ഞാൻ കൊട്ടംമ്പിള്ളികുടിയിലെ പെലയത്തി തങ്കയുടെ മകൻ രാജേഷ്‌: കൊട്ടംമ്പിള്ളി കുടി രാജേഷ് പുലയൻ

പണ്ട് ഒരുപാട് നാണക്കേട് ഉണ്ടായിരുന്നു എന്റെ ജാതി ഓർത്ത്. അമ്മേടെ പേര് പറയുമ്പോൾ പോലും കുട്ടികളുടെ കളിയാക്കുന്ന ചിരി പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്- രാജേഷ് പറയുന്നു

ഞാൻ കൊട്ടംമ്പിള്ളികുടിയിലെ പെലയത്തി തങ്കയുടെ മകൻ രാജേഷ്‌: കൊട്ടംമ്പിള്ളി കുടി രാജേഷ് പുലയൻ

"രാജേഷ്‌ ഐമുറി എന്ന എന്റെ പേര് മാറ്റി ഞാനും ഇട്ടു എനിക്കൊരു വാലും തലയും. KRP- കൊട്ടംമ്പിള്ളി കുടി രാജേഷ് പുലയൻ"- പറയുന്നത് പെരുമ്പാവൂർ ഐമുറി സ്വദേശി രാജേഷ്. സ്വന്തം ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അമ്മയുടെ പേരു കാരണം പോലും നേരിട്ട കളിയാക്കലുകളും നാണക്കേടും ഒക്കെ നിറഞ്ഞ സ്വന്തം ജീവിതത്തിലെ തന്നെ അനുഭവമാണ് പേരിന്റെ കൂടെ 'പുലയൻ' എന്ന ജാതിപ്പേരു ചേർക്കാൻ രാജേഷിനെ പ്രേരിപ്പിച്ചത്. സവർണ പേരുകൾ മാത്രമല്ല അവർണ ജാതിനാമങ്ങളും പേരിനൊപ്പം ചേർക്കാമെന്നും അത് നാണക്കേടിന്റെ ചിഹ്നമല്ലെന്നും രാജേഷ് നമ്മോട് പറയുന്നു.

"പണ്ട് ഒരുപാട് നാണക്കേട് ഉണ്ടായിരുന്നു എന്റെ ജാതി ഓർത്ത്. കുലം ഓർത്ത്. അമ്മേടെ പേര് പറയുമ്പോൾ പോലും കുട്ടികളുടെ കളിയാക്കുന്ന ചിരി പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. സ്കൂൾ വിട്ട് വിട്ടിൽ പോകുമ്പോൾ പലരും പെലയൻ ചെക്കൻ എന്ന് പറയുന്നത് കേട്ട് തലകുനിച്ചു നടന്നത് ഞാൻ ഇപ്പോളും ഓർക്കുന്നു. എന്നാൽ അതേ പെലയത്തിയുടെ വിയർപ്പിന്റെ വിലയാണ് എന്റെ തണ്ടും തടിയുമെന്ന തിരിച്ചറിവ് ഉണ്ടായതിൽ പിന്നെ ആര് ചോദിച്ചാലും ഞാൻ ആ കൊട്ടംമ്പിള്ളി കുടിയിലെ പെലയത്തി തങ്കയുടെ മകൻ രാജേഷ്‌ ആണെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായി."- രാജേഷ് പറയുന്നു.

പിന്നീടാണ് തന്റെ പേരിന്റെ കൂടെ 'പുലയൻ' എന്ന ജാതിനാമം ചേർക്കാമെന്ന തോന്നൽ തനിക്കുണ്ടായതെന്നും രാജേഷ് പറയുന്നു. ഇതൊക്കെ ഇവിടെ പറയാനും, തന്റെ പേര് ഇങ്ങനെ മാറ്റാനുമുള്ള കാരണം അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ ഒരുപാട് അനിയന്മാർക്കും അനിയത്തിമാർക്കും അവരുടെ അച്ഛനമ്മമാരുടെ പേര് നാണക്കേട് കൂടാതെ പറയുന്ന ഒരു കാലം സ്വപ്നം കണ്ടുകൊണ്ടാണെന്ന് രാജേഷ് പറയുന്നു. ഈ പോസ്റ്റ്‌ കണ്ട് ഒരാളെങ്കിലും തന്റെ പേരിന്റെ വാലിൽ പുലയൻ എന്ന് വിളക്കി ചേർത്താൽ അത് തന്റെ മാത്രം വിജയം അല്ല. ഇപ്പോളും ആളുകൾ കളിയാക്കും എന്ന പേരിൽ സ്വന്തം ജാതി പുറത്ത് പറയാൻ പേടിച്ചു ജീവിക്കുന്ന കുഞ്ഞനിയന്മാരുടെയും അനിയത്തിമാരുടെയും വിജയം കൂടിയാണെന്നും രാജേഷ് കൂട്ടിച്ചേർക്കുന്നു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് വേദാന്തത്തിൽ ബിരുദമെടുത്ത രാജേഷ് ഒരു ഫോട്ടോഗ്രാഫറും ഫോട്ടോ എഡിറ്ററുമാണ്. മൂത്തേടൻസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ എഡിറ്ററായി ജോലി ചെയ്യുന്നു.

രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

രാജേഷ്‌ ഐമുറി എന്ന എന്റെ പേര് മാറ്റി ഞാനും ഇട്ടു എനിക്കൊരു വാലും തലയും. KRP- "കൊട്ടംമ്പിള്ളി കുടി രാജേഷ് പുലയൻ"

ഇത് കണ്ടു ഞാനൊരു ജാതിഭ്രാന്തനാണ് എന്നാരും തെറ്റിദ്ധരിക്കേണ്ട. (അഥവാ ധരിച്ചാലും എനിക്കൊരു അടപ്പും ഇല്ല)

പിന്നെ എന്റെ വലിലിൽ ഞാൻ എന്റെ ജാതി വിളക്കി ചേർത്തത്:

പണ്ട് ഒരുപാട് നാണക്കേട് ഉണ്ടായിരുന്നു എന്റെ ജാതി ഓർത്ത്. കുലം ഓർത്ത്. അമ്മേടെ പേര് പറയുമ്പോൾ പോലും കുട്ടികളുടെ കളിയാക്കുന്ന ചിരി പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. സ്കൂൾ വിട്ട് വിട്ടിൽ പോകുമ്പോൾ പലരും പെലയൻ ചെക്കൻ എന്ന് പറയുന്നത് കേട്ട് തലകുനിച്ചു നടന്നത് ഞാൻ ഇപ്പോളും ഓർക്കുന്നു.

എന്നാൽ അതേ പെലയത്തിയുടെ വിയർപ്പിന്റെ വിലയാണ് എന്റെ തണ്ടും തടിയുമെന്ന തിരിച്ചറിവ് ഉണ്ടായതിൽ പിന്നെ ആര് ചോദിച്ചാലും ഞാൻ ആ കൊട്ടംമ്പിള്ളി കുടിയിലെ പെലയത്തി തങ്കയുടെ മകൻ രാജേഷ്‌ ആണെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായി.

ഞാൻ ഇങ്ങനെ ഇതൊക്കെ ഇവിടെ പറയാനും, എന്റെ പേര് ഇങ്ങനെ മാറ്റാനുമുള്ള കാരണം അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ ഒരുപാട് അനിയന്മാർക്കും അനിയത്തിമാർക്കും അവരുടെ അച്ഛനമ്മമാരുടെ പേര് നാണക്കേട് കൂടാതെ പറയുന്ന ഒരു കാലം സ്വപ്നം കണ്ടുകൊണ്ടാണ്. 'വലിയ' കുലത്തിൽ പെട്ടവർക്ക് മാത്രമല്ല ജാതിപ്പേര് വാലും തലയുമായി ഇടാവുന്നത്. ഇത് എല്ലാവരും ഇടുന്നതിലൂടെ, ഇട്ടുകാണിക്കുന്നതിലൂടെ ഒരു ജാതിവ്യവസ്ഥയിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വരും എന്ന തിരിച്ചറിവ് കൂടെയാണ്.

പുലയന്റെ മക്കൾ പാടത്തും പറമ്പിലും പണിയെടുത്തും അന്തിക്കള്ളു കുടിച്ച് പൂരപ്പാട്ട് പാടി നടിക്കേണ്ടവർ അല്ല എന്ന് എന്റെ സഹോദരങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യം ആണ്.

10ഉം +2 വരെയും പഠിച്ച് വീട്ടിലെ പ്രാരാബ്ധം കൊണ്ട് ടൈൽസിന്റെ പണിക്കും പെയിന്റിങ്ങിനും, വർഷോപ്പിലും പോയി കിട്ടുന്ന ശമ്പളം കൊണ്ട് കുറച്ചു വീട്ടിലേക്കും കൊറേ കുടിച്ചും തീർക്കുന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടും ഉണ്ട്. കാർന്നോമ്മാര് പോയ വഴിയിൽ പിള്ളേരും പോകണം എന്നില്ല. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തോന്നുന്നെങ്കിൽ, ഇഷ്ടമുള്ള കാര്യം മാത്രം തിരഞ്ഞെടുത്ത് നല്ല രീതിയിൽ പഠിച്ചു മുന്നേറുക.

വളരാൻ ഒരു വലിയ ലോകം നിങ്ങളുടെ മുന്നിലുണ്ട്. അതിലൂടെ കഴിവിന്റെ പരമാവധി ഉയന്നു നല്ലൊരു മനുഷ്യനായി ജീവിച്ചു കാണിച്ചു കൊടുക്കാൻ കഴിയണം നിങ്ങൾക്ക്.

ഈ പോസ്റ്റ്‌ കണ്ട് ഒരാളെങ്കിലും തന്റെ പേരിന്റെ വാലിൽ പുലയൻ എന്ന് വിളക്കി ചേർത്താൽ അത് എന്റെ മാത്രം വിജയം അല്ല. ഇപ്പോളും ആളുകൾ കളിയാക്കും എന്നാ പേരിൽ സ്വന്തം ജാതി പുറത്ത് പറയാൻ പേടിച്ചു ജീവിക്കുന്ന കുഞ്ഞനിയന്മാരുടെയും അനിയത്തിമാരുടെയും വിജയം കൂടിയാണ്.