കാണാതായ കുഞ്ഞുങ്ങളുടെ ശ്രദ്ധയ്ക്ക്: രേഖ മിശ്ര നിങ്ങളെ കാത്ത് റെയില്‍വെ സ്റ്റേഷനിലുണ്ട്

രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വെ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് സര്‍വ്വീല്‍ ചേര്‍ന്ന് മാസങ്ങള്‍ കൊണ്ട് രേഖ മിശ്ര രക്ഷിച്ചത് 434 കുഞ്ഞുങ്ങളെയാണ്

കാണാതായ കുഞ്ഞുങ്ങളുടെ ശ്രദ്ധയ്ക്ക്: രേഖ മിശ്ര നിങ്ങളെ കാത്ത് റെയില്‍വെ സ്റ്റേഷനിലുണ്ട്

റെയില്‍ ട്വീറ്റ് ചെയ്തപ്പോഴാണ് രേഖാ മിശ്രയെ വീട്ടുകാര്‍ പോലും ശരിക്കും അറിഞ്ഞത്. അതുവരെ അവരുടെ മകളോ സഹോദരിയോ രാജ്യത്തെ ഏറ്റവും തിരക്കുള്ള മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് സബ് ഇന്‍സ്പെക്ടറോ മാത്രമായിരുന്നു രേഖ. റെയില്‍വെയുടെ ട്വീറ്റ് സഹോദരങ്ങള്‍ക്ക് വാട്ട്സാപ്പ് ചെയ്താണ് രേഖ വിവരം വീട്ടിലറിയിച്ചത്-


ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ 434 കുഞ്ഞുങ്ങളെ രേഖ രക്ഷിച്ചു! അതില്‍ 45 പെണ്‍കുട്ടികളായിരുന്നു.നമ്മുടേയും കുഞ്ഞുങ്ങള്‍ ഒരുനിമിഷത്തെ തോന്നലില്‍ വീട് വിട്ടുപോകാം... അല്ലെങ്കില്‍ നമുക്കൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ കൂട്ടം തെറ്റിപ്പോകാം. അതുമല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞോ ഭീഷണിപ്പെടുത്തിയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാം- അങ്ങനെയുള്ളവരായിരുന്നു രേഖ രക്ഷിച്ച കുഞ്ഞുങ്ങള്‍. 'കൂടുതല്‍പ്പേരും അച്ഛനമ്മമാരുടെ ശകാരത്തിലോ മര്‍ദ്ദനത്തിലോ മനം നൊന്ത് വീടുവിട്ടവരാണ്. മുംബൈയുടെ ഗ്ലാമറില്‍ ഭ്രമിച്ചെത്തിയവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവരെ കാണാനെത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു'- രേഖ പറയുന്നു.

ആളെയിറക്കിയ ചെന്നൈ എക്സ്പ്രസിന്റെ ബോഗിയ്ക്കുള്ളില്‍ രേഖ ഒരു ദിവസം കുറച്ചു പെണ്‍കുട്ടികളെ കണ്ടു. പതിനാലിനടുത്ത് പ്രായമുള്ളവര്‍. സ്‌കൂള്‍ യൂണിഫോമില്‍ ഭയചകിതരായ കുഞ്ഞുങ്ങള്‍. രേഖ അവരോട് സംസാരിച്ചപ്പോഴാണ് അവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നു മനസിലായത്. രേഖ പറയുന്നത് കുഞ്ഞുങ്ങള്‍ക്കും മനസിലാകുന്നില്ല. തമിഴ് അറിയാവുന്നവരെ വരുത്തി ചോദിച്ചു. ആരോ അവരെ തട്ടിക്കൊണ്ടു പോന്നതാണെന്നാണ് ആദ്യം പറഞ്ഞു. കൂടുതല്‍ അടുത്തപ്പോള്‍ ഉള്ളത് പറഞ്ഞു. സിനിമകള്‍ കണ്ട്, അതിലെ പോലെ ഒളിച്ചോടി പോന്നതായിരുന്നു. വീട്ടുകാരെ വിളിച്ചു വരുത്തി അവരെ ഏല്‍പ്പിച്ചു.'ഞാനൊരു പട്ടാളഫാമിലിയിലെ കുട്ടിയാണ്. ഞാനറിയാതെ തന്നെ ചെയ്തുപോകുന്നതാണിത്'- പുകഴ്ത്തുന്നവരോട് രേഖ വിനയാന്വിതയാകുന്നു. രേഖയുടെ അച്ഛന്‍ സുരേന്ദ്ര നാരായണന്‍ വിമുക്തഭടനാണെന്നു മാത്രമല്ല മൂന്ന് ആങ്ങളമാരില്‍ രണ്ടാളും പട്ടാളത്തിലാണ്.

12 മണിക്കൂര്‍ ഷിഫ്റ്റില്‍ അതിരാവിലെ ജോലി തുടങ്ങുന്ന രേഖ പലപ്പോഴും സമയം പോലും നോക്കാതെ ജോലി തുടരും. മിക്കപ്പോഴും 14 മണിക്കൂര്‍ ജോലി ചെയ്യും. 24 മണിക്കൂറും ആള്‍ത്തിരക്കേറിയ ടെര്‍മിനലിലൂടെ രേഖയുടെ കണ്ണുകളിങ്ങനെ ഉഴറിക്കൊണ്ടിരിക്കും. മുതിര്‍ന്നവരേയും കുഞ്ഞുങ്ങളേയും പ്രത്യേകം ശ്രദ്ധിക്കും. അവരുടെ മുഖത്തു നിന്നും ഭാവം വായിക്കും. പ്രത്യേകിച്ച് ഒറ്റപ്പെട്ടോ സംശയാസ്പദമായോ കാണുന്നവരെ പ്രത്യേകം കണ്ടെത്തും- 'എങ്ങോട്ടു പോകണമെന്നറിയാതെ പരസഹായം തേടുന്ന കുഞ്ഞുങ്ങളെയും ആണ്‍കുട്ടികളേയും യുവതികളേയും പെട്ടെന്നു തിരിച്ചറിയാനാവും'രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള സുരക്ഷാ സേനാംഗങ്ങള്‍ നല്‍കുന്ന വിവരങ്ങളും കുട്ടികളെ കണ്ടെത്തുന്ന കാര്യത്തില്‍ സഹായമാകാറുണ്ടെന്നു രേഖ പറയുന്നു.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള സന്ദേശങ്ങളാകാം... അയച്ചു തരുന്ന ചിത്രങ്ങളാകാം... അവരെത്തിച്ചേരാന്‍ സാധ്യതയുള്ള അവസാന സ്റ്റേഷനാകും ഇവിടം- 'ഉണര്‍ന്നിരുന്നാലേ കണ്ടെത്താനാവു. എപ്പോഴും ഒരു ജാഗ്രത വേണം. പ്രധാനമായും കുഞ്ഞുങ്ങളുടെ വിശ്വാസ്യത നേടണം. ചില കുഞ്ഞുങ്ങള്‍ വീട്ടില്‍ നിന്ന് ഇല്ലാത്ത കാരണത്തിന് ഓടിപ്പോന്നവരാകും. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരും വീട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ആഗ്രഹിക്കാത്തവരും അവരിലുണ്ടാകാം. വളരെ സൂക്ഷിച്ചു വേണം അവരെ കൈകാര്യം ചെയ്യാന്‍'

മിശ്ര അത്ലറ്റുമാണ്. സുരക്ഷാസേനയുടെ സംസ്ഥാന തല മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട്. സുരക്ഷാ സേന നടത്തുന്ന കേസന്വേഷണങ്ങളിലും രേഖയുടേത് മികച്ച പ്രകടനമാണെന്നും കള്ളടിക്കറ്റ് വില്‍പ്പനയടക്കമുള്ള കയ്യോടെ പിടികൂടാറുണ്ടെന്നും പക്ഷെ, കുഞ്ഞുങ്ങളെ രക്ഷിക്കുന്ന കാര്യത്തില്‍ രേഖ മിടുമിടുക്കിയാണെന്ന് അവളുടെ മേലുദ്യോഗസ്ഥര്‍ എടുത്തു പറയുന്നു. അര്‍പ്പണമനോഭാവത്തോടെ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന രേഖയുടെ പേര് അവാര്‍ഡുകള്‍ക്കായി മുകളിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സച്ചിന്‍ ബലോഡ് അഭിമാനത്തോടെ പറയുന്നു.

ഈവര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ മാത്രം രേഖ നൂറോളം കുഞ്ഞുങ്ങളെ രക്ഷിച്ചു

Read More >>