പെരിയാര്‍ ചുവക്കുമ്പോള്‍...

എറണാകുളം ജില്ലയിലെ 90% ജനങ്ങളുടെയും കുടിവെള്ള സ്രോതസാണ് പെരിയാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 44 തവണ പെരിയാര്‍ ചുവന്നുകിടന്നു. 12 തവണ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുടിവെള്ളത്തിനായി മാത്രം സംഭരിക്കപ്പെടുന്ന പാതാളം ബണ്ടിലും ഇതു തന്നെയാണ് സ്ഥിതി.

പെരിയാര്‍ ചുവക്കുമ്പോള്‍...

പര്‍വ്വതനിരയുടെ പനിനീരായി നാടാകെ തെളിനീരു നല്‍കുന്ന സുന്ദരിപ്പെണ്ണായിട്ടായിരുന്നു വയലാര്‍ രാമവര്‍മ്മ പെരിയാറിനെ വിശേഷിപ്പിച്ചിരുന്നത്. അതേ നദിയിലെ മത്സ്യങ്ങള്‍ കൂട്ടതോടെ ചത്തുപൊങ്ങി മനുഷ്യന് സൂചന നല്‍കുന്നുന്നതിതാണ് പെരിയാര്‍ കൊടും വിഷമായി മാറ്റപ്പെട്ടിരിക്കുന്നു!

എറണാകുളം ജില്ലയിലെ 90% ജനങ്ങളുടെയും കുടിവെള്ള സ്രോതസാണ് പെരിയാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 44 തവണ പെരിയാര്‍ ചുവന്നുകിടന്നു. 12 തവണ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുടിവെള്ളത്തിനായി മാത്രം സംഭരിക്കപ്പെടുന്ന പാതാളം ബണ്ടിലും ഇതു തന്നെയാണ് സ്ഥിതി. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തില്‍ പെരിയാറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും ഈ നദിയില്‍ ജീവന്‍ തുടച്ച് നീക്കുന്ന ഖനലോഹങ്ങളും കീടനാശിനികളും അടിഞ്ഞ്കൂടി മാരകമായി വിഷമയമായി എന്നും 22ലധികം റിപ്പോര്‍ട്ടുകളിലും വിശദീകരിക്കുന്നുണ്ട്.

അതിലൊന്നാണ് ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, ഏലൂര്‍ ഇടയാര്‍ പ്രദേശങ്ങളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്(സിപിസിബി) നടത്തിയ പഠനങ്ങളും സൂചിപ്പിക്കുന്നത്. 71 ഫാക്ടറികളില്‍ അവര്‍ നടത്തിയ പരിശോധനയില്‍ 18 ഫാക്ടറികള്‍ക്ക് മതിയായ മലിനജല ട്രീറ്റ്മെന്‍റ് സംവിധാനങ്ങള്‍ ഇല്ലെന്നു കണ്ടെത്തി. കൂടാതെ എത്ര ഫാക്ടറികള്‍ മലിനജലം പെരിയാറിലേക്ക് ഒഴുക്കുന്നു എന്നുള്ളതിനും വ്യക്തമായ കണക്കുകള്‍ ഇല്ല. പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപു ഭീഷണി നേരിടുന്നതു കണക്കിലെടുത്ത് അവയെ നിയമപരമായി വ്യക്‌തിത്വമുള്ളവയായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സമീപകാലത്ത് ഉണ്ടായിരുന്നു. പുഴകളുടെ നിലനില്‍പ്പാണ് മനുഷ്യരാശിയുടെയും നിലനില്‍പ്പ്‌ എന്ന് തെളിയിക്കുന്നതായിരുന്നു ഈ വിധി.

പെരിയാറിനെ സംരക്ഷിക്കുക ജീവന്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോകജലദിനമായ മാര്‍ച്ച്‌ 22 മുതല്‍ വിഷജലവിരുദ്ധ പ്രക്ഷോഭം സംഘടിക്കപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ആദ്യദിനം മുതല്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്നു വന്ന ഉപവാസസമരം ഇന്ന് മറൈന്‍ഡ്രൈവില്‍ പൊതു സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങില്‍ ഇറോം ചാമു ഷര്‍മിള, സാറാ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കള്‍ നീക്കാതെയാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത് എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നുണ്ട്. പെരിയാറിന്റെ തീരത്തെ റെഡ് കാറ്റഗറി ഫാക്ടറികള്‍ അടച്ചുപൂട്ടുക, പെരിയാര്‍ മലിനമുകതമാക്കുക, തൊഴില്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്കും ഇതര കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കി ജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടന്നത്

Read More >>