അറിയാത്ത പലതുമുണ്ട് പ്ലാച്ചിമടയില്‍; മയിലമ്മയ്‌ക്കെതിരെ 'ദുഷ്‌വഴി' പ്രചരണം നടത്തിയതടക്കം...

പ്ലാച്ചിമടയില്‍ കൊക്കോകോളയ്‌ക്കെതിരെ ആദ്യ സമരം നടന്നിട്ട് 15 വര്‍ഷമാകുന്നു. ലോകത്തിനു മുന്നില്‍ കൊക്കോകോളയും അതിലൂടെ അമേരിക്കന്‍ ആദിപത്യവും അടിപറഞ്ഞ പോരാട്ടം- നിങ്ങള്‍ക്കറിയാമോ ആ സമരം തുടങ്ങിയത് ആദിവാസിയായ മയിലമ്മ. ഉദ്ഘാടനം ചെയ്തത് സി.കെ ജാനു. ആദ്യമായി പിന്തുണയുമായെത്തിയത് സിപിഐയും ജമാ അത്തെ ഇസ്ലാമിയും- കന്നിയമ്മയാണ് ഇപ്പോള്‍ പോരാട്ടം നയിക്കുന്നത്. പ്ലാച്ചിമടയിലൂടെ നാരദ നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതും

അറിയാത്ത പലതുമുണ്ട് പ്ലാച്ചിമടയില്‍; മയിലമ്മയ്‌ക്കെതിരെ ദുഷ്‌വഴി പ്രചരണം നടത്തിയതടക്കം...

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോളയ്ക്ക് ഇന്ത്യയിലുള്ളത് പിടിച്ചെടുക്കലിന്റേയും കീഴടക്കലിന്റേയും ചരിത്രമാണ്. അറ്റ്‌ലാന്റയില്‍ ഇരുന്ന് ലോകത്തെ കുപ്പിവെള്ള- ശീതളപാനീയ വിപണി നിയന്ത്രിക്കുന്ന കൊക്കകോള ഒരു തോല്‍വിയുടെ പാഠം പഠിച്ചത് പ്ലാച്ചിമടയിലെ ആദിവാസികളും തദ്ദേശീയമരുമായ നാട്ടുകാരുടെ സമരത്തിനു മുന്നിലാണ്.


സമരങ്ങളേയും ജനകീയ പോരാട്ടങ്ങളേയും ഭരണ വര്‍ഗത്തിന്റെ പിന്തുണയോടു കൂടി അടിച്ചമര്‍ത്തുകയും പുച്ഛിച്ചു തള്ളുകയും ചെയ്തിരുന്ന കൊക്കകോളയുള്‍പ്പടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്ലാച്ചിമടയിലെ തോല്‍വി പുതിയ തിരിച്ചറിവായി. കേരളത്തിലേയും ഇന്ത്യയിലേയും എല്ലാ മാധ്യമങ്ങളും ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി തുടങ്ങിയ ലോക മാധ്യമങ്ങളും പ്ലാച്ചിമടയിലെ സമര കഥകള്‍ ഏറ്റെടുത്ത് അന്ന് ഉത്സവമാക്കിയിരുന്നു.

തുടക്കത്തില്‍ കോള കമ്പനിക്ക് വേണ്ടി മൗനം പാലിച്ച മാധ്യമങ്ങള്‍ സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഇടപ്പെടാന്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നു. നാട്ടുകാരുടെ സഹന സമരത്തിലൂടെ കൊക്കകോള മുട്ടുമടക്കി നാടുവിട്ടതോടെ പ്ലാച്ചിമട ഒരു ചരിത്രഭൂമിയായി മാറി. ഒരു പാലക്കാടന്‍ അതിര്‍ത്തി ഗ്രാമം എന്നതിലുപരി കൊക്കകോളയുടെ പേരിനൊപ്പം തന്നെ പ്ലാച്ചിമടയെ കുറിച്ചും ലോകം കേട്ടു.

കൊക്കകോള പ്ലാച്ചിമടയില്‍ ഇന്നു 'ചരിത്രസ്മാരകം'

ഇന്ന് കൊക്കകോളയെ അടയാളപ്പെടുത്തുവാന്‍ പ്ലാച്ചിമടയിലുള്ളത് തുരുമ്പിച്ച വലിയ ഗേറ്റും വെള്ളപൂശാത്ത പഴകി പൊട്ടി പൊളിഞ്ഞു തുടങ്ങിയ ഒരു വലിയ മതില്‍ക്കെട്ടുമാണ്. ഒറ്റനോട്ടത്തില്‍ അതിനകത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ഒരു വലിയ കമ്പനി പ്രവര്‍ത്തിച്ചിരുന്നുവെന്നുവെന്നു തോന്നും. അതു കൊക്കകോളയായിരുന്നുവെന്നു വലിയ ബോര്‍ഡിലുള്ള അക്ഷരങ്ങള്‍ മാഞ്ഞു പോയതിനാല്‍ വായിച്ചു മനസ്സിലാക്കാനാവില്ല.

34 ഏക്കര്‍ വരുന്ന കമ്പനി വളപ്പിന് ഉള്ളില്‍ മുന്‍ഭാഗത്തായി കണ്ട കാവല്‍ക്കാരുടെ കാബിനിലും ആരേയും കണ്ടില്ല. കമ്പനി വളപ്പില്‍ കാണാവുന്നതു പാലക്കാടിന്റെ വരള്‍ച്ചയെ മുഴുവനായി പകര്‍ത്തിയെന്ന പോലെയുള്ള ഉണങ്ങിയ ചെടികളും മരങ്ങളും മാത്രം. വണ്ടിത്താവളത്തു നിന്നു മീനാക്ഷിപുരത്തേക്കു പോകുമ്പോള്‍ ഇടത്തു ഭാഗത്തായാണ് ഈ 'ചരിത്ര സ്മാരക'മുള്ളത്.

സമരപ്പന്തലും തങ്കവേലുവിന്റെ ക്ഷൗരക്കടയും

കൊക്കകോള കമ്പനിക്കു മുന്നില്‍ റോഡരികില്‍ കെട്ടിയ ഒരു ഓലപന്തല്‍ കാണാം. ഈ ഓലഷെഡ്ഡില്‍ പ്ലാച്ചിമട ആന്റി കൊക്കകോള സ്ട്രഗിള്‍ കമ്മിറ്റി എന്നെഴുതിയ ബാനറുണ്ട്. ഇത് കണ്ടാലെ ഒരു പക്ഷെ എതിര്‍വശത്തു ശ്മാശന മൂകതയില്‍ കിടക്കുന്നതു കൊക്കകോള കമ്പനിയാണെന്നു മനസിലാവൂ.


സമരപന്തലിന്റെ അടുത്തായി രണ്ടു ചെറിയ ഓലപ്പുരകള്‍ കണ്ടു. കുനിഞ്ഞു കയറിയില്ലെങ്കില്‍ തല മുകളിലെ ഉത്തരത്തില്‍ മുട്ടുന്ന ഉയരമേയുള്ളു. മുന്‍ഭാഗം തെങ്ങോലയിലും ബാക്കി കരിമ്പനയുടെ പട്ടകളും കൊണ്ടു മേഞ്ഞതാണ് ഒരു കുടില്‍. കൈ പൊക്കിയാല്‍ മേല്‍ക്കൂര തൊടാം. അകത്തു കയറി ഒരു വലിയ പഴയ കണ്ണാടിയും വലിയ കസേരയും കണ്ടപ്പോഴാണ് അതൊരു ബാര്‍ബര്‍ ഷോപ്പാണെന്ന് മനസിലായത്.

അകത്ത് ഒരു കട്ടിലില്‍ കടയുടമ തങ്കവേലു കിടക്കുന്നുണ്ട്. എഴുപതിനടുത്തു പ്രായം വരുന്ന തങ്കവേലുവിന്റെ രണ്ടു കാലുകളിലും പഴുത്തു തുടങ്ങിയ വ്രണങ്ങളും ഉണ്ട്. നാരദാ ന്യൂസ് ഇവിടെയെത്തിയ അതേ സമയത്തു തന്നെയാണു മുടി വെട്ടാനായി ഒരു മദ്ധ്യവയസ്‌കന്‍ കടയില്‍ എത്തിയത്. മുടി വെട്ടണം എന്ന അയാളുടെ ആവശ്യം കേട്ടതും കിടക്കയില്‍ നിന്ന് എഴുന്നേറ്റിരുന്നു തങ്കവേലു ക്ഷുഭിതനായി- ' പൊക്കോ, എയ്ക്ക് ഒന്നിനും വയ്യ, വേണേല്‍ നാളെ'' .

'നാളെ കല്യാണത്തിനു പോകാനാണ്, മുടി വെട്ടിന്‍ തന്തേ' എന്നു വന്നയാളും പറഞ്ഞു പോകാതെ നിന്നു.

കുറെ നേരം കെഞ്ചിയിട്ടും പറ്റില്ലെന്നു തങ്കവേലു പറഞ്ഞതോടെ പിറുപിറുത്തു കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി.

ഇന്ന് അവശനാണെങ്കിലും പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുന്നതിനും സമരങ്ങള്‍ അരങ്ങേറിയതിനും ഒടുവില്‍ കമ്പനി പൂട്ടിപ്പോയതിനുമെല്ലാം തങ്കവേലു സാക്ഷിയാണ്. കൊടുങ്കാറ്റില്‍ വന്‍ ആല്‍മരം കടപുഴകി വീണതു പോലെ കൊക്കകോള നിലംപതിക്കുന്നതും സമര പരമ്പരകള്‍ അരങ്ങേറുന്നതുമെല്ലാം ഈ ഓലക്കുടിലില്‍ ഇരുന്നു തങ്കവേലു കണ്ടതാണ്. പക്ഷെ തങ്കവേലു ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല, സമരത്തിന്റെ നാള്‍ വഴികള്‍ ഇയാള്‍ ഓര്‍ത്തെടുക്കും.

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയോടു ചേര്‍ന്നുള്ള വീടുകളില്‍ കയറിയിറങ്ങിയപ്പോള്‍ എങ്ങിനെയാണു ലോകത്തിനു തന്നെ മാതൃകയായ സമരം ഉണ്ടായതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.

ആദ്യം ഉയര്‍ന്നതു മയിലമ്മയുടെ സ്വരം

കമ്പനിക്കെതിരെ സംഘടന സമരം ചെയ്തില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് മരിക്കും വരെ സമരം ചെയ്യും'. പ്ലാച്ചിമടയിലെ ദാഹജലം ഊറ്റാന്‍ കൊക്കകോള കമ്പനി വന്നപ്പോള്‍ ആദ്യം സമര ചെയ്യാനിറങ്ങി പിന്നീടു കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ ധീരനായികയായി മാറിയ മയിലമ്മയുടെ വാക്കുകളാണിത്.

രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞ കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെയാണു മയിലമ്മ ഇക്കാര്യം വിളിച്ചു പറഞ്ഞത്. കോളയ്ക്കെതിരെ സംസാരിച്ചാല്‍ അതു വികസനത്തിനും വ്യവസായത്തിനുമെതിരാകുമെന്നു കരുതി നാവിനു വിലക്കിട്ടു കോളയ്ക്കു സ്തുതിഗീതം പാടുന്നവര്‍ക്കിടയിലാണ് അക്ഷരമറിയാത്ത, വായിക്കാനും എഴുതാനും അറിയാത്ത, മയിലമ്മ ഇക്കാര്യം പറഞ്ഞത്. സത്യം വിളിച്ചു പറയാന്‍ കാണിച്ച ഈ നിഷ്‌കളങ്കത കൊണ്ടാണു പ്ലാച്ചിമടയുടേയും കോളയുടേയും ചരിത്രത്തില്‍ മയിലമ്മയുടെ ജീവിതം കൂടി ഇടം പിടിച്ചത്.

കൊക്കകോള കമ്പനി പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനകം വെള്ള പ്രശ്നവും തുടങ്ങി

പ്ലാച്ചിമടയില്‍ കോള ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏകദേശം ആറുമാസമായി കാണും. പരിസരത്തെ കിണറുകളിലെ വെള്ളത്തിന് ഒരു രുചി വ്യത്യാസം പോലെ അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യമാര്‍ക്കും ഇതു മനസിലായില്ല. വെള്ളത്തിന് ഉപ്പു രസവും ദുര്‍ഗന്ധവും. വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കുളിച്ചാല്‍ ചൊറിച്ചിലും ത്വക്‌രോഗങ്ങളും.

കമ്പനിയുടെ മതിലിനോടു ചേര്‍ന്നാണു മയിലമ്മയുടേയും മുത്തുസ്വാമിയുടേയും മറ്റും വീട്. പരിസരത്തെ കുറെ കിണറുകള്‍ വറ്റുകയും ചെയ്തു. പിന്നീടു വറ്റിയ കിണറുകളുടെ എണ്ണം 250 ലേറെയായി. 750 ലേറെ കുടുംബങ്ങള്‍ക്കു കുടിവെള്ളം ഇല്ലാതായി. ഉള്ള വെള്ളം തന്നെ ഒന്നിനും ഉപകരിക്കാനാവാത്ത അവസ്ഥ. വെള്ളം തേടി പോകേണ്ടി വരുന്നതിനാല്‍ കുട്ടികള്‍ക്കു സ്‌കൂളിലും മുതിര്‍ന്നവര്‍ക്കു ജോലിക്കും പോകാന്‍ കഴിയില്ല.

രണ്ടു കിലോമീറ്റര്‍ ദൂരം ഒരു തുള്ളി വെള്ളം ഇല്ലാത്തതിനാല്‍ അത്രയും തലച്ചുമടായും വാഹനങ്ങളിലും വെള്ളം കൊണ്ടു വരണം. വണ്ടിത്താവളം സ്‌കൂളിലെ അധ്യാപകന്‍ നരേന്ദ്രനാഥ് 2001 ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ഇവിടെയുള്ള വീടുകളില്‍ കയറി ഇറങ്ങിയപ്പോഴാണു വീട്ടകാര്‍ ഈ സങ്കടകഥ പറയുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡോ: സതീഷ്ചന്ദ്രന്‍ നടത്തിയ പഠനത്തിലാണ് ഇതിനു പിന്നില്‍ കോളകമ്പനിയുടെ പ്രവര്‍ത്തനം ആണെന്നു കണ്ടെത്തുന്നത്. പക്ഷെ ഇതൊന്നും പ്ലാച്ചിമടയിലെ ആദിവാസികള്‍ക്ക് അറിയില്ലായിരുന്നു. വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതിനു പിന്നിലും കിണറുകള്‍ വറ്റിയതിനു പിന്നിലും കോള കമ്പനിയാണെന്ന് അവര്‍ക്ക് ഊഹിക്കാനെ സാധിച്ചിരുന്നുള്ളു.

ആദിവാസി സംരക്ഷണ സംഘം രൂപീകരിക്കുന്നു

കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനും ഒരു വര്‍ഷം മുമ്പ് 1998 ലാണ് പ്ലാച്ചിമടയില്‍ ആദിവാസി സംരക്ഷണ സംഘം രൂപീകരിക്കുന്നത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള ഒരു സാധാരണ സംഘടന മാത്രമായിരുന്നു അത്. സര്‍ക്കാര്‍ സ്ഥലത്തുള്ള ഒരു കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതിനെ തുടര്‍ന്നു രണ്ടു യുവാക്കള്‍ക്കു കൗണ്ടര്‍മാരുടെ മര്‍ദ്ദനം ഏല്‍ക്കുന്നതു കോള കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങി കിണര്‍ വെള്ളവും മലിനമായി തുടങ്ങിയ സമയത്താണ്.

യുവാക്കളെ മര്‍ദ്ദിച്ച കൗണ്ടര്‍മാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സംഘം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുന്നു. മാര്‍ച്ചിന് 1700 പേരാണ് എത്തിയത്. ഇത്രയും ജനക്കൂട്ടമുണ്ടെങ്കില്‍ അതു കുടിവെള്ള പ്രശ്നത്തിനെതിരെ കോള കമ്പനിക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാകട്ടെ എന്നു തീരുമാനിച്ച് കോളക്കമ്പനിക്ക് മുന്നില്‍ നിന്നാണ് മീനാക്ഷിപുരം പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് തുടങ്ങുന്നത്. ചരിത്ര രേഖകളില്‍ ഇല്ലെങ്കിലും ഇതാണു കോളയ്ക്കെതിരെ നല്‍കിയ ആദ്യ മുന്നറിയിപ്പു സമരമെന്ന് അന്നത്തെ സമരത്തില്‍ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത മാരിയപ്പന്‍ പറയുന്നത്.

ആദിവാസികളുടെ ആദ്യ സമരം ഉല്‍ഘാടനം ചെയ്തതു സി കെ ജാനു.

വെള്ളത്തിന്റെ ദുര്‍ഗന്ധം പോലെ രാത്രി സമയമാകുമ്പോള്‍ കോള കമ്പനി പരിസരത്തുള്ള വീടുകളിലേക്ക് അസഹ്യമായ ദുര്‍ഗന്ധം കൂടി വരാന്‍ തുടങ്ങിയതോടെയാണു പഠന റിപ്പോര്‍ട്ടുകള്‍ ഒന്നും കാണാത്ത ആദിവാസികള്‍ക്കും എല്ലാറ്റിന്റേയും പിന്നിലെ വില്ലന്‍ കോള കമ്പനിയാണെന്ന് ഉറപ്പായത്. ഈ സമയത്താണ് ആദിവാസി സംരക്ഷണ സംഘത്തിന്റെ അടുത്ത യോഗം നടക്കുന്നത്. ഈ യോഗത്തിലാണ് സംഘടന സമരത്തിന് ഇറങ്ങിയില്ലെങ്കില്‍ താന്‍ മരണം വരെ സമരം ചെയ്യുമെന്ന് മയിലമ്മ പ്രഖ്യാപിക്കുന്നത്.

വയനാട്ടിലെ ആദിവാസി ഭൂപ്രശ്നങ്ങളും മറ്റും സംഭവിക്കുന്നതും ഈ കാലത്താണ്. സി കെ ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തില്‍ ഗോത്രമഹാസഭ രൂപീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഥ ജില്ലയില്‍ ഉള്ള സമയം കൂടിയായിരുന്നു അത്. ജില്ലയിലുണ്ടായിരുന്ന സി കെ ജാനുവിനെ കൂടി പങ്കെടുപ്പിക്കാനാണ് 2002 ഏപ്രില്‍ 22 ന് കൊക്കകോള കമ്പനിക്കെതിരെ ആദ്യ സമരം നടത്തിയത്. ആദിവാസി സമര സംഗമം എന്ന പേരില്‍ പ്ലാച്ചിമടയില്‍ സി കെ ജാനു ഉല്‍ഘാടനം ചെയ്തതാണ് കൊക്കകോളക്ക് എതിരെ തുടങ്ങിയ ആദ്യ പ്രഖ്യാപിത സമരം.

ഈ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ കഴിഞ്ഞ ദിവസം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നു.

പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി ജനിക്കുന്നു

ആദ്യത്തെ സമരം എന്തോ ഭാഗ്യം പോലെ നടന്നെങ്കിലും സമരത്തിന്റെ അടുത്തഘട്ടത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. ആദിവാസി സംരക്ഷണ സംഘത്തിന്റെ പേരില്‍ സമരം നടത്തിയാല്‍ കര്‍ഷകരുടേയും നാട്ടുകാരുടേയും മറ്റു വിഭാഗങ്ങളുടേയും പിന്തുണ കിട്ടില്ലെന്നു പിന്നീടു നടന്ന യോഗത്തില്‍ അഭിപ്രായം ഉണ്ടായി. തുടര്‍ന്നു സമരസമിതിയുടെ പേരു മാറ്റുന്നു. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതിയുടെ ജനനം അങ്ങിനെയാണ്.

സംഘടനയ്ക്ക് ഒരു രക്ഷാധികാരിയും രണ്ടു കണ്‍വീനര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇതിലെ അംഗമായിരുന്നു മയിലമ്മ. കമ്പനി അടച്ചു പൂട്ടുക, നാടു വിടുക, മലിനമാക്കിയ ജലത്തിനു പകരം വെള്ളം തരിക എന്നിവയായിരുന്നു അന്നത്തെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ രണ്ടാം സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ സി പി ഐ എന്ന പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം വച്ചു വിളമ്പാന്‍ അഞ്ചു ചാക്കു അരിയുമായാണ് എത്തിയത്.

പിന്നീടു ജമാഅത്തെ ഇസ്ലാമി, സി.പി.ഐ.എം (എല്‍), പോരാട്ടം, പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ സമിതി, ഹരിത ഡെവലപ്മെന്റ്സ് എന്ന സംഘടനകളും എത്തി.

സമരക്കാര്‍ക്കതിരെ കമ്പനിയുടെ തൊഴില്‍ സംരക്ഷണ സമിതി

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കു മുന്നില്‍ ആ സമയത്തു രണ്ടു സമരപ്പന്തലുകളാണ് ഉണ്ടായിരുന്നത്. കമ്പനി അടച്ചു പൂട്ടാന്‍ വേണ്ടിയുള്ള കൊക്കകോള സമര വിരുദ്ധ സമിതിയുടെ പന്തലിന് അടുത്തായി തന്നെയാണ്, ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളുടേയും പിന്തുണയോടു കൂടി തൊഴില്‍ സംരക്ഷണ സമിതി ബദൽ സമരപ്പന്തല്‍ കെട്ടിയത്. കമ്പനിയിലെ തൊഴിലാളികളുടെ ജോലി പോകും, വികസനത്തിനു തടസമാകും, കമ്പനി നടത്തുന്ന നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇല്ലാതാകും, പാവങ്ങള്‍ക്കു തിരിച്ചടിയാകും എന്നൊക്കെയായിരുന്നു കൊക്കകോള അനുകൂലികളുടെ വാദം.

സമരത്തെ കുറിച്ച് അതുവരെ ഒരു വരി വാര്‍ത്ത പോലും നല്‍കാതിരുന്ന അന്നത്തെ പ്രമുഖ പത്രങ്ങള്‍ കമ്പനി നടത്തുന്ന തൊഴില്‍ സംരക്ഷണ സമിതിയെ കുറിച്ചു വാര്‍ത്ത നല്‍കി. തുടക്കത്തില്‍ സമരക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ത്തകള്‍ അന്നു മാധ്യമം പത്രത്തില്‍ മാത്രമാണു വന്നിരുന്നത്. പിന്നീടു കേരളകൗമുദിയും വാര്‍ത്ത നല്‍കി.

ഒടുവില്‍ കൊക്കകോള അടിയറവു പറയുന്നു

മേധാപട്ക്കര്‍ വന്നു പോയതോടെയാണു സമരത്തിന് മാധ്യമ ശ്രദ്ധ കൂടുതലായി കിട്ടുന്നത്. തുടര്‍ന്നു വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. 2000 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞ്, പ്രശ്നം രൂക്ഷമായപ്പോഴാണു നേതാക്കളുടെ വരവുണ്ടായത്.

2003 ഏപ്രില്‍ ഏഴിന് അന്നത്തെ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി യോഗമാണ് കൊക്കകോളയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇവിടം മുതല്‍ പഞ്ചായത്തും കോളയും തമ്മിലുള്ള നിയമയുദ്ധം തുടങ്ങി. പഞ്ചായത്തിന്റെ തീരുമാനത്തെ മറികടന്ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി സര്‍ക്കാര്‍ നേരിട്ടു സ്റ്റേ ചെയ്തു. പ്ലാച്ചിമടയില്‍ കൊക്കകോളയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് നീണ്ട നിയമ യുദ്ധത്തിനും സമരപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കോള അടിയറവു പറഞ്ഞത്.

മയിലമ്മയേയും ഒറ്റപ്പെടുത്തുന്നു

മുംബൈയില്‍ നടന്ന ലോകപരിസ്ഥിതി ദിനത്തില്‍ അക്ഷരം വായിക്കാനറിയാത്ത മയിലമ്മ പ്ലാച്ചിമടയുടെ ദുരിതം വിവരിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിനുള്ള അംഗീകാരമായി ഔട്ട്‌ലുക്ക് മാഗസിന്റെ സ്പീക്ക്ഔട്ട് പുരസ്‌കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യു പി എ അധ്യക്ഷയായിരുന്ന സോണിയാഗാന്ധി മയിലമ്മയ്ക്കു സമ്മാനിച്ചു.

ദേശീയ തലത്തിലുള്ള ഈ പുരസ്‌കാരത്തിനൊപ്പം അമ്പതിനായിരം രൂപയും ലഭിച്ചിരുന്നു. ഇതിനു ശേഷം മയിലമ്മയ്ക്കു നേരെ ചില 'ദുഷ്‌വഴി' പ്രചരണങ്ങളും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഉണ്ടായതായി മയിലമ്മയുടെ കൂടെ ഉണ്ടായിരുന്ന മാരിയപ്പന്‍ ഓര്‍ക്കുന്നു.

സമരപ്പന്തലിലും മറ്റും ചില സിപിഎം നേതാക്കള്‍ അവരെ സ്ഥിരമായി സന്ദര്‍ശിച്ചതു മയിലമ്മ സി പി എമ്മിലേക്കു പോകുന്നുവെന്ന വിധത്തിലും പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്നു സമരത്തില്‍ നിന്നു തന്നെ പിന്‍മാറാന്‍ അവര്‍ തീരുമാനിച്ച ഘട്ടങ്ങളും ഉണ്ടായിരുന്നു.

പതിനഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും സമരം സജീവമാകുന്നു

കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന അതിജീവന സമരത്തിന്റെ തുടര്‍ച്ചയായി പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഏപ്രില്‍ 22 മുതല്‍ പാലക്കാട് കളക്ട്രേറ്റിനു മുന്നില്‍ കൊക്കകോള വിരുദ്ധ സമിതി സമരം തുടങ്ങി. 100 ദിവസത്തെ സത്യഗ്രഹമാണു നടത്തുന്നത്. പ്ലാച്ചിമടയിലെ ഇരകള്‍ക്ക് അടിയന്തിമരമായി നഷ്ടപരിഹാരം നല്‍കുക, നഷ്ടപരിഹാര ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ: രാജേന്ദ്രസിംഗ് സമരം ഉല്‍ഘാടനം ചെയ്തു.

മയിലമ്മയുടെ മരണശേഷം പിന്‍ഗാമിയായ പ്ലാച്ചിമട സമരത്തിലെ രണ്ടാം നായികയായ കന്നിയമ്മ ഉള്‍പ്പടെ നിരവധി ആദിവാസികള്‍ സമരത്തില്‍ പങ്കെടുത്തു. ഡൽഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരങ്ങള്‍ നയിച്ചത് എണ്‍പതു പിന്നിട്ട കന്നിയമ്മയായിരുന്നു.

കോര്‍പ്പറേറ്റ് ഭീമനെതിരെ പ്ലാച്ചിമടയില്‍ നിന്നുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്നതിന്റെ സൂചന കൂടിയായിരുന്നു പാലക്കാടന്‍ വെയിലില്‍ കൊടും വെയിലിലെ സമര പന്തലില്‍ ഇരുന്നു കന്നിയമ്മ തെളിയിച്ചത്.

Read More >>