തേക്കുന്നിടങ്ങളിലെല്ലാം പരസ്യവുമായി തലശ്ശേരിയിലെ തേപ്പ് കട

"വ്യക്തിത്വമാണ് വസ്ത്രം. അത് നിവർന്ന് തന്നെ നിൽക്കട്ടെ. തേക്കാനായി ഞങ്ങളെ വിളിക്കുക" എന്ന് പരസ്യ വാചകവും

തേക്കുന്നിടങ്ങളിലെല്ലാം പരസ്യവുമായി തലശ്ശേരിയിലെ തേപ്പ് കട

അമ്മയ്ക്കെതിരെ മാരക ട്രോളുമായി ഒരു 'തേപ്പ് കട'. പോസ്റ്ററുകളും പരസ്യങ്ങളും പലതരത്തിൽ വരാറുണ്ടെങ്കിലും, അതിനായി പല മാർഗ്ഗങ്ങളും പലരും പരീക്ഷിക്കാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമായിരിക്കും. കണ്ണൂർ തലശ്ശേരിയിലെ ഒരു ഇസ്തിരിക്കടയുടെ പരസ്യങ്ങൾ കണ്ടാൽ ആരും ഒന്നുകൂടെ ചിന്തിക്കും. എന്നിട്ട് ഒരു ബിഗ് സലൂട്ട് ചെയ്യും. അത്രയ്ക്കും മാരക ട്രോളുകളാണ് അവരുടെ പരസ്യങ്ങൾ.

പലതവണ തങ്ങളുടെ പോസ്റ്ററുകൾ കൊണ്ട് ശ്രദ്ധയാകർഷിച്ച 'പ്രസ്സ് മൈ ഡ്രസ്സ്' ഇത്തവണ ചർച്ചയാകുന്നത് 'AMMA' യുടെ നിലപാടുകളിൽ പ്രതിഷേധിച്ചും രാജി വെച്ച നടിമാരെ അനുകൂലിച്ചുമാണ്. ഇന്നലെ നാലുപേർ AMMA-യിൽ നിന്ന് രാജി വെച്ചതിനെ തുടർന്നാണ് പോസ്റ്റർ. "അഭിവാദ്യങ്ങൾ! 'അമ്മ'യെ കൊണ്ട് ഇനിയും തേപ്പിക്കാൻ നിന്നു കൊടുക്കാത്തവർക്ക്!" എന്നതാണ് അവരുടെ പരസ്യ നിലപാട്. "വ്യക്തിത്വമാണ് വസ്ത്രം, അത് നിവർന്ന് തന്നെ നിൽക്കട്ടെ. തേക്കാനായി ഞങ്ങളെ വിളിക്കുക" എന്ന് പരസ്യ വാചകവും.ഇതിന് മുൻപ് കുമ്മനത്തേയും മാണിയേയും ട്രോളി ശ്രദ്ധ ആകർഷിച്ചിരുന്നു 'പ്രസ്സ് മൈ ഡ്രസ്സ്'. കുമ്മനം ഗവർണറായതിനെ തുടർന്ന്, " ഉടുപ്പുകൾ മാറുമ്പോൾ ട്രോളുകൾ സല്യൂട്ടുകളാകുന്നു അഭിനന്ദനങ്ങൾ!" എന്നാണ് അവർ എഴുതിയത്. മാണിയുടെ രാഷ്ട്രീയ മാറ്റ വാർത്തയെ തുടർന്ന് " അവസാന നിമിഷം തേച്ചാൽ ഇങ്ങനെയിരിക്കും" എന്ന ക്യാപ്ഷനോട് കൂടെ തേച്ച് കരിഞ്ഞ് പോയ രണ്ടിലയുടെ ചിത്രം.! പരസ്യ വാചകമായി, "തേക്കാൻ വിളിക്കുക തേപ്പിലെ പ്ര'മാണി'യെ എന്നും". ഇതിൽ കൂടുതൽ എങ്ങനെ ട്രോളാൻ.
ഒൻപത് മാസങ്ങൾക്ക് മുൻപാണ് അഡ്വക്കേറ്റ് ജലീൽ, സൈനുൽ ആബിദ്, വഹീദ് മുറാദ്, സിറാജ് എന്നിവർ ചേർന്ന് ഇങ്ങനെയൊരു ഇസ്തിരിക്കട തലശ്ശേരിയിൽ തുടങ്ങുന്നത്. എല്ലാവരും ഗൾഫിൽ ജോലി ചെയ്തിരുന്നവർ. എന്നാൽ കട തുടങ്ങിയതിൽ പിന്നെ സിറാജ് ഗൾഫിലേക്ക് പോയില്ല, നോക്കി നടത്തിപ്പ് സിറാജ് തന്നെ. വിദേശ രാജ്യങ്ങളിലെ പോലൊരു ആധുനിക ഇസ്തിരിക്കടയായിരുന്നു ഇവരുടെ ലക്ഷ്യം. ഒരു ഫോൺ കോൾ ചെയ്താൽ മതി വസ്ത്രങ്ങൾ വീട്ടിൽ വന്ന് ശേഖരിച്ച് ഇസ്തിരിയിട്ട് തിരിച്ചെത്തിക്കും. അതിനൊപ്പം ഇത്തരം ട്രോളുകളെ ഒരു രാഷ്ട്രീയ പ്രവർത്തനമായി കൂടി കാണുകയാണിവർ. സിറാജൊഴികെ മറ്റുള്ളവർ വിദേശത്താണെങ്കിലും ബിസിനസ് കാര്യത്തിൽ എല്ലാവരും സജീവം.

Read More >>