'അമരൻ അഭിമന്യു'; കഥാപ്രസംഗവുമായി സിപിഐഎം നേതാവ്

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടപ്പടി പഞ്ചായത്തിന്റെയും മുൻ പ്രസിഡന്റും കാഥികനുമായ കെ.എ ജോയി ആണ് അഭിമന്യുവിന്റെ കഥയുമായെത്തുന്നത്.

അമരൻ അഭിമന്യു; കഥാപ്രസംഗവുമായി സിപിഐഎം നേതാവ്

പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട എസ്‌എഫ്‌ഐയുടെ ആദിവാസി നേതാവ് അഭിമന്യുവിന്റെ ജീവിതം കഥാപ്രസംഗമായി വേദിയിലേയ്ക്ക്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെയും മുൻ പ്രസിഡന്റും സിപിഐഎം നേതാവും കാഥികനുമായ കെ.എ. ജോയി ആണ് അഭിമന്യുവിന്റെ ജീവിതം അരങ്ങിലെത്തിക്കുന്നത്. 'അമരൻ അഭിമന്യു' എന്ന പേരിലാണ് കഥാപ്രസംഗം വേദിയിലെത്തുക.

സെപ്റ്റംബർ ആദ്യവാരം എറണാകുളം മഹാരാജാസ് കോളജിലാണ് 'അമരൻ അഭിമന്യു' ആദ്യമായി അരങ്ങേറുക. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ ക്യാമ്പസിൽ വച്ചാണ് അഭിമന്യു എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്ക് ഇരയായത്. കലാലയ ജീവിതത്തിനിടെ രക്തസാക്ഷിയാകേണ്ടിവന്ന അഭിമന്യുവിന്റെ ജീവിതാനുഭവങ്ങളാണു ജോയി കഥാപ്രസംഗാവിഷ്കാരം നടത്തുന്നത്.

മുമ്പ് 'മനുഷ്യസ്നേഹി' എന്ന പേരിൽ കോഴിക്കോട് മാൻഹോളിൽ മരിച്ച നൗഷാദിന്റെയും 'അനശ്വരം ഈ പ്രണയം' എന്ന പേരിൽ കാഞ്ചന മാലയുട‌െയും മൊയ്തീന്റെയും പ്രണയകഥയും കഥാപ്രസംഗ രൂപത്തിൽ ഒട്ടേറെ വേദികളിൽ ജോയി അവതരിപ്പിച്ചിരുന്നു. കഥകളുട‌െ രചനയും സംവിധാനവും സംഗീതവും ജോയി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.