തിട്ടുണ്ട്. അതിൽ മൂന്നു മാസത്തിനു താഴെ ശിക്ഷയുള്ളവർക്ക് ഇത്ര ഇളവ്, അതിൽ കൂടുതൽ ഉള്ളവർക്ക് ഇത്ര ഇളവു കൊടുത്തിട്ടുണ്ടെന്നു കാണാൻ കഴിയും. രാഷ്ട്രീയ തടവുകാർ എന്നു കരുതപ്പെടുന്നവരെയാണ് ഇങ്ങനെ വിട്ടിട്ടുള്ളത്. രാഷ്ട്രീയകേസുകളിലെ വാറണ്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതാ വരുന്നു സിഎച്ച് മുഹമ്മദു കോയയുടെ ചാട്ടുളിച്ചോദ്യം.

ഇങ്ങനെ ശിക്ഷ ഇളവു ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ ഉൾപ്പെടുന്നുണ്ടോ?

എ എ റഹീമിന്റെയും സി എ മാത്യുവിന്റെയും ഇടപെടലുകളിൽ ആ ചോദ്യം മുങ്ങിപ്പോയി.

രാഷ്ട്രീയ തടവുകാർ എന്ന കൃഷ്ണയ്യരുടെ പ്രയോഗത്തിൽ കയറിപ്പിടിച്ചത് പിടി ചാക്കോയാണ്. രാഷ്ട്രീയ തടവുകാരെന്നു കൊടുത്തിരിക്കുന്ന നിർവചനം പീനൽ കോഡിൽ കൊടുത്തിട്ടുള്ള ഏതെല്ലാം കുറ്റങ്ങൾക്കാണെന്നു പറയാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഡോൺ സ്റ്റുവർട്ട് മില്ലിനെയും ഇംഗ്ലണ്ടിലെ നിയമവുമൊക്കെ ഉദ്ധരിച്ച് കൃഷ്ണയ്യരുടെ മറുപടി.

പിടി ചാക്കോ വിട്ടില്ല. രാത്രിയിൽ ഒരാൾ കിടന്നുറങ്ങുമ്പോൾ അഞ്ചിലധികം ആളുകൾ നിയമവിരുദ്ധമായി സംഘം ചേർന്ന് അയാളെ കുത്തിക്കൊന്നാലും രാഷ്ട്രീയ കുറ്റമാണെന്നാണോ വിചാരിക്കുന്നത് എന്നായി അദ്ദേഹം. നിയമപണ്ഡിതരോടു ചോദിക്കണമെന്ന് കൃഷ്ണയ്യരുടെ മറുതട്ട്.

എത്ര കമ്മ്യൂണിസ്റ്റുകാരെ തടവിൽ നിന്നു വിട്ടുവെന്ന് തുടർ ചോദ്യങ്ങൾ. കൃഷ്ണയ്യരുടെ എങ്ങും തൊടാത്ത മറുപടികൾ. ചർച്ചയിൽ മാവേലിക്കര എംഎൽഎ കമ്മ്യൂണിസ്റ്റു പാർടിയിലെ പി കെ കുഞ്ഞച്ചൻ ഇടപെട്ടതോടെ പഴയ സർക്കാരുകളുടെ സമാന ഇടപെടലുകളിലേയ്ക്കു ചർച്ച വഴിതിരിഞ്ഞു. അതിനിടെ ശൂരനാട് കേസിലെ പ്രതിയായിരുന്നു സ്പീക്കർ ശങ്കരനാരായണൻ തമ്പിയെന്നു സ്ഥാപിക്കുന്ന ചോദ്യവുമായി തോപ്പിൽഭാസി എഴുന്നേറ്റു.

തടവുകാർക്ക് ശിക്ഷാ ഇളവു നൽകി പുറത്തുവിട്ടതോടെ നാടുമുഴുവൻ അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും ഉണ്ടായതായി അറിയാമോയെന്ന് കെ എം ജോർജ്. അതു തെറ്റാണെന്ന് മന്ത്രി മറുപടി പറഞ്ഞയുടൻ ഇ പി ഗോപാലൻ ചോദ്യവുമായി എഴുന്നേറ്റു. നാടുമുഴുവൻ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും ഇല്ലാതെ കഴിയുന്നതിനും, ശാന്തിയും സമാധാനവും വരുവാനും വേണ്ടി ഇനി ആരെയൊക്കെ ജയിലിൽ അയയ്ക്കണമെന്നുള്ളതിന്റെ ഒരു ലിസ്റ്റ് പ്രതിപക്ഷത്തു നിന്നും നൽകാമോ എന്ന ചോദ്യം പക്ഷേ, സ്പീക്കർക്കിഷ്ടപ്പെട്ടില്ല. ഈ ചോദ്യം താൻ അനുവദിക്കുന്നില്ലെന്ന് നിഷ്കരുണം അദ്ദേഹം വ്യക്തമാക്കി.

അരി വിലക്കയറ്റത്തെക്കുറിച്ച് കല്ലൂപ്പാറ എംഎൽഎ എം എം മത്തായിയുടെ അടിയന്തരപ്രമേയമാണ് കേരള നിയമസഭ പരിഗണിച്ച ആദ്യത്തെ അടിയന്തര പ്രമേയം. അന്നേദിവസം അനേകം ചോദ്യങ്ങളിലൂടെ പ്രതിപാദിച്ച വിഷയമായതിനാലും തുടർന്ന് പല സന്ദർഭങ്ങളിലും ചർച്ച നടക്കാൻ സാധ്യത ഉള്ളതിനാലും അടിയന്തര സ്വഭാവം ഉണ്ടെങ്കിലും പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിക്കുന്നു എന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്. ഗൌരവാവഹമായ ഇക്കാര്യത്തിൽ മന്ത്രിസഭയുടെയും നിയമസഭയുടെയും അടിയന്തര ശ്രദ്ധ പതിയണമെന്നും കൂടി സ്പീക്കർ ആവശ്യപ്പെട്ടു.

കണ്ണൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ തൊഴിൽപ്രശ്നങ്ങളെക്കുറിച്ച് കൊയിലാണ്ടി എംഎൽഎ കുഞ്ഞുരാമൻ നമ്പ്യാർ നൽകിയ അടിയന്തര പ്രമേയവും സ്പീക്കർ പരിഗണിച്ചു. എന്നാൽ പ്രമേയത്തെക്കുറിച്ചു തനിക്കു നോട്ടീസ് കിട്ടിയിട്ടില്ല എന്നായിരുന്നു മന്ത്രി ടി വി തോമസിന്റെ നിലപാട്. അക്കാരണം പറഞ്ഞ് സ്പീക്കർ പ്രമേയം തള്ളി. തന്റെ കൈവശം പ്രമേയത്തിന്റെ പകർപ്പുണ്ടെന്ന ന്യായവുമായി കുഞ്ഞിരാമൻ നമ്പ്യാർ എഴുന്നേറ്റെങ്കിലും സ്പീക്കർ വഴങ്ങിയില്ല.

തുടർന്നു സ്പീക്കർ പരിഗണിച്ച അടിയന്തര പ്രമേയത്തിലെ വാക്യഘടന കൌതുകരമാണ്.

കുന്നത്തൂർ പഞ്ചായത്തിൽ അനേകകാലങ്ങളായി ജനങ്ങൾ സഞ്ചരിച്ചു വരുന്നതും, ആലുവാ ചിത്രപ്പുഴ റോഡിൽ പള്ളിക്കര ക്ഷേത്രത്തിനു സമീപത്തു നിന്നും പിണർമുണ്ട പുത്തൻ ചുങ്കം മുതലായ സ്ഥലങ്ങളിലേയ്ക്കു പോകുന്നതുമായ പള്ളിക്കര - പിണർമുണ്ട റോഡിൽ അറക്കാലം ഭാഗത്തു 150 അടി നീളം വരുന്ന സ്ഥലം അയൽഭൂമിയുടമസ്ഥന്മാർ കുറേ മുഷ്കന്മാരുടെ സഹായത്തോടു കൂടി അടച്ചുകെട്ടി തങ്ങളുടെ സ്ഥലത്തോടു ചേർത്തു മാർഗതടസം വരുത്തിയതിൽനിന്നും ഉളവായിട്ടുള്ള അടിയന്തരവും, പൊതുപ്രാധാന്യം അർഹിക്കുന്നതുമായ അസമാധാനാവസ്ഥയെക്കുറിച്ച് ആലോചിക്കാൻ സഭാനടപടികൾ നിറുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

ആരായിരുന്നു ഈ പ്രമേയത്തിനു പിന്നിലെന്ന് സഭാരേഖകളിൽ വ്യക്തമല്ല. വിഷയം പ്രാദേശിക പ്രശ്നമാണെന്നും വിവരങ്ങൾ ചോദ്യത്തിനു മറുപടിയായി തരാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നുമായിരുന്നു സ്പീക്കറുടെ തീർപ്പ്. വിഷയത്തിന് അടിയന്തരസ്വഭാവം ഇല്ലെന്നുകൂടി പ്രഖ്യാപിച്ച് അദ്ദേഹം പ്രമേയം തളള്ളി.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ചത് ഇ ഗോപാലകൃഷ്ണ മേനോൻ. മുൻഗാമിയായ കോൺഗ്രസ് സർക്കാരിനെക്കുറിച്ചു പരാമർശിച്ചപ്പോൾ മൃഗീയ ഭൂരിപക്ഷം എന്ന വാക്കു പ്രയോഗിച്ചതിനെക്കുറിച്ച് പോയിന്റ് ഓഫ് ഓർഡറിന്റെ രൂപത്തിൽ ജോസഫ് ചാഴിക്കാടന്റെ കുസൃതി . ഈ മൃഗീയ മൃരിപക്ഷം എന്നു പറയുന്നതിന്റെ പരിധി എത്രയാണെന്നു പറയാമോ എന്ന ചോദ്യം പ്രസംഗകൻ അവഗണിച്ചു. തുടർന്ന് ഗംഭീര ചർച്ച. 1957 മെയ് ആറ് തിങ്കളാഴ്ച വീണ്ടും ചേരുമെന്നറിയിച്ച് സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിക്കുമ്പോൾ സമയം ഉച്ച കഴിഞ്ഞ് ഒരു മണി.