കരുണയില്ലാതെ കണിയാൻ പറഞ്ഞു; അച്ചായനും എന്റെയൊരു പ്രശ്നമാണ്!

നേര്‍ ജീവിതവുമായി ബന്ധപ്പെട്ട പല കുഞ്ഞു കഥകളും അവയിലെ ചില കാര്യങ്ങളും മാത്യു സാമുവേല്‍ വിവരിക്കുന്നു

കരുണയില്ലാതെ കണിയാൻ പറഞ്ഞു; അച്ചായനും എന്റെയൊരു പ്രശ്നമാണ്!

സർജറി കഴിഞ്ഞു നാട്ടില്‍ വിശ്രമിക്കുന്ന സമയം, അമ്മയാണ് കൂട്ടിനുള്ളത്. ഞങ്ങള്‍ക്ക് ഒരു സന്ദർശകൻ എത്തിയത് അപ്പോഴാണ്‌. മറ്റാരുമല്ല, കോളേജിൽ ഈയുള്ളവന്റെ ജൂനിയറും അന്ന് അയല്‍വാസിയുമായിരുന്ന ഹരി പത്തനാപുരമാണ് കഥാപാത്രം.

നാട്ടിൽ പൊതുവേ ഇദ്ദേഹം അറിയപ്പെടുന്നത് 'കണിയാന്‍' എന്നായിരിക്കാം. കുറച്ചുകൂടെ മോഡറേറ്റ് ചിന്താഗതി ഉള്ളവര്‍ 'അസ്‌ട്രോളോജർ' എന്നും വിളിക്കും. കാര്യം ഏതായാലും ഭാവി പ്രവചനവുമായി മീഡിയയില്‍ താരമായിരിക്കുന്ന അതേ ഹരി പത്തനാപുരം തന്നെ! ഈയുള്ളവന് ഇക്കാര്യങ്ങളില്‍ ഒരു ശതമാനം പോലും വിശ്വാസമില്ലെങ്കിലും ഹരിയുമായി സംസാരിച്ചിരിക്കാന്‍ വളരെ തല്പരനാണ്. കാരണം നേര്‍ ജീവിതവുമായി ബന്ധപ്പെട്ട പല കുഞ്ഞു കഥകളും ഇഷ്ടന്‍റെ പക്കല്‍ സ്റ്റോക്ക്‌ ഉണ്ടാകും.ഇത്തവണയും പതിവ് ശൈലി തന്നെ,പക്ഷെ ഇച്ചിരി പരിഭവവും ഉണ്ട് -

"അച്ചായോ, എത്ര ഉപദേശിച്ചാലും ശരി ആളുകള്‍ പിന്നെയും പിന്നെയും പൂജയ്ക്ക് പോകുന്നു പണം മുടക്കുന്നു വിഡ്ഢികളാകുന്നു. ബിസിനസുകാരായ പ്രവചന വീരന്മാരുടെ നല്ല കാലം!"

പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒരു സിദ്ധിയില്‍ പണം സമ്പാദിക്കാന്‍ കഴിയാത്ത 'മണ്ടന്‍' എന്ന ഭാവത്തോടെ ഹരി തുടര്‍ന്നു.

"ഒരു കാര്യവും പ്രയോജനവുമില്ലാതെ പണം മുടക്കിക്കുന്ന ജ്യോത്സന്മാരെയാണ് ചിലര്‍ക്ക് വിശ്വാസം. പൂജാവിധികള്‍ പാക്കേജ് ആയി വിളമ്പണം, നീണ്ട കുറിപ്പടികള്‍ വേണം, മന്ത്രവും തന്ത്രവും ഉണ്ടാകണം. എങ്കിലേ പരിഹാരമുണ്ടാകു എന്ന് വിശ്വസിപ്പിക്കുന്നവര്‍ക്കാണ് ഡിമാന്റ്. കണിയാനും പരിഹാരം തേടി എത്തുന്നവരും തമ്മിലുള്ള ഒരു താളം എങ്കിലേ പൂര്‍ണ്ണമാകു എന്നാണ് അതിന്‍റെ ഒരിത്! ഞാൻ എന്ത് ചെയ്യും? എന്ത് ചെയ്യണം? ഇപ്പോഴും കടക്കാരനാണ് എന്നുള്ളതാണ് എന്റെ സമ്പാദ്യം! "

പറഞ്ഞിട്ടും ഇവനൊന്നും നന്നാവില്ലേ എന്ന ഭാവത്തോടെ ഹരി സംസാരം തുടര്‍ന്നു.

"അച്ചായന്‍ തന്നെ പറയ്... രണ്ടു വര്‍ഷം മുന്‍പ് എന്‍റെയടുത്ത് ഒരു കാലിന് സ്വാധീനമില്ലാത്ത യുവാവെത്തി. സാമ്പത്തികവും മാനസികവുമാണ് പ്രശ്നങ്ങള്‍. ഞാന്‍ ജാതകം ഉള്‍പ്പെടെ പഠിച്ചതിനു ശേഷം അവനെ ആശ്വസിപ്പിച്ചു. ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. അതിനാല്‍ ഇപ്പോള്‍ പൂജയൊന്നും വേണ്ടാ. നന്നായി അധ്വാനികുക, അവസരങ്ങളെ നന്നായി ഉപയോഗിക്കുക. ഞാനും കഴിയുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞു, നല്ല സമയം വൈകാതെ ഉണ്ടാകുമെന്നും കാത്തിരിക്കാനും ആവശ്യപെട്ടു അവന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മടക്കി അയച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു വിദേശമലയാളി കുടുംബത്തിനു അവനെ പരിചയപ്പെടുത്തി ജോലി സംബന്ധമായ കാര്യങ്ങളില്‍ സഹായിക്കണം എന്നും ആവശ്യപ്പെട്ടു.

ഈ അടുത്തിടെ ആ കുടുംബത്തെ വീണ്ടും കണ്ടു. ഞാന്‍ പരിചയപ്പെടുത്തിയ യുവാവിന്റെ പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു അവര്‍. 'ഹരി സാറിന് ക്ഷണമില്ലേ?' എന്ന് അവര്‍ ചോദിച്ചപ്പോഴാണ് ആ വിശേഷം ഞാന്‍ അറിയുന്നത് പോലും. നാട്ടില്‍ തന്നെയുള്ള മറ്റൊരു തിരുമേനിയാണ് പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് എന്ന് അപ്പോഴാണ് അറിഞ്ഞത്. പറയാതെയിരിക്കുന്നത് എങ്ങനെ... ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്ത ഞാന്‍ പുറത്തും, പൂജാവിധികളെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ അകത്തും!"

ഹരിയുടെ വാക്കുകളില്‍ അമര്‍ഷവും വേദനയുമെല്ലാം നിറയുന്നതറിഞ്ഞ എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.

"അച്ചായൻ പറയു, എനിക്ക് ഒരു ചേട്ടന്‍റെ സ്‌ഥാനത്താണ് അച്ചായൻ..." ഈ ഗദ്ഗദം തുടരുന്നതിനിടെ ഞങ്ങളുടെ മുന്നില്‍ ഇരുന്ന 'മൂന്നെണ്ണം' അന്നനാളത്തിലൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. ഇതറിയാതെ ഞങ്ങളെ ചോറുണ്ണാന്‍ കഷ്ണിച്ചു അമ്മയെത്തി. മണിയാശന്റെ നാടന്‍ ഭാഷ വശമില്ലാത്തതിനാല്‍ 'ഇവിടെയെന്താ കതകടച്ചിരുന്നു മറ്റേ പണിയാണോ?' എന്ന് അമ്മ ചോദിച്ചില്ല. ആനി വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തില്ല എന്നു പറയാന്‍ കൂടിയാണ് അമ്മയുടെ ഈ വരവ്.

ആനി ഈയുള്ളവന്റെ ഭാര്യയാണ്. എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകള്‍, ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ ജീവിതം തുടരുന്നതുമെല്ലാം ഡല്‍ഹിയില്‍ തന്നെ. ഈയുള്ളവന്റെ മകള്‍ 9 ക്ലാസിലെ വാര്‍ഷികപരീക്ഷയില്‍ എട്ടു നിലയില്‍ പൊട്ടി എന്ന് പറയാനായിരുന്നത്രേ ഈ വിളിയെല്ലാം. എയര്‍ഫോര്‍സ് സ്കൂളില്‍ നിന്ന് സാമാന്യം നല്ല നിലയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ആനി, തോൽവി മാത്രം മുതൽമുടക്കുള്ള ഒരുത്തനെ ഭർത്താവായി സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മകളല്ലെ..ഇങ്ങനെ വരൂ എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും അമ്മ വിടുന്ന ലക്ഷണമില്ല. ഹരി കൂടെയുള്ളത് അമ്മയ്ക്ക് ധൈര്യമായി.

"എടാ, നീയൊന്നു ആനിയെ തിരിച്ചുവിളിക്ക്, ഇപ്പോഴാണേല്‍ ഹരിയുമുണ്ട്. ഇവിടെ എന്തേലും കുഴപ്പമുണ്ടോ എന്നറിയാലോ. എന്റെ കൊച്ചുമോള്‍ അത്ര മണ്ടിയൊന്നുമല്ല. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അവള് പറഞ്ഞല്ലോ..അങ്ങേരുടെ പുസ്തകം വായിക്കുകയാണ് എന്ന്..."

ഇതും പറഞ്ഞു അമ്മയെന്നെ ഒരു നോട്ടം. തരുൺ തെജ്പാൽ എഴുതിയ 'ആൽക്കമി ഡിസൈർ' ആണ് 'അങ്ങേരുടെ പുസ്തകം'. അമ്മയിത് ഇപ്പോള്‍ അവതരിപ്പിക്കാനും ഒരു കാരണമുണ്ട്. ഹരിയുടെ ജ്യോത്സ്യത്തില്‍ അമ്മയ്ക്ക് തരക്കേടില്ലാത്ത വിശ്വാസം ഉണ്ട്. ഇക്കൂട്ടത്തില്‍ ചുളുവിലൊരു പ്രവചനം ഒത്തുവന്നാല്‍ കളയുന്നത് എന്തിനാണ് എന്നാണ് അമ്മയുടെ വിചാരം.

"ഹരിയെ, ഒന്നു പറഞ്ഞേരെ, എങ്ങനെയാണ് ഇപ്പോള്‍ ഇവന്റെ സമയം?"

"അതിനു കവടി നിരത്തുകയൊന്നും വേണ്ടാ... അച്ചായന്റെ സമയം വളരെ മോശമാണ്. മകൾ തോറ്റു, കൽക്കട്ടയിൽ കേസുകളും പുക്കാറും, ഇപ്പോള്‍ തന്നെ രണ്ടു ഓപറേഷന്‍ കഴിഞ്ഞു, ഇനിയും ഒന്നുകൂടെ വേണം.സമയം വളരെ മോശം! "

"എടാ ഹരി ജീവിതത്തിൽ അസുഖങ്ങൾ മോശം സമയമാണോ?" അതിനെ പ്രതിരോധിക്കാൻ ഓപറേഷന്‍ വേണ്ടി വരും. പരീക്ഷയിൽ തോല്കുക സ്വാഭാവികം. നമ്മളും തോറ്റിട്ടില്ലേ? ചെയ്യുന്ന ജോലിയുമായി ബന്ധപെട്ടു കേസുകൾ ഉണ്ടാകുന്നതിലും എവിടെയാണ് അസ്വാഭാവികത? ഇതെല്ലാം ഉൾകൊണ്ടാലേ ജീവിതം ഉള്ളൂ എന്നാണ് എന്‍റെ പക്ഷം. അതിൽ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്." ഞാന്‍ കാര്യങ്ങള്‍ ഏറ്റുപിടിച്ചു.

"അല്ല അച്ചായാ സമയം മോശമാണ്.." കണിയാര് വീണ്ടും ആവർത്തിച്ചു.

"എടാ ഹരി, സുനാമി അടിച്ചു ജപ്പാനിൽ ഒരു ലക്ഷത്തിൽ പരം ആളുകള്‍ മരിച്ചത് എല്ലാവരുടെയും സമയം മോശമായത് കൊണ്ടാണോ? മലേഷ്യൻ എയർലൈൻസ് കാണാതായി, അതിൽ സഞ്ചരിച്ചിരുന്ന എല്ലാവരുടെയും സമയം മോശമാണോ? സിറിയയിൽ യുദ്ധം നടക്കുന്നു ആളുകള്‍ കൊല്ലപ്പെടുന്നു. എല്ലാവരുടെയും സമയം മോശമാണോ? അമേരിക്കയിൽ നിശാ ക്ലബ്ബിൽ വെടി ഉതിര്‍ത്തപ്പോള്‍ എല്ലാവരുടെയും സമയം അതിലും മോശമാണോ? കാശ്മീരിൽ മാസങ്ങളായി സ്കൂളുകളും വിദ്യാഭാസ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നു. ആ സംസ്ഥാനത്തിന്റെയും സമയം മോശമാണോ?"

ഹരി സർ ഉത്തരം മുട്ടിയത് പോലെ ഇരുന്നപ്പോള്‍ ഈയുള്ളവന്‍ കൂടുതല്‍ ഉത്തേജിതനായി.

"പിന്നെ നിനക്ക് ചിലവുകൾ കൂടുന്നു കടം കൂടുന്നു. നിന്നെ കൊണ്ട് തരികിട നടത്താൻ കഴിയില്ല സമ്മതിച്ചു, നീ ഒരിക്കലും അങ്ങനെ നടത്തി ജീവിക്കരുത്, നീ ഉണ്ടാക്കിയെടുത്ത ഒരു സ്പേസ് അത് ആരെകൊണ്ടും നശിപ്പിക്കാൻ കഴിയില്ല, സമയം വളരെയധികം മുന്നോട്ടുപോകാനുണ്ട്, നീ സഹായിച്ച പയ്യനോട് പറഞ്ഞത് പോലെ ഞാനും പറയുന്നു- നീ വെയിറ്റ് ചെയുക.

പിന്നെ ചിലവുകൾ, നീ എപ്പോഴും മറ്റുള്ളവരെ ഉപദേശിച്ചു വെറുതെ പൂജയും കൊണ്ട് നടക്കേണ്ട കാര്യവുമില്ല."ജ്യോത്സ്യനെ ഉപദേശിക്കുന്നത് നിസാരകാര്യമല്ല എന്നും എല്ലാവര്‍ക്കും കിട്ടുന്ന അവസരവും അല്ലെന്ന തിരിച്ചറിവില്‍ ഞാന്‍ കൂടുതല്‍ തത്വജ്ഞാനിയായി.

"വൈകിട്ട് ആറു എണ്ണമുള്ളതു രണ്ടണ്ണമായി കുറക്കുക, വൈകിട്ടത്തെ നിര്‍ത്താതെയുള്ള ഫോൺവിളികള്‍ കുറയ്ക്കുക, അല്ലെകിൽ ജിയോ വാങ്ങുക! യാത്രകള്‍ കാറില്‍ നിന്നറങ്ങി ബസ്സിലോ ട്രെയിനിലോ ആക്കി പരിവര്‍ത്തനം ചെയ്യുക!"

ഈ ഉപദേശപരമ്പര എവിടെയെങ്കിലും കൊണ്ടുപോയി നിര്‍ത്തണമെല്ലോ എന്നോര്‍ത്തു ഞാന്‍ ഒരു കഥ കൂടി മേമ്പൊടി ചേര്‍ത്തു അവസാനിപ്പിച്ചു

എല്ലാവരെയും ഉപദേശം നല്‍കി നന്നാക്കുന്ന ഒരാളുടെ അടുത്തു ഒരു അമ്മയും മകളും എത്തി. പരാതി ഇതാണ് 12കാരിയായ മകൾ ദിവസവും തേങ്ങയും പഞ്ചസാരയും അടുക്കളയിൽ നിന്നും കട്ട് തിന്നുകയാണ്. എന്തൊക്കെ പറഞ്ഞിട്ടും അവളുടെ ഈ സ്വഭാവം മാറുന്നില്ല. പ്രശ്നം കേട്ട ഉപദേശകന്‍ അവരോടു രണ്ടു ദിവസം കഴിഞ്ഞു വരാന്‍ ആവശ്യപ്പെട്ടു അവരെ മടക്കി അയച്ചു. രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോള്‍ വീണ്ടും രണ്ടു ദിവസം കഴിഞ്ഞു വരാനായി നിര്‍ദ്ദേശം. അങ്ങനെ ഏകദേശം രണ്ടാഴ്ച തുടര്‍ന്നു. ഒടുവില്‍ ഒരു ദിവസം ടിയാന്‍ പെണ്‍കുട്ടിയെ കാര്യമായി ഉപദേശിച്ചു. അത്ഭുതം തന്നെ, പെണ്‍കുട്ടിക്ക് പെട്ടെന്ന് മാനസാന്തരം ഉണ്ടായത് പോലെ!

ഇറങ്ങും മുന്‍പേ പെൺകുട്ടിയുടെ അമ്മ ചോദിച്ചു- അല്ലയോ മഹാനെ, ഈ പറഞ്ഞത് ആദ്യം വന്നപ്പോള്‍ തന്നെ പറയാമായിരുന്നില്ലേ? എന്തിനാണ് ഞങ്ങളെ ഇത്രയും നടത്തിച്ചത്?" "ഞാൻ ഇതൊന്നു നിർത്തിയിട്ടു പോരെ മറ്റൊരാളെ ഉപദേശിക്കാൻ. അത്രയേ ഉള്ളു കാരണം!" ലളിതമായ ഒരു കിടുക്കന്‍ മറുപടി.

നീണ്ട ഉപദേശം കഴിഞ്ഞു ഈയുള്ളവന്‍ ഹരിയോട് ചോദിച്ചു- "നിന്റെ പ്രശനം എന്താണ് എന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ?"

മറുപടിയ്ക്ക് ആശാന് താമസമുണ്ടായില്ല..."പലതുമുണ്ട്...അച്ചായനും അതിലൊന്നാണ്!"

Read More >>