മുസ്ലിം നേതാക്കളും സമത്വം എന്ന ആശയവും...

പാര്‍ശ്വത്കരിക്കപ്പെടുന്ന എല്ലാവരെയും പ്രതിനിധീകരിക്കുന്നതാകണം ഒരു നേതാവിന്റെ ശബ്ദം

മുസ്ലിം നേതാക്കളും  സമത്വം എന്ന ആശയവും...

=ഒമര്‍ അഹമദ് =

ഗോരഖ്പൂരിലെ ഒരു യാത്രയ്ക്കിടയില്‍ എന്റെയൊരു ഇളയ സഹോദരന്‍ എന്നോടു പറഞ്ഞു, "ഒമര്‍ ഭായ്, ഈ ഭരണത്തില്‍ മുസ്ലീമുകള്‍ അവരുടെ സ്വത്വത്തില്‍ ആക്രമിക്കപ്പെടുകയാണ്. സംശയമില്ല. എന്നാല്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ദളിതരാണ് എന്നുള്ളതല്ലേ വസ്തുത?

സ്വര്‍ഗ്ഗാനുരാഗിയായ ഒരു സുഹൃത്ത് മുന്‍പ് എന്നോട് ചോദിച്ച ചോദ്യമാണ് അപ്പോള്‍ മനസിലെത്തിയത്- "മതനിരപേക്ഷതയുടെ ലക്ഷ്യത്തിലേക്ക് ശ്രദ്ധയൂന്നുമ്പോള്‍ സമാനമായി ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ?" ഈ രണ്ടു സംഭാഷണങ്ങളും കൂട്ടിക്കലർത്തി വായിക്കുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീമുകളുടെ അവകാശസമരങ്ങളും മറ്റ് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ സമരങ്ങളും തമ്മില്‍ എങ്ങനെ വിഭിന്നമാകുന്നു എന്നോ അല്ലെങ്കിൽ പരസ്പരബന്ധിതമാകുന്നു എന്നോ ചിന്തിക്കേണ്ടതുണ്ട്.

കഴിഞ്ഞ നാല് വർഷങ്ങള്‍ക്കിടയില്‍ മുസ്ലീമുകള്‍ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമായി ഹീനമായി ആക്രമിക്കപ്പെടുകയാണ്. ഇവരുടെ കൊച്ചുകുട്ടികളെ പോലും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നു, ഇവരുടെ വ്യാവസായിക മേഖലകള്‍ അടിച്ചു തകര്‍ത്തു ഭീഷണിപ്പെടുത്തുന്നു, ബീഫിന്റെ പേരില്‍ കൂട്ട നരഹത്യകള്‍ നടത്തുന്നു, അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ത്തി അവരെ ഒറ്റപ്പെടുത്തുന്നു എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനീതിയാണ് മുസ്ലീമുകള്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്.

പല സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ, സംസ്ഥാന അസംബ്ലികളിലെ മുസ്‌ലിം പ്രാതിനിധ്യം ഏതാണ്ട് അപ്രത്യക്ഷമായി. പെഹ്ലു ഖാൻ കൊല്ലപ്പെട്ടത് ഗോസംരക്ഷണത്തിന്റെ പേരില്‍ അല്ല എന്ന് ലോക്സഭയില്‍ നിഷേധിച്ച മുകതാർ അബ്ബാസ് നഖ്വി പോലെയുള്ള വളരെ ചുരുക്കം ആളുകളാണ് മുസ്ലിം നേതാക്കന്മാരായി രംഗത്തുള്ളത്.

എന്റെ സഹോദരന്‍ സൂചിപ്പിച്ചത് പോലെ ഇതൊന്നും ശൂന്യതയിൽ നിന്നും സംഭവിക്കുന്നതല്ല. ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായി മാറിയിരിക്കുന്നു. നവോത്ഥാന നായകന്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തതും ദളിതനായ യുവാവ് തന്റെ വിവാഹത്തിനു കുതിരപ്പുറത്ത് വന്നതും, മീശ വളര്‍ത്തിയതിനുമെല്ലാം ദളിതര്‍ ആക്രമിക്കപ്പെടുന്നത് നീണ്ട പട്ടികയിലെ ഒരു നിര മാത്രമാണ്. ഇതേ സമയം ഒരു പൌരനെ മനുഷ്യ കവചമായി വാഹനത്തിനു മുന്നില്‍ കെട്ടിയിട്ട യുദ്ധസമാനമായ നടപടി കാശ്മീര്‍ സൈന്യത്തില്‍ നിന്നും ഉണ്ടായതിനെതിരെ പരസ്യ വിമര്‍ശനങ്ങളും ഉയര്‍ന്നു. മുസ്ലീമുകള്‍ മാത്രമല്ല, രാജ്യത്തെമ്പാടും ന്യൂന പക്ഷ വിഭാഗങ്ങള്‍ എല്ലാം തന്നെ ആക്രമിക്കപ്പെടുന്നു.

ക്രിസ്ത്യാനികളും ഭൂരിപക്ഷ തീവ്രവാദികളുടെ ആക്രമണത്തെ നേരിടുന്നുണ്ട്. വന നിയമങ്ങൾ ദുര്‍ബലമാക്കിയതോടെ ആദിവാസി സമൂഹത്തിനു അവരുടെ ഭൂമിക്ക് മേലുള്ള അവകാശങ്ങളും നഷ്ടപ്പെടുന്നു. സ്ത്രീകൾക്ക് എന്തു ധരിക്കണം, അവര്‍ എന്താണ് ചെയ്യേണ്ടത്, ആരൊക്കെ തമ്മിലാണ് സ്നേഹിക്കേണ്ടത്, ആരൊക്കെ തമ്മില്‍ വിവാഹം ചെയ്യണം എന്നിങ്ങനെയുള്ള അപകടകരമായ പൊതുവിപത്തുകളും സമൂഹത്തിലാകമാനം അടിച്ചേല്‍പ്പിക്കപ്പെടുന്നു. പല മുസ്ലിം നേതാക്കന്മാർക്കും ഇവയെല്ലാം ഓരോരോ പ്രത്യേക പ്രശ്നങ്ങളാണ്. ദളിത് അവകാശത്തെക്കുറിച്ച് മുൻനിരയിലുള്ള മുസ്ലീം മത നേതാക്കന്മാരോ തത്വചിന്തകരോ അടുത്ത കാലത്ത് സംബോധന ചെയ്തതായി ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. ആദിവാസികളുടെ അവകാശങ്ങൾ സംബന്ധിച്ചു ഉമർ ഖാലിദ്‌ എഴുതിയ ഒരു പ്രബന്ധം മാത്രമാണ് സമീപകാലത്ത് ഉണ്ടായത്. കശ്മീര്‍ വിഷയത്തിലും മുസ്ലീം നേതാക്കൾ പൊതുഭീരുത്വത്തിന്റെ ദീർഘകാല നയമാണ് പിന്തുടരുന്നത്. അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ ഇന്റർനെറ്റ്, വൈഫൈ തുടങ്ങിയ സൌകര്യങ്ങള്‍ നിഷേധിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇവ പരാമർശിക്കപ്പെടുന്നത്. നിങ്ങള്‍ ഇവിടെയും ഒരു കാശ്മീര്‍ സൃഷ്ടിക്കുകയാണോ എന്നും അത്തരം കാര്യങ്ങൾ കശ്മീരികൾക്ക് സാധാരണമാണ് എങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ല എന്നും ആളുകള്‍ പറയുന്നു.

നിർണായക ഘട്ടങ്ങളിൽ, മുസ്ലിം നേതാക്കൾ യഥാർഥത്തിൽ സമത്വം എന്ന ആശയത്തെ എതിർക്കുകയാണ് ചെയ്യുന്നത്. റിഗ്രസിവ് കൊളോണിയൽ സെക്ഷൻ 377 നെതിരെ അപ്പീലുമായി ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് നീങ്ങിയതും (ചില മുസ്ലീം സംഘങ്ങൾ അവരെ എതിർക്കുന്നുണ്ടെങ്കിലും) ചില പിന്തിരിപ്പൻ ഘടകങ്ങള്‍ക്ക് വേണ്ടിയാണ്. മുത്തലാഖ് വിഷയം, ലിംഗഭേദമെന്യേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും തുല്യ പരിഗണനയും, അവര്‍ക്ക് വിവാഹമോചനം പുനര്‍വിവാഹം എന്നീ വിഷയങ്ങളെ മുസ്ലീം നേതാക്കൾ വ്യക്തമായി വിശദീകരിക്കാന്‍ വിസമ്മതിക്കുന്നു.

തോട്ടികള്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കു വേണ്ടി ഒരു എൻജിഒ നല്‍കിയ പരസ്യത്തില്‍ ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്യര്‍, പട്ടേൽ, ജൈനന്മാര്‍, സിറിയൻ ക്രിസ്ത്യാനികൾ, പാർസിസ്, പത്താൻ, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ ഉന്നതകുല മുസ്ലീങ്ങൾ രംഗത്ത് വന്നു. ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ സംഘടനയായ റാസ അക്കാദമി ഈ എൻജിഒയ്ക്കെതിരെ നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. സയ്യദുകളോട് കക്കൂസ് മാലിന്യം വൃത്തിയാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്ന് പ്രതിപാദിക്കുക വഴി മുസ്ലീമുകല്‍ക്കിടയില്‍ ആഴത്തിലുള്ള ജാതി മേല്‍ക്കോയ്മ വ്യക്തമായി പ്രതിഫലിക്കപ്പെട്ടു. തുല്യതയ്ക്കായി പോരാടുന്ന ഓരോ നീക്കത്തില്‍ നിന്നും ഇത്തരം മുസ്ലിം നേതാക്കന്മാർ മനപ്പൂര്‍വ്വമായി അകന്നു നില്‍ക്കുകയും വലിയൊരു ശതമാനം സഹോദരന്മാരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. പാര്‍ശ്വത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ലെങ്കിൽ, എന്തുകൊണ്ട് മറ്റു പാർശ്വവത്ക്കരിക്കപ്പെട്ടവർ ഇവര്‍ക്ക് വേണ്ടി സംസാരിക്കണം?

ഇന്ത്യയിലെ ഏറ്റവും വലിയ പാർശ്വവത്കൃത സമൂഹമായ സ്ത്രീകൾക്ക് തുല്യ പരിഗണനയും സാമൂഹികനീതിയും ലഭിക്കുന്ന ചര്‍ച്ചകള്‍ ഉയരുമ്പോള്‍ ഈ നേതാക്കൾ അതിനെതിരെ നിലപാടുകള്‍ സ്വീകരിക്കുകയോ തന്ത്രപരമായി ഒഴിഞ്ഞു മാറുകയോ ചെയ്യും. 'വർഗീയത' തങ്ങളുടെ പ്രശ്നം അല്ലെന്ന് ഇവര്‍ കരുതുന്നു. ഭൂരിപക്ഷ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്നു പറഞ്ഞു ഇവര്‍ ഒഴിഞ്ഞുമാറുന്നു. പകരം, 'മതനിരപേക്ഷത നിലനിര്‍ത്താന്‍ കഴിയുന്ന വിശാല ചിന്താഗതികളുള്ള നേതാക്കളെയും ആശയത്തെയും തേടുകയും ചെയ്യുന്നു. വാരിഷാ ഫറാസാതും പ്രീത ജായും എഴുതിയ Splintered ജസ്റ്റിസിൽ രേഖപ്പെടുത്തിയത് പോലെ, അതുവരെ തുലോം സുരക്ഷിതരായിരുന്നവര്‍ വർഗീയ പാർട്ടികളുടെ ഭരണത്തില്‍ അസുരക്ഷിതരായി മാറ്റപ്പെടുന്നതിനും കാരണമായി. അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങളും, ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റവും നല്‍കുന്ന സന്ദേശമിതാണ്- അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്‌ മറ്റ് എല്ലാ വിഭാഗങ്ങളുടെയും തുല്യാവകാശത്തിനും തുല്യനീതിക്കും വേണ്ടി മുന്‍നിരയില്‍ നിന്നും ശബ്ദമുയര്‍ത്തേണ്ടത്.

ഈ ഭരണത്തിനു കീഴില്‍ പീഡനമേല്‍ക്കുന്ന ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും മുസ്ലീം നേതൃത്വത്തിന്റെ പുതിയ തലമുറ അസാധാരണമായ ശ്രമം നടത്തുകയാണ് വേണ്ടത്. എല്ലാവര്‍ക്കും തുല്യനീതി എന്ന ആശയത്തിനു വേണ്ടിയാണ് ശബ്ദം ഉയരേണ്ടത്. ആന്തരിക വൈകല്യങ്ങളെയും മേല്‍കോയ്മകളെയും തിരിച്ചറിഞ്ഞു അവയെ തിരുത്താനുള്ള സമയവും പരിശ്രമവും ഉണ്ടാകണം. അപകടത്തെ നേരിടുമ്പോള്‍ ഭീമമായ വിപത്തുകളെ വേണം ആദ്യം നേരിടേണ്ടത്. അതല്ലെങ്കിൽ നിലവിലെ അരക്ഷിത്വാസ്ഥ കൂടുതല്‍ കാഠിന്യമാകും. പൗരത്വം ഒരു അവകാശവും ഉത്തരവാദിത്വവുമാണ്. ഇൻഡ്യൻ ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ മുസ്ലിമുകൾ ആ ഉത്തരവാദിത്തം നിറവേറ്റണം. 'ഇതെന്റെ രാജ്യമാണ്' എന്ന അവകാശബോധം ഒന്നു മതി ഇവ പ്രായോഗികമാക്കാന്‍.

ഇതു ആശ്വസിക്കാനുള്ള സമയമല്ല, പോരാടാനുള്ളതാണ്. സ്വന്തം വിഭാഗത്തിനു മാത്രമല്ല, പാര്‍ശ്വത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടിയാകണം ഈ പോരാട്ടം!

( ഒമര്‍ അഹമദ് എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം.)


Read More >>