അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനശ്രമം; കായംകുളത്ത് പ്രതിഷേധം ശക്തമാകുന്നു

നാല് പേരെ സംശയമുണ്ടെന്നു കുട്ടിയുടെ മാതാപിതാക്കന്മാരോട് ആദ്യം പറഞ്ഞ സ്കൂള്‍ മാനേജ്‌മന്റ്‌ പക്ഷെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും വീട്ടുകാരെ തടസ്സപ്പെടുത്തുന്ന നയമാണ് പിന്നീട് സ്വീകരിച്ചത്. +2 വരെയുള്ള കുട്ടിയുടെ വിദ്യാഭാസം പൂര്‍ണ്ണമായും ഏറ്റെടുക്കാമെന്നും 'വന്നു കാണാം' എന്നുമുള്ള വാഗ്ദാനങ്ങളാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു ഇവര്‍ വാഗ്ദാനം ചെയ്തത്. കേസുമായി മുന്നോട്ടു പോയ വീട്ടുകാര്‍ക്ക് പിന്നീട് ഗുണ്ടകളുടെ ക്രൂരാക്രമണത്തിനും ഇരയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു

അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനശ്രമം; കായംകുളത്ത് പ്രതിഷേധം ശക്തമാകുന്നു

കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ജവഹർ ബാലജനവേദി - കെ.എസ്.യു കായംകുളം ബ്ലോക്ക്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നു കായംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടന്നു. മാർച്ച്‌ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി വൈകിട്ട് ക്ലാസ്മുറിയില്‍ വച്ചാണ് 10 വയസുള്ള പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായത്. പോക്കറ്റില്‍ നിന്നും വീണ സാധനം കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നിമിഷം ആക്രമിയുടെ ശ്രദ്ധ മാറുകയും പെണ്‍കുട്ടി കുതറിയോടി രക്ഷപെടുകയുമായിരുന്നു. അടുത്ത ദിവസം തന്നെ പൊലീസില്‍ കേസ് നല്‍കിയെങ്കിലും നാളിതുവരെ തുടര്‍നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ശക്തമാകുന്നത്. മതില്‍കെട്ടിനുള്ളില്‍ സുരക്ഷിതമായ സ്കൂള്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ വെച്ചാണ്‌ ആക്രമണം ഉണ്ടാകുന്നത്. ആക്രമണം നടത്തിയ ആള്‍ സ്കൂളിനുള്ളില്‍ തന്നെയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. മതിയായ സിസിടിവി സംവിധാനങ്ങള്‍ പോലുമില്ലാതെയാണ് ഈ സിബിഎസ്ഇ സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത് എന്നും വ്യക്തമായതായി സമരക്കാര്‍ പറയുന്നു. കൂടാതെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് തുടര്‍നടപടികള്‍ വൈകിക്കുന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.


നാല് പേരെ സംശയമുണ്ടെന്നു കുട്ടിയുടെ മാതാപിതാക്കന്മാരോട് ആദ്യം പറഞ്ഞ സ്കൂള്‍ മാനേജ്‌മന്റ്‌ പക്ഷെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും വീട്ടുകാരെ തടസ്സപ്പെടുത്തുന്ന നയമാണ് പിന്നീട് സ്വീകരിച്ചത്. +2 വരെയുള്ള കുട്ടിയുടെ വിദ്യാഭാസം പൂര്‍ണ്ണമായും ഏറ്റെടുക്കാമെന്നും 'വന്നു കാണാം' എന്നുമുള്ള വാഗ്ദാനങ്ങളാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു ഇവര്‍ വാഗ്ദാനം ചെയ്തത്. കേസുമായി മുന്നോട്ടു പോയ വീട്ടുകാര്‍ക്ക് പിന്നീട് ഗുണ്ടകളുടെ ക്രൂരാക്രമണത്തിനും ഇരയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പെണ്‍കുട്ടിക്കും കുടുംബത്തിനും ഒരു നിയമപരിരക്ഷയും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ നാരദ ന്യൂസിനോട് പ്രതികരിച്ചു. സ്കൂളിനെതിരെയല്ല സ്കൂൾ മാനേജ്മെന്റിനെതിരെയാണ് തങ്ങളുടെ സമരമെന്നും ഇവര്‍ പറഞ്ഞു.

Read More >>