പ്ലാസ്റ്റിക്കിനെ 'വിഘടിച്ച് കളയും'; പുതിയ എൻസൈമുമായി ശാസ്ത്രലോകം

ഒരു ദഹനപ്രക്രിയപോലെ പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ ശേഷിയുള്ള എൻസൈമിൻ്റെ കണ്ടുപിടുത്തത്തിനുപിന്നിൽ...

പ്ലാസ്റ്റിക്കിനെ വിഘടിച്ച് കളയും; പുതിയ എൻസൈമുമായി ശാസ്ത്രലോകം

വർഷങ്ങളോളം യാതൊരു കേടും സംഭവിക്കാതെ നിൽക്കുന്ന പ്ലാസ്റ്റിക്ക് എന്നും ഒരു വില്ലനാണ്. ഭൂമി മലിനീകരണത്തിൻ്റെ വലിയൊരു കാരണം പ്ലാസ്റ്റിക്കാണ്. എങ്ങനെയൊക്കെ പ്ലാസിക്കിൻ്റെ ഉപയോഗം കുറയ്ക്കാമെന്നും എങ്ങനെയെല്ലാം റീ സൈക്കിൾ ചെയ്തെടുക്കാമെന്നുമുള്ള നിരന്തര പരീക്ഷണത്തിലാണ് ശാസ്ത്ര ലോകം. പ്ലാസ്റ്റിക്കിനെ ചെറുതരികളാക്കി 'ദഹിപ്പിക്കാൻ' സാധിക്കുന്ന ക്രില്ലുകളെന്ന ചെറിയ കൊഞ്ചുകളെ കണ്ടെത്തിയത് അതിൽ സുപ്രധാനമായ നേട്ടമായിരുന്നു. തങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് യാതൊരു തകരാറും വരാതെ പ്ലാസ്റ്റിക്കിനെ പൊടിച്ചു കളയാനുള്ള ശക്തി ഈ കുഞ്ഞൻ ക്രില്ലുകൾക്കുണ്ട്. ഈ കണ്ടുപിടുത്തത്തിന് പിറകെയാണ് സന്തോഷകരാമായ മറ്റൊരു കണ്ടുപിടുത്തം നടന്നിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ പൂർണമായും 'റീസൈക്കിൾ' ചെയ്യാൻ സഹായിക്കുന്ന എൻസൈം!

ജപ്പാനിലെ ഒരു റീസൈക്ലിങ് സെൻ്ററിലാണ് സംഭവം നടക്കുന്നത്. പ്ലാസ്റ്റിക്കിനെ തിന്നാൻ ശേഷിയുള്ള ഒരു തരം ബാക്ടീരിയകളിൽ പരീക്ഷണം നടത്തുകയായിരുന്നു ഒരു കൂട്ടം ഗവേഷകർ. ഈ ബാക്ടീരിയകൾക്ക് മുകളിൽ എക്സറേ രശ്മികൾ പതിപ്പിച്ചായിരുന്നു പരീക്ഷണം. കുറേ കഴിഞ്ഞപ്പോൾ ബാക്ടീരിയകൾക്ക് ജനിതിക മാറ്റം വരുന്നതായി ഗവേഷകർ നിരീക്ഷിച്ചു. മാത്രമല്ല, ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്കിനെ ദഹിപ്പിച്ച് കളയുന്ന ഒരു തരം എൻസൈമും രൂപപ്പെട്ടു വന്നു. പിഇടി എന്ന പ്ലാസ്റ്റിക്കിൽ നടത്തിയ പരീക്ഷണത്തിൽ ഈ എൻസൈം വിജയിക്കുകയും ചെയ്തു. എൻസൈം പ്ലാസ്റ്റിക്കിനെ അനായാസമായ വിഘടിപ്പിച്ചു


നമ്മൾ സാധാരണ ഉപയോഗിക്കുന്ന കുപ്പികളും കവറുകളും നിർമ്മിക്കുന്നത് പിഇടി പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ്.നിലവിൽ റീസൈക്ലിങ് ചെയ്ത് ഈ കുപ്പികൾ നാരുകളോ വിലകുറഞ്ഞ കാർപ്പറ്റുകളോ ആക്കി മാറ്റുകയാണ് പതിവ്. എന്നാൽ ഈ എൻസൈം ഉപയോഗിക്കുമ്പോൾ, പ്ലാസ്റ്റിക്ക് വിഘടിച്ച് വിവിധ രാസവസ്തുക്കളായി മാറുന്നു. ഈ രാസവസ്തുക്കളുപയോഗിച്ച് വീണ്ടും ഉയർന്ന നിലവാരമുള്ള പിഇടി നിർമ്മിച്ചെടുക്കാം. മാത്രമല്ല ക്രൂഡ് ഓയിലിൻ്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിക്കും. ജൈവരീതിയിലുള്ള റീസൈക്ലിങ് പോലെ തന്നെയാണ് എൻസൈം ഉപയോഗിച്ചുള്ള പ്ലാസ്റ്റിക്ക് വിഘടനവും നടക്കുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെയുള്ള ശക്തമായ ആയുദ്ധമായി ഇത് മാറും എന്ന വിശ്വാസത്തിലാണ് ഗവേഷകർ.


Read More >>