കുഞ്ഞുതുമ്പികളെ എടുത്തു കുതിരപ്പുറത്ത് ഇരുത്തണോ?

ഇന്ത്യയുടെ പൈതൃകവും കലാരൂപങ്ങളും പ്രോത്സാഹിപ്പിക്കാതെ അന്യന്റെ നാട്ടിലെ വിനോദം പരിശീലിപ്പിക്കുക വഴി നമ്മുടെ കുട്ടികൾ എന്താണ് നേടുന്നത്?

കുഞ്ഞുതുമ്പികളെ എടുത്തു കുതിരപ്പുറത്ത് ഇരുത്തണോ?

ഡോ .റോബിൻ ആചാര്യ (ബിഹേവിയറൽ സൈക്കോളജിസ്റ്റ്)

ഇപ്പോൾ വിദ്യാലങ്ങളുടെ പരസ്യത്തിനൊപ്പം എടുത്തു കാണിക്കുന്ന ചിലത് ശ്രദ്ധിച്ചിട്ടുണ്ടോ? കുതിര സവാരി,റോളർ സ്‌കേറ്റിങ് തുടങ്ങിയ നമ്മുക്ക് അത്ര പരിചിതം അല്ലാത്തവ കൂടി പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നു എന്നാണ് സ്കൂളുകളുടെ അവകാശവാദം.സ്വന്തം പിതാവാരാണ് എന്ന് തിരഞ്ഞു നടക്കുന്നതിനു തുല്യമാണ് വിദ്യാലയങ്ങളുടെ ഈ പ്രവൃത്തിയെന്നു പറയേണ്ടി വരും

അപാരമായ പ്രൗഡിയോടെ നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളും, അമേരിക്കൻ ശൈലികളും ,പാശ്ചാത്യ ഭക്ഷണങ്ങൾ ലഭിക്കുന്ന കാന്റീനുകൾ ,റോളർ സ്‌കേറ്റിങ് പരിശീലനം,കുതിര സവാരി ,ഗോൾഫ്,ബില്യാർഡ്‌സ് തുടങ്ങിയ സായിപ്പിന്റെ നാട്ടിലെ ശൈത്യകാല വിനോദങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഇവര്‍ കണ്ടെത്തുന്ന മെച്ചം സാമ്പത്തികമല്ലാതെ മറ്റൊന്നും ഉണ്ടാകാനിടയില്ല. ഇതുക്കൊണ്ടു മാത്രം ഒരു സ്‌കൂളും ഒരിക്കലും ഇന്റർനാഷണല്‍ ആകുന്നുമില്ല.

ഇന്ത്യയുടെ പൈതൃകവും കലാരൂപങ്ങളും പ്രോത്സാഹിപ്പിക്കാതെ അന്യന്റെ നാട്ടിലെ വിനോദം പരിശീലിപ്പിക്കുക വഴി നമ്മുടെ കുട്ടികൾ എന്താണ് ഹേ നേടുന്നത്? ഏതു രീതിയിലുള്ള ജീവിതവിജയത്തിന്റെ അടിസ്ഥാന കളരിയാകും ഇത്?

അധ്യാപകൻ = അജ്ഞാത എന്നൊരു സമവാക്യം നമ്മുടെ നാട്ടിൽ ഉണ്ടാക്കും എന്നല്ലാതെ മറ്റൊരു മെച്ചവും അതിനുണ്ടാകില്ല..

ഏതു തരത്തിലുള്ള വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യയുടെ ആവശ്യം?

1) വസുധൈവ കുടുംബകം -ലോകമേ തറവാട് എന്ന ടാഗോർ വിഭാവനം ചെയ്ത അന്താരാഷ്ട്ര വിദ്യാലയങ്ങള്‍

2) സങ്കുചിതമായ കാഴ്ച്ചപാടുകളും,വിഭാഗീയമായ ഭേദചിന്തകളും കൊണ്ട് മനുഷ്യ ബന്ധങ്ങൾക്ക് മതിലുകൾ തീർക്കാത്ത വിദ്യാലയം.

3) കോർപ്പറേറ്റ് ദാസ്യവര്‍ത്തിക്കും,പണ സമ്പാദനത്തിനു മാത്രമായി യന്ത്രങ്ങളെ അട വച്ച് വിരിയിക്കുന്ന പഠന സമ്പ്രദായം ഒഴിവാക്കപ്പെടണം.

4) മനുഷ്യത്വത്തിനും,മനുഷ്യ സ്നേഹത്തിനും മൗലിക പ്രാധാന്യം കൽപ്പിക്കുന്ന, അവയെ പരിശീലിപ്പിക്കുന്നവ

5) പൊതു ജീവിതത്തിലും, കുടുംബ ജീവിതത്തിലും പാലിക്കേണ്ട മാന്യത, സഹിഷ്ണുത, ക്ഷമ ശുചിത്വം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകുന്ന വിദ്യാലയങ്ങൾ.

6) രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നവരും അങ്ങനെ പൗരബോധമുള്ളവരെ വാർത്തെടുക്കുന്നവയായിരിക്കണം വിദ്യാലയങ്ങൾ.

7) ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി അവനു താൽപ്പര്യമുള്ള മേഖല തിരഞ്ഞെടുക്കുവാനും പ്രാപ്തനാക്കുവാനുള്ള ജാഗ്രതയുള്ള സ്കൂളുകള്‍.

8) ട്രാഫിക്ക് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു നിയങ്ങളും അനുസരിക്കേണ്ടത് ശിക്ഷിക്കപ്പെടും എന്ന ഭയം കൊണ്ടല്ല,മറിച്ച് അത് അനുസരിക്കേണ്ടത് തന്റെ കർത്തവ്യം ആണെന്നുമുള്ള നീതി ബോധം കുട്ടികളിൽ രൂഢ മൂലമാക്കുന്നതായിരിക്കണം വിദ്യാലയങ്ങൾ

9) മനുഷ്യജീവനും, മനുഷ്യത്വത്തിനും, സഹജീവികളോടുള്ള കരുണയ്ക്കും അങ്ങേയറ്റം പ്രാധാന്യം നൽകുന്ന നല്ല മനുഷ്യരെ വാർത്തെടുക്കുന്ന വിദ്യാലയങ്ങള്‍.

10) നമ്മുടെ നാട്ടിലെ ജോലിയോടുള്ള ആത്മാർത്ഥതയില്ലായ്മയും, പുറം തിരിഞ്ഞ തൊഴിൽ സംസ്ക്കാരവും അപ്പാടെ തിരുത്തുകയും ഉത്തരവാദിത്തമുള്ള ഒരു കൂട്ടം പൗരന്മാരെ സൃഷ്ട്ടിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന് വേണ്ടത്.

11) അവശരോടും, പ്രായമായവരോടും കരുണയും, ബഹുമാനും കാട്ടുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്ന വിദ്യാലയങ്ങൾ.

12)പക്ഷിമൃഗാദികളുടെയും, പ്രകൃതിയുടെയും സംരക്ഷണം തന്റെ കടമയായി കരുതുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്ന ഒരു സംസ്ക്കാരം പകരുന്ന വിദ്യാലയം.

ഇതിനെല്ലാം ഒപ്പം നമ്മുടെ കുട്ടികളെ നീന്തല്‍, പ്രഥമശുശ്രുഷ മാര്‍ഗ്ഗങ്ങള്‍ അടിസ്ഥാനപരമായ സൈനിക പരിശീലനം എന്നിവ നിര്‍ബന്ധമായി പരിശീലിപ്പിക്കാനാണ് സ്കൂളുകള്‍ ശ്രദ്ധിക്കേണ്ടത്.സംഗീത ഉപകരണങ്ങള്‍, കലാകായിക ഇനങ്ങള്‍ എന്നിവയിലും ഊന്നല്‍ നല്‍കട്ടെ. കൂടാതെ മതത്തെ ചുറ്റിപറ്റിയുള്ള അന്ധകാരത്തില്‍ ഒരു തിരി വെട്ടം പകരാനെങ്കിലും ഈ സ്ഥാപനങ്ങള്‍ക്ക് കഴിയേണ്ടതല്ലേ? മതത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിച്ചു ,ശാസ്ത്ര ബോധവും ,ശാസ്ത്ര ബോധത്തിൽ ഊന്നിയുള്ള ചിന്താരീതികളും നിർബന്ധമായും വിദ്യാലങ്ങൾ പരിശീലിപ്പിക്കണം .

"ഒരു വ്യക്തിയുടെ മാനസികവും,ബൗദ്ധികവുമായ ഗുണങ്ങളെയും,നന്മകളെയും കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം."മഹാത്മാ ഗാന്ധി.