"23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ; ധൈര്യത്തോടെ പറയുന്നു"

ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകനായ പ്രസാദ് കെ ജി തന്റെ മകൾ ഹരിത പ്രസാദിന്റെ ഫേസ്ബുക്ക് വാളിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്

23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ; ധൈര്യത്തോടെ പറയുന്നു

പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചു ജീവിക്കാൻ ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും സ്റ്റാറ്റസിന്റേയുമെല്ലാം ഉയർച്ചയും താഴ്ച്ചയും നോക്കണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സംഭവങ്ങൾ. പ്രണയിച്ചു എന്ന ഒറ്റ കാര്യത്തിന്മേലാണ് ഇത്രമാത്രം ദുരഭിമാന കൊലകൾ നടക്കുന്നത്. അവസാനം കെവിന്റെ മരണം വരെ എത്തി നിൽക്കുന്ന കേരളത്തിൽ ഒരച്ഛൻ മകൾക്ക് ഫേസ് ബുക്കിലൂടെ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മകൾ സ്നേഹിയായ ഒരച്ഛൻ്റെ കുറിപ്പ് ഇങ്ങനെ: 23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല. ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്തത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്നു- മകൾ സ്നേഹി.


ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകനായ പ്രസാദ് കെ ജി തന്റെ മകൾ ഹരിത പ്രസാദിന്റെ ഫേസ്ബുക്ക് വാളിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. "കേരളമിങ്ങനെയൊരു പ്രതികരണം ആവശ്യപ്പെടുന്നു. കപട സദാചാരികൾ പെരുകുകയാണ്. എല്ലാം അഭിനയം .ബോധ്യപ്പെടാൻ മാട്രിമോണിയൽ കോളമൊന്നു തിരഞ്ഞാൽ മതി"- പ്രസാദ് നാരദ ന്യൂസിനോട് പറഞ്ഞു

"ജാതിയുടെ പേരിൽ കെവിനെ കൊന്ന് നീനുവിനോട് കാണിച്ച ക്രൂരത ഹൃദയം നീറ്റുന്നതാണ്. കെവിൻ്റെ അച്ഛൻ നീനുവിനെ ചേർത്തു പിടിച്ച ദൃശ്യങ്ങൾ കണ്ട് കണ്ണു നിറയാത്ത ഒരു മകളും ഉണ്ടാകില്ല. എൻ്റെ അച്ഛൻ പറഞ്ഞതാണ് നേര്. അത് ഓരോ മക്കളുടേയും അവകാശമാണ്"-ഹരിത പറഞ്ഞു.


മാധ്യമ പ്രവർത്തകൻ കൂടിയാണ് പ്രസാദ്. ഹരിത കാലടി സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ്. ഹരിതയുടെ അമ്മ പുഷ്പയും അധ്യാപികയാണ്. അനിയൻ ഈ വർഷം പ്ലസ്ടു കഴിഞ്ഞു.മക്കളുടെ സ്വാതന്ത്ര്യം അവരുടെ അവകാശമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന പ്രസാദ് മുൻപ് ഹോളി ആഘോഷിക്കാനുള്ളത് കുട്ടികളുടെ ആഗ്രഹമാാണെങ്കിൽ ഞാനതിന് എതിര് നിൽക്കില്ല എന്ന് പ്രഖ്യാപിക്കുകയും തൻ്റെ തന്നെ സ്കൂളിൽ പഠിക്കുന്ന മകൻ ഹോളി ആഘോഷിക്കുന്നതിൻ്റെ പടമടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read More >>