മാത്യു കുഴല്‍നാടന്‍ പറഞ്ഞ 'സഖാവ് രമണന്‍' ഇവിടെയുണ്ട്; പറഞ്ഞതില്‍ കൂടുതലുണ്ട് ആ അപകട രാത്രിയിലെ കഥ!

എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇതും വായിക്കണം; അപകട രക്ഷാ സ്ഥലത്തു നിന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പരിചയപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രമണന്‍ പറയുന്ന സംഭവകഥ!

മാത്യു കുഴല്‍നാടന്‍ പറഞ്ഞ സഖാവ് രമണന്‍ ഇവിടെയുണ്ട്; പറഞ്ഞതില്‍ കൂടുതലുണ്ട് ആ അപകട രാത്രിയിലെ കഥ!

എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം- എന്നു തലക്കെട്ടിട്ട്, രാഷ്ട്രീയ വൈര്യമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് അനുഭവം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എഴുതിയ കുറിപ്പ് ഹൃദ്യമായി പടരുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഉള്ളു തൊട്ട ആ കുറിപ്പിലെ കഥാനായകനായ സഖാവ് രമണന്‍ കുത്തിയതോട്ടിലുണ്ട്. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി മടങ്ങും വഴി ഹൈവേയില്‍ ഉണ്ടായ അപകടമായിരുന്നു പോസ്റ്റിലെ വിഷയം. രാത്രി 11 മണിക്കാണ് സംഭവം. മാരകമായി പരുക്കേറ്റ് കാറിനുള്ളില്‍ അകപ്പെട്ട രണ്ടു യുവാക്കളെ ആരും കാറില്‍ കയറ്റുന്നില്ല. അവിടെയെത്തിയ മാത്യു കുഴല്‍ നാടന്‍ തന്റെ കാറില്‍ യുവാക്കളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തയ്യാറായി. പക്ഷെ, കൂടെ കയറാന്‍ ഒരാള്‍ പോലുമില്ല. അപ്പോള്‍, ഒരാള്‍ കാറില്‍ കയറി. യുവാക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലായിരുന്നു പിന്നീട്. ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ യുവാക്കളെ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് എല്ലാം കഴിഞ്ഞ് മടങ്ങാന്‍ നേരമാണ് അവര്‍ തമ്മില്‍ പരിചയപ്പെട്ടത്. മാത്യുവിന്റെ പോസ്റ്റിലെ വരികളിലേയ്ക്ക്:

ഞാന്‍ സ്വയം പരിചയപ്പെടുത്തി-' ഞാന്‍ മാത്യു കുഴല്‍ നാടന്‍, ഷാനിമോള്‍ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. '

അപ്പോള്‍ ആ ചേട്ടന്‍ പറഞ്ഞു- ''ഞാന്‍ രമണന്‍, സി.പി.എം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു...

ഇനി മാത്യു പറഞ്ഞ കഥയുടെ രമണന്‍ വേര്‍ഷന്‍ കേള്‍ക്കാം.

''മത്സ്യതൊഴിലാളിയാണ് ഞാന്‍. പണിയൊക്കെ കഴിഞ്ഞ് ഞാനും സഖാക്കളായ തിലകനും സുദര്‍ശനനും അനിക്കുട്ടനും കൂടി കോടന്തുരുത്തില്‍ പി.എസ് റോഡില്‍ മനു സി പുളിക്കലിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. പെട്ടന്ന് ഒരു പോസ്റ്റില്‍ വന്ന് കാറിടിക്കുന്ന ഭീകരമായ ശബ്ദം കേട്ടത്. ഞങ്ങള്‍ പോസ്റ്ററൊട്ടിക്കുന്ന മതിലില്‍ നിന്ന് കാറ് ഇടിച്ച പോസ്റ്റിലേയ്ക്ക് 10 മീറ്റര്‍ ദൂരമേ ഉണ്ടാകൂ. കയ്യിലിരുന്ന പോസ്റ്ററും കുടയും വലിച്ചെറിഞ്ഞ് ആദ്യം ഓടിയെത്തിയത് ഞാനാണ്. ചെന്നപ്പോള്‍ കണ്ടത് ഒരു സ്‌കൂട്ടറുകാരന്‍ വീണു കിടക്കുന്നതാണ്. അയാള്‍ക്കു കുഴപ്പമില്ല. എഴുന്നേല്‍ക്കുന്നുണ്ട്. തൊട്ടടുത്ത് ഒരു സൈക്കിളുകാരന്‍. അയാളെ എനിക്കറിയാം. നാട്ടിലുള്ള ജിത്തുവാണ്. ജിത്തുവിന്റെ തലപൊട്ടി ചോര ഒലിക്കുകയാണ്.

കാറിന്റെ ഡ്രൈവിങ് സീറ്റ് തുറന്നതും ഡ്രൈവ് ചെയ്ത യുവാവ് പുറത്തേയ്ക്ക് കുഴഞ്ഞു വീണു. അയാള്‍ക്ക് ബോധമുണ്ട്. ലെഫ്റ്റിലെ പാസഞ്ചര്‍ സീറ്റിലിരുന്നയാളാണ് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു പോയത്. അയാള്‍ക്ക് ബോധമില്ല. ആ ഡോറും ജാമായി പോയി. ഡ്രൈവിങ് സീറ്റിലൂടെ കയറി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ അയാളെ പുറത്തെത്തിച്ചത്.

അപ്പോഴൊക്കെ വരുന്ന കാറുകള്‍ക്ക് കൈകാണിക്കുന്നുണ്ട്. ആരും നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. ചോരയൊലിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് മാത്യു കുഴല്‍നാടന്റെ കാറ് വരുന്നത്. അദ്ദേഹം പരുക്കേറ്റവരെ കയറ്റാന്‍ തയ്യാറായി. ഞാനും കൂടെ കയറി. തലപൊട്ടി ഒലിക്കുകയാണ്. പിന്‍സീറ്റില്‍ മടിയില്‍ ഇരുത്ത് തല ഞാന്‍ താങ്ങിപ്പിടിച്ചു. മാത്യു സാറിന്റെ മടയിലേയ്ക്ക് കാല്‍ എടുത്തു വെച്ചു. പരുക്കേറ്റ മറ്റേ ചെറുപ്പക്കാരനെ മുന്നില്‍ ഇരുത്തി ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലേയ്ക്ക് വേഗം എത്തിച്ചു.

ഫോര്‍ട്ടുകൊച്ചിയിലാണ് യുവാക്കളുടെ വീടെന്നറിഞ്ഞു. ബോധമുള്ള യുവാവിന് ഫോണ്‍ നമ്പര്‍ ഓര്‍മ്മയില്‍ നിന്ന് പറയണം. രണ്ടാളുടേയും ഫോണുകള്‍ അപകടസ്ഥലത്തായി പോയി. ഉമ്മയുടെ നമ്പരേ അയാള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളു. പിന്നെ കുറേക്കഴിഞ്ഞപ്പോള്‍ മാമയുടെ നമ്പര്‍ ഓര്‍ത്തു. എന്റെ ഫോണില്‍ നിന്ന് മാത്യു കുഴല്‍നാടനാണ് വിവരം വിളിച്ചു പറഞ്ഞത്. അവര്‍ വേഗം എത്തി.

മാത്യു കുഴല്‍നാടന്റെ വസത്രമാകെ ചോരയില്‍ നനഞ്ഞിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അത്ര നേരവും സംസാരിക്കാന്‍ പറ്റിയില്ല. എന്നെ തിരികെ കൊണ്ടുവന്ന് വിടാമെന്നായി അദ്ദേഹം. പെരുമ്പാവൂരില്‍ എന്തോ അത്യാവശ്യത്തിന് പോവുകയായിരുന്നു. ഞാന്‍ ബസിന് പൊയ്‌ക്കോളാമെന്ന് പറഞ്ഞിട്ടും പുള്ളിക്കാരന്‍ സമ്മതിച്ചില്ല. രാത്രി രണ്ടു മണിയൊക്കെയായി അപ്പോള്‍. ഒടുവില്‍ കുമ്പളങ്ങി ടോളില്‍ വരെ എത്തിച്ച് അവിടെ നിന്ന് അദ്ദേഹത്തിന്റെ പരിചയക്കാരന്റെ കാറില്‍ കയറ്റി എന്നെ നാട്ടിലെത്തിച്ചു

നേരം പുലര്‍ന്നപ്പോള്‍, ഞാന്‍ ആശുപത്രിയിലുള്ള യുവാവിന്റെ മാമയുടെ ഫോണില്‍ വിളിച്ചു. യുവാവ് അപകട നില തരണം ചെയ്തു എന്നറിഞ്ഞു. എത്രയും വേഗത്തില്‍ എത്തിക്കാനായതു കൊണ്ട് ആളപായം ഉണ്ടായില്ലെന്നും പറഞ്ഞു''- പരസ്പരം പോരടിക്കുന്ന രണ്ടു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒന്നിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ രമണന്‍ പറയുന്നു.

മനു സി പുളിക്കന് വോട്ട് പിടിച്ച് വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് 'നാരദ' അദ്ദേഹത്തെ ബന്ധപ്പെട്ടത്. മാത്യു കുഴല്‍നാടനെ പറ്റി രമണന് നല്ല അഭിപ്രായം. ഹൈവേയില്‍ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളെ രമണനും സഖാക്കളും പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. അപ്പോഴെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്, ആശുപത്രിയിലേയ്ക്ക് എത്തിക്കാന്‍ വാഹനം ലഭ്യമാകാതിരിക്കുന്ന അവസ്ഥ.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തെരഞ്ഞെടുപ്പിനെ പറ്റി ചോദിച്ചാല്‍ രമണന്‍ സഖാവ് കണക്ക് നിരത്തി കാര്യങ്ങള്‍ വ്യക്തമാക്കും. രമണന്‍ സഖാവിന്റെ ബൂത്ത് കോടന്തുരുത്ത് പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ്. ഇവിടത്തെ ബൂത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 17 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇപ്പോള്‍ മത്സരിക്കുന്ന മനുവിനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. ഇത്തവണ 17 വോട്ട് എന്നത് വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് രമണന്‍.

അപകടത്തെ തുടര്‍ന്ന് ആ പോസ്റ്റര്‍ ഒട്ടിക്കല്‍ പൂര്‍ണ്ണമായി മുടങ്ങി. രമണന്‍ കാറില്‍ കയറിയപ്പോള്‍, തലപൊട്ടി ചോരയൊലിച്ചു കിടന്ന ജിത്തുവുമായി തിലകനും മറ്റു സഖാക്കളും മറ്റൊരു ആശുപത്രിയിലേയ്ക്ക് പോയി. മാത്യു കുഴല്‍ നാടന്റെ പോസ്റ്റ് കണ്ട് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ രമണനെ രാവിലെ തന്നെ വിളിച്ചു. 1986 മുതല്‍ സിപിഐഎം പ്രവര്‍ത്തകനായ രമണന്‍ കാര്യങ്ങള്‍ വിശദമാക്കിയ ശേഷം പറഞ്ഞു- എല്ലാവരും ഉണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്... അക്കാര്യം എഴുതണേ!

Read More >>