ടിക് ടോക് പുതിയ 'എഫ്‌ബി'; തമ്മിലടിപ്പിച്ച മ്യൂസിക്കലി ശരിക്കും പുലിയാ

പ്രളയവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ സംഭാഷണങ്ങൾ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം എന്ന നിലയിൽ വരെ വളർത്തിയത് ടിക് ടോക് എന്ന ആപ്പിൽ നിർമിക്കപ്പെട്ട ചെറുവീഡിയോകളാണ്.

ടിക് ടോക് പുതിയ എഫ്‌ബി; തമ്മിലടിപ്പിച്ച മ്യൂസിക്കലി ശരിക്കും പുലിയാ

ഒരു തമിഴ് യുവാവിന്റേയും മലയാളി യുവതിയുടേയും സംഭാഷണം പ്രളയാനന്തര കേരളത്തിലും തമിഴ്നാട്ടിലും വൈറലായി. ആ രണ്ടു പേർ തമ്മിലുള്ള സംഭാഷണത്തിനു പരസ്പരം മറുപടികൾ പറഞ്ഞും അതിന്റെ ശബ്ദം ഡബ് ചെയ്ത് വീഡിയോ ഇട്ടും നൂറുകണക്കിനു പേർ വിവാദത്തിലേയ്ക്കിറങ്ങി. ആ വീഡിയോകൾ വാട്സാപ്പും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രശ്നം കത്തിപ്പടർന്നു.

എക്കാലത്തെയും സഹോദര സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം എന്ന നിലയിൽ അതിനെ വളർത്തിയെടുക്കാൻ ചില ചാണകത്തലകൾ ശ്രമിച്ചു. ഈ ദ്രാവിഡ നാടുകൾ തമ്മിലുള്ള സാഹോദര്യവും സ്നേഹവുമുയർത്തി ആ വെറുപ്പിനെ മലയാളികളും തമിഴരും ചേർന്ന് ചെറുത്തു തോൽപ്പിക്കുകയും ചെയ്തു. സിനിമാ ഡയലോഗുകൾ ഡബ് ചെയ്തും വ്യത്യസ്തങ്ങളായ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തും വിനോദമുണർത്തിയിരുന്ന ഒരു ആപ്പ് ഉപയോഗിച്ചാണ് ആ വിഷത്തലകൾ പ്രശ്നം വഷളാക്കുന്ന വീഡിയോകളുണ്ടാക്കിയത്- ((മ്യൂസിക്കലി എന്ന് മുമ്പറിയപ്പെട്ടിരുന്ന)) ടിക് ടോക്ക്.

ഡബ്സ്മാഷ്ടിക് ടോക്കിലേക്കുള്ള മലയാളികളുടെ യാത്ര തുടങ്ങുന്നത് ഡബ്സ്മാഷിൽ നിന്നാണ്. സിനിമാ ഡയലോഗുകളുടെ ശബ്ദം പിന്നണിയിലിട്ട് അഭിനയിക്കുന്ന കലാപരിപാടിയാണ് ഈ ഗണത്തിൽ കേരളത്തിൽ ആദ്യം വൈറലായത്. ഡബ്സ്മാഷ് വെബ്സൈറ്റും ആപ്പും ഉപയോഗിച്ച് ഒറ്റയ്ക്കൊറ്റയ്ക്കുള്ള വീഡിയോകളാണ് ഈ ഗണത്തിൽ ഉണ്ടായിരുന്നത്. സെലിബ്രിറ്റികൾ അടക്കമുള്ളവർ ഏറ്റെടുക്കുകയും ജനപ്രിയ ടിവി പ്രോഗ്രാമുകളിലടക്കം ഒഴിവാക്കാനാകാത്ത ഐറ്റമായി മാറുകയും ചെയ്ത് ഇത് ഏറെ വൈറലായി. ആ ആപ്പിന്റെ പേര് ഈ ഇനത്തിന്റെ തന്നെ പേരാണ് എന്നു തോന്നിക്കുന്ന നിലയിൽ സംഗതി ഹിറ്റായി. ഡബ്സ്മാഷ് ആപ്പും വെബ്സൈറ്റും കൂടാതെ യുട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ നിറഞ്ഞോടി.

ഏകദേശം നാലു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2014 നവംബർ 14നാണ് ചെറു വീഡിയോ ആപ്പ് ആയ ഡബ്സ്മാഷ് പുറത്തിറങ്ങിയത്. മൊബൈൽ മോഷൻ എന്ന ജർമൻ കമ്പനിയാണ് ഡബ്സ്മാഷിന്റെ സ്രഷ്ടാക്കൾ. ലിപ് സിങ്ക് ഡബ്ബുകൾ, പാട്ട്, മറ്റു ദൃശ്യങ്ങൾ എന്നിങ്ങനെ നിരവധി തരം ചെറുവീഡിയോകളാണ് ഡബ്സ്മാഷ് പിന്തുണച്ചിരുന്നത്. ആദ്യമിറക്കിയ രണ്ട് ആപ്പുകൾ പരാജയമായ മൊബൈൽ മോഷന്റെ ഡബ്സ്മാഷ്, പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ജർമനിയിൽ ഒന്നാം സ്ഥാനത്തെത്തി. അതിനു പിന്നാലെ മറ്റ് 29 രാജ്യങ്ങളിലും ഡബ്സ്മാഷ് ഇതേ സ്ഥാനത്തെത്തി. ഇന്ത്യയിലും കേരളത്തിലും ഡബ്സ്മാഷ് വൈറലാവുകയും ചെയ്തു. പഞ്ചാബി ഹൌസിലെ രമണനും പുലിവാൽ കല്യാണത്തിലെ മണവാളനും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുവുമടക്കമുള്ള കഥാപാത്രങ്ങളായി മലയാളികൾ സ്ക്രീനിൽ തെളിഞ്ഞു. ആറുമാസത്തിനുള്ളിൽ 192 രാജ്യങ്ങളിലായി അഞ്ചു കോടി പ്രാവശ്യം ആപ്പ് ഡൌൺലോഡ് ചെയ്യപ്പെട്ടു. ആൻഡ്രോയിഡിൽ മാത്രം പത്തു കോടി പ്രാവശ്യം ആപ്പ് ഇതുവരെ ഡൌൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്മ്യൂൾ
ഡബ്സ്മാഷിനു പിന്നാലെയുള്ള ഒരു വൈറൽ വീഡിയോ ആപ്പ് ആയിരുന്നു സ്മ്യൂൾ. എന്നാൽ ഡബ്സ്മാഷ് പോലെയേ ആയിരുന്നില്ല സ്മ്യൂൾ. ദൃശ്യത്തിനോ സംഗീതത്തിനോ രൂപം നൽകലായിരുന്നു ഡബ്സ്മാഷെങ്കിൽ ഗാനത്തിനു ശബ്ദം നൽകലായിരുന്നു സ്മ്യൂൾ. കരോക്കെ ട്രാക്കിനൊപ്പം പാട്ടുപാടി കരോക്കേയും ശബ്ദവും ഒരേ സമയം റെക്കോർഡ് ചെയ്യുന്ന ആപ്പാണ് സ്മ്യൂൾ. പാടുന്ന വീഡിയോ ഉൾപ്പെടെ റെക്കോർഡ് ചെയ്യാനാവുന്ന സ്മ്യൂളിൽ ഗാനവും കരോക്കേയും തമ്മിൽ സമയ വ്യത്യാസം വന്നാൽ അതു ശരിയാക്കാനുള്ള ടൂളുകളും ഉണ്ടായിരുന്നു.

സ്മ്യൂളിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഡ്യൂയറ്റ് ആയിരുന്നു. ഒരേ ഗാനം തന്നെ രണ്ടു പേർക്ക് രണ്ടിടത്ത് രണ്ടു സമയത്ത് പാടി റെക്കോർഡ് ചെയ്യാനാകുന്ന സംവിധാനമായിരുന്നു ഡ്യുയറ്റ്. ഒരേ വീഡിയോയിൽ തന്നെ രണ്ടുപേരും പാടുന്ന ദൃശ്യം ഔട്ട്പുട്ട് ആയി വരുന്ന വിധമായിരുന്നു അത്. ഡ്യുയറ്റിനൊപ്പം ഒരു സംഘം കൂട്ടമായി പാടുന്ന സംവിധാനവും സ്മ്യൂളിലുണ്ട്.

മ്യൂസിക്കലി
ഡബ്സ്മാഷിന്റേയും സ്മ്യൂളിന്റേയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് മ്യൂസിക്കലി എന്ന ചെറുവീഡിയോ ആപ്പ് രംഗത്തെത്തിയത്. 15 സെക്കൻഡുകൾ മുതൽ ഒരു മിനിറ്റു വരെ നീളമുള്ള ഡബ്, അല്ലെങ്കിൽ സംഗീതം അല്ലെങ്കിൽ മറ്റു വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമാണിത്. ഡബ്സ്മാഷ് പോലെ സിനിമാ- തമാശ ഡയലോഗുകളുടെ ശബ്ദങ്ങൾക്ക് ഡബ് ചെയ്തഭിനയിക്കുന്ന രീതിയിലാണ് ഇന്ത്യാക്കാർ കൂടുതലും ഇതുപയോഗിക്കുന്നത്. സ്മ്യൂളിലെപ്പോലെ ഒന്നിലധികം ആൾക്കാർക്ക് ഡ്യുയറ്റ് ചെയ്യാനുള്ള സംവിധാനവും ബാക്ക്ഗ്രൌണ്ടിലുള്ള ശബ്ദം അഭിനയിക്കാനുള്ള എളുപ്പത്തിന് പല വേഗതകളിൽ പ്ലേ ചെയ്യാനുള്ള സംവിധാനവും ലൈവ് വീഡിയോ ഓപ്ഷനുമെല്ലാം ഇതിലുണ്ട്.

നാലുവർഷം മുമ്പ് 2014 ഓഗസ്റ്റിലാണ് മ്യൂസിക്കലി എന്ന ആദ്യം പുറത്തിറങ്ങിയത്. കാലം നോക്കിയാൽ ഡബ്സ്മാഷിനും മുമ്പ്. ചൈനയിലെ ഷാങ്ഹായ് ആണ് ആസ്ഥാനം. 2017 മെയ് ആയപ്പോഴേയ്ക്ക് 20 കോടി ഉപഭോക്താക്കൾ ഉള്ള ആപ്പായി മ്യൂസിക്കലി വളർന്നു. 2016 ജൂലയ്ക്കും 2018 ഓഗസ്റ്റിനുമിടയിൽ 9 കോടി പുതിയ ആളുകൾ മ്യൂസിക്കലിയിൽ രജിസ്റ്റർ ചെയ്യുകയും പ്രതിദിനം 1.2 കോടി വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തു.

കൂടുതൽ പുതുമകൾ പിന്നീട് ഉൾപ്പെടുത്തിയ മ്യൂസിക്കലി ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള നവീന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി. പരമ്പരാഗത സദാചാര സങ്കല്പങ്ങളെ പൊളിച്ചടുക്കുന്ന സിനിമാ- കോമഡി രംഗങ്ങൾ എടുത്ത് 'മ്യൂസിക്കലി' ചെയ്ത് യുവതീയുവാക്കൾ തലമുറയുടെ മുന്നേറ്റമറിയിച്ചു. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ സൂപ്പർഹിറ്റ് ഡയലോഗുകൾ തങ്ങളുടേതാക്കി മാറ്റി. ഭാഷാ ഭേദം പോലും അതിനിടയിൽ ഇല്ലാതായി.

ടിക് ടോക്
ഓഗസ്റ്റ് 2നു ശേഷം തങ്ങളുടെ ആപ്പ് ലിസ്റ്റിൽ മ്യൂസിക്കലി നോക്കിയ ആളുകൾ ഞെട്ടി. അങ്ങിനെ ഒരു ആപ്പ് അവരുടെ ഫോണിൽ കാണുന്നില്ല. പകരം പുതിയ ഒരു ആപ്പ്- ടിക് ടോക്ക്. അതെ, മ്യൂസിക്കലി കഴിഞ്ഞ ഒരു മാസമായി ടിക്ക് ടോക്ക് ആണ്.

നവംബർ 2017നാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ടെക്ക്നോളജീസ് മ്യൂസിക്കലി വാങ്ങിയത്. ഏഴായിരം കോടി രൂപയുടേതായിരുന്നു ഇടപാട്. ടിക് ടോക്ക് എന്ന പേരിൽ ഒരു ആപ്പ് ബൈറ്റ്ഡാൻസിനുണ്ടായിരുന്നു. ഈ വർഷം ഓഗസ്റ്റ് 2ന് അവർ ബൈറ്റ്ഡാൻസും മ്യൂസിക്കലിയും മെർജ് ചെയ്തു. പുതിയ പേര് ടിക്ക് ടോക്ക് എന്നായി. ആപ്പിന്റെ സവിശേഷതകളിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേരുമാറ്റം. ഡിസൈനിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അല്പം പുതുമകളും. അത്ര മാത്രം.

അതിനിടയിൽ മറ്റു പല വീഡിയോ ആപ്പുകളും ഇറങ്ങിയെങ്കിലും കേരളത്തിൽ ഇത്രയ്ക്ക് ജനപ്രിയമാവുകയോ പങ്കാളിത്തം ഉണ്ടാവുകയോ ചെയ്തില്ല. വിഗോ വീഡിയോ, മ്യൂസിക്കലി തന്നെ പുറത്തിറക്കിയ ലൈവ് ലി തുടങ്ങിയ ആപ്പുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും കേരളത്തിൽ അത്രയ്ക്ക് ചലനങ്ങളുണ്ടാക്കിയില്ല.

ഒട്ടേറെ സാധ്യതകളുള്ള ഈ ആപ്പിലൂടെയാണ് ചരിത്രാതീത കാലം മുതൽക്കേ സഹോദരങ്ങളായി കഴിഞ്ഞ രണ്ടു ജനതകളെ തമ്മിലടിപ്പിക്കാൻ വിഷബുദ്ധികൾ ഇറങ്ങിയത്. എന്ത് സംവിധാനങ്ങൾ ലഭിച്ചാലും അതിനെ മോശമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒട്ടേറെ മാതൃകകൾ നാം കണ്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന അത്തരം ഒരു കുമാതൃകയാണ് ഒരു യുവാവിന്റേയും യുവതിയുടേയും വീഡിയോയും അതിനു പിന്നാലെ അതേറ്റെടുത്ത് സ്വയം ചെയ്ത വീഡിയോകളും പ്രചരിപ്പിച്ച് അക്കൂട്ടം ചെയ്തത്. ആ വെറുപ്പ് തമിഴ് മക്കളുടെയും മലയാളികളുടേയും സ്നേഹത്തിനു മുന്നിൽ തോറ്റുപോയി. അങ്ങനെ പിരിക്കാൻ കഴിയുന്നതല്ലല്ലോ ചില ബന്ധങ്ങൾ.

Read More >>