സെക്സ് സംസാരിക്കരുതെന്ന് പെണ്ണിനെ ഉപദേശിക്കുന്നവര്‍ ഇവര്‍ക്ക് നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസം എങ്ങനെയുള്ളതാണ്?

നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികതയെ കുറിച്ച് അറിയാനും സംസാരിക്കുവാനുമുള്ള അപ്രഖ്യാപിത വിലക്ക് ഒരു പുതിയ കാര്യമല്ല. പെണ്‍കുട്ടിയില്‍ നിന്നും ഒരു സ്ത്രീയിലേക്കുള്ള ശാരീരിക വളര്‍ച്ചയുടെ ഇടയില്‍ ഈ വിലക്കുകള്‍ അവള്‍ക്കു ചുറ്റും ലക്ഷ്മണരേഖ വരച്ചിട്ടുണ്ടാകും.

സെക്സ് സംസാരിക്കരുതെന്ന് പെണ്ണിനെ ഉപദേശിക്കുന്നവര്‍ ഇവര്‍ക്ക് നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസം എങ്ങനെയുള്ളതാണ്?

ദൈവഭയവും ഭാരതീയ സംസ്ക്കാരവുമുള്ള പെണ്‍കുട്ടികള്‍ ഒരിക്കലും 'സെക്സിനെ' കുറിച്ച് സംസാരിക്കാന്‍ പാടില്ല. വിവാഹം എന്ന ജീവിതലക്ഷ്യം കൈവരിക്കും വരെ ഈ പദം ഉച്ചരിക്കുന്നത് പോലും അവര്‍ ചെയ്യുന്ന മഹാ അപരാധമായിരിക്കും. നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികതയെ കുറിച്ച് അറിയാനും സംസാരിക്കുവാനുമുള്ള അപ്രഖ്യാപിത വിലക്ക് ഒരു പുതിയ കാര്യമല്ല. പെണ്‍കുട്ടിയില്‍ നിന്നും ഒരു സ്ത്രീയിലേക്കുള്ള ശാരീരിക വളര്‍ച്ചയുടെ ഇടയില്‍ ഈ വിലക്കുകള്‍ അവള്‍ക്കു ചുറ്റും ലക്ഷ്മണരേഖ വരച്ചിട്ടുണ്ടാകും.

സ്ത്രീ ഒരിക്കലും സെക്സ് സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശിക്കുന്നവര്‍ പക്ഷെ എന്തു അറിവുകളായിരിക്കും ഇവര്‍ക്ക് കൈമാറിയിട്ടുണ്ടാകുക?

സെക്സിനെ കുറിച്ച് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ആദ്യഉപദേശങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് ചില ഇന്ത്യന്‍ വനിതകളോട് ഹഫ് പോസ്റ്റ്‌ അഭിപ്രായം തേടിയിരുന്നു. കാഴ്ചപാടുകളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങളില്‍ വൈവിധ്യമുണ്ട്. ഇന്ത്യയിലെ വനിതകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ആദ്യ സെക്സ് അറിവുകളെ പ്രതിനിധീകരിക്കുന്നതാണ് ഈ ഉത്തരങ്ങള്‍

1) അനീഷാ ശര്‍മ്മ (28) അസം: ഒരിക്കല്‍ സ്കൂളില്‍ നിന്നും മടങ്ങും വഴി എന്റെ സുഹൃത്ത് ഞങ്ങളുടെ ക്ലാസില്‍ തന്നെയുള്ള മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് മോശം പറയുന്നത് കേട്ടു. എന്താണ് ഇങ്ങനെ പറയാന്‍ കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് അവള്‍ എനിക്ക് പുതിയ ഒരു കാര്യം പറഞ്ഞു തന്നത്. "അവളുടെ വലിയ മാറിടം കണ്ടില്ലേ? അതിനര്‍ത്ഥം അവള്‍ സെക്സ് ചെയ്തിട്ടുണ്ട് എന്നാണ്. അവളൊരു 'മോശം' പെണ്ണാണ്." 15 വയസുള്ള എനിക്ക് അതൊരു പുതിയ ഒരു അറിവായിരുന്നു. 'മോശം' പെണ്‍കുട്ടിയാകാതിരിക്കണം എങ്കില്‍ അങ്ങനെയൊന്നും ഒരിക്കലും ചെയ്യരുതെന്ന് എനിക്ക് മനസ്സിലായി.

2) റിയാ ദത്ത് (36) ന്യൂ ഡല്‍ഹി: 1993ല്‍ ഞാന്‍ 7ല്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് ടീച്ചര്‍ ഞങ്ങള്‍ക്കത് പറഞ്ഞു തന്നത്- "വൈകാരികമായ ബന്ധം വിവാഹത്തിലൂടെയാണ് നടക്കേണ്ടത്‌. അത് എപ്പോഴും ഓര്‍മ്മയുണ്ടാകണം" ടീച്ചര്‍ പറഞ്ഞു.സെക്സിനെ കുറിച്ച് എനിക്ക് ലഭിച്ച ആദ്യ ഉപദേശം 'ഒരിക്കലും അരുത്' എന്നായിരുന്നു, എന്റെ പതിനാറാം വയസ്സിലായിരുന്നു അത്.

3) അരുണാ മിശ്ര (31) ന്യൂ ഡല്‍ഹി: വീട്ടില്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം കേള്‍ക്കേണ്ടതായ കാര്യങ്ങളെ കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. 18 വയസ്സായപ്പോള്‍ ബന്ധുവായ ഒരു ചേച്ചിയാണ് ഡേറ്റിംഗിനെ കുറിച്ച് ആദ്യമായി പറഞ്ഞു തരുന്നത്. വീട്ടില്‍ അറിയാതെ, കാമുകനുമായി പുറത്തു പോകുന്നതും വിവാഹത്തിനു മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചുമെല്ലാം അവര്‍ വിശദമായി സംസാരിച്ചു. ചേച്ചിക്ക് അപ്പോള്‍ ഒരു പ്രണയം ഉണ്ടായിരുന്നതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ എല്ലാം സത്യമായിരിക്കും എന്ന് ഞാന്‍ അപ്പോള്‍ കരുതിയിരുന്നു.

4) ദൃഷ്ടി അഗര്‍വാള്‍ (42) മുംബൈ : സെക്സില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ എന്റെ മാറിടവും അരവണ്ണവുമെല്ലാം വര്‍ദ്ധിക്കുമെന്നും അതിനാല്‍ കാണുന്നവര്‍ക്കെല്ലാം ഇക്കാര്യം മനസിലാക്കാന്‍ കഴിയുമെന്നും ഒരു ബന്ധുവാണ് എനിക്ക് കൗമാരത്തില്‍ പറഞ്ഞു തന്നത്. പിന്നീട് കാമുകനുമൊത്ത് ഡേറ്റിംഗിന് പോകുമ്പോഴും ഇക്കാര്യങ്ങള്‍ എന്റെ മനസ്സിലുണ്ടായിരുന്നു.ആദ്യ ജ്ഞാനം അതായിരുന്നെല്ലോ...

5) മെര്‍ലിന്‍ ഡിനോ (27) ഗോവ: ഡേറ്റിംഗിന് പോകുമ്പോള്‍ പുരുഷനോട് അത്ര പെട്ടെന്നൊന്നും വിധേയത്വം കാണിക്കരുതെന്നും അങ്ങനെയെങ്കില്‍ പിന്നീട് സെക്സ്‌ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നും കൂട്ടുകാരിയാണ്‌ ആദ്യ ഉപദേശം തന്നത്

6) ജിയാ ഘോഷ് (29) കൊല്‍ക്കൊത്ത: സെക്സ് അടുത്ത തലമുറയുടെ സൃഷ്ടിക്കു വേണ്ടിയുള്ള ഒരു കര്‍മ്മം മാത്രമാണ്, ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സ്ത്രീകള്‍ മിത്വതം പാലിക്കണം എന്ന് പറഞ്ഞു തന്നത് അമ്മയായിരുന്നു.

7) പ്രിയാ ദാസ് (30) ഹൈദ്രബാദ്: സ്കൂള്‍ വിദ്യാഭ്യാസം ഒരു കോണ്‍വെന്റ് സ്കൂളിലായിരുന്നു. ഒരിക്കല്‍ ബയോളജി ക്ലാസുമായി ബന്ധപ്പെട്ടു 'ഒരു കുട്ടി ജനിക്കുന്നതെങ്ങനെ?' എന്നൊരു ഗ്രാഫിക്സ് വീഡിയോ ക്ലാസില്‍ കാണിച്ചിരുന്നു. ഇത് വിവാഹം കഴിക്കുന്ന പുരുഷന്മാരുമായി മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് എന്ന് ടീച്ചര്‍ ഇടയ്ക്കിടെ പറഞ്ഞു തന്നു. അതല്ലെങ്കില്‍ സെക്സ് പാപമാണ് എന്ന ചിന്തയ്ക്കാണ് അന്ന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെന്ന്തോന്നുന്നു

8) വര്‍ഷ (25) ബെന്ഗലൂരൂ: എന്റെ സുഹൃത്ത്‌ വലയത്തില്‍ ഇക്കാര്യത്തില്‍ ഒട്ടും ഗ്രാഹ്യമില്ലാത്ത ഏകയാള്‍ ഞാനായിരുന്നു. എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നുള്ള ഉപദേശങ്ങളായിരുന്നു അന്നു മുഴുവനും എനിക്ക് ലഭിച്ചത്. നാളത് വരെ ഞാന്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങളായിരുന്നു അതെല്ലാം.

9) ജിയാ ചക്രബര്‍ത്തി (32) കൊല്‍ക്കോത്ത: "11 ല്‍ പഠിക്കുമ്പോള്‍ അയല്‍വാസിയായ സഹപാഠിയോടൊപ്പം സ്കൂളിനടുത്ത് ഒരു ബേക്കറിയില്‍ ഞാന്‍ നില്‍ക്കുന്നത് എന്റെ ആന്‍റി കണ്ടു. എന്നെ അപ്പോള്‍ തന്നെ മാറ്റി നിര്‍ത്തി ആന്‍റി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഞങ്ങള്‍ തമ്മില്‍ ശാരീരികമായ അടുപ്പം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ആന്‍റിക്ക് അറിയേണ്ടിയിരുന്നത്. ഇല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആന്‍റിക്ക് ആശ്വാസമായി. ഇനി ഇങ്ങനെ ഒന്നും പരസ്യമായി അന്യപുരുഷന്റെയൊപ്പം നടക്കരുതെന്നും, അങ്ങനെയായാല്‍ കൊള്ളാവുന്ന കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വരില്ലെന്നും ആന്‍റി പറയുന്നുണ്ടായിരുന്നു"

10) പൂജ (31) ഹൈദരാബാദ്: "ഞാന്‍ എല്ലാ കാര്യങ്ങളും അമ്മയുമായി പങ്കു വച്ചിരുന്ന ഒരാളാണ്. പതിനെട്ട് വയസ്സ് കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു പ്രണയവും ആദ്യം തുറന്നു പറഞ്ഞതും അമ്മയോടായിരുന്നു. അവനോടൊപ്പം ഒരിക്കല്‍ പുറത്തു പോയി എന്നു പറഞ്ഞപ്പോഴായിരുന്നു അമ്മയുടെ മറ്റൊരു ഭാവം ഞാന്‍ കണ്ടത്. ഇനിയും അവന്‍ എന്നോട് ശാരീരികബന്ധത്തിന് ശ്രമിക്കുമെന്നും അങ്ങനെയുണ്ടായാല്‍ കുടുംബത്തിന്റെ മാനം പോകുമെന്നും അത് ഞങ്ങളുടെയെല്ലാം അവസാനമായിരിക്കും എന്നെല്ലാം പറഞ്ഞു അമ്മ അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. നിന്നെ അവര്‍ ലക്ഷ്യമിട്ടു കഴിഞ്ഞു, നിന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്കറിയാം. നിന്റെ ജീവിതം മാത്രമല്ല, നിന്റെ അനിയത്തിയുടെ ജീവിതം കൂടി നീ പ്രതിസന്ധിയിലാക്കിയെല്ലോ,അവള്‍ക്ക് പോലും ഇനി നല്ല ഒരു വിവാഹാലോചന ലഭിക്കുകയില്ല എന്നും കൂടി അമ്മ പറഞ്ഞപ്പോള്‍, ഇനിയൊന്നും അമ്മയോട് പറയേണ്ടതില്ല എന്ന് ഞാനും നിശ്ചയിച്ചിരുന്നു."


(കടപ്പാട്: ഹഫ് പോസ്റ്റ്‌ )