'എനിക്ക് എയിഡ്സാണ് എന്നെയാരെങ്കിലും കെട്ടിപ്പിടിക്കൂ' കേരളത്തിൻ്റെ തെരുവിലിറങ്ങി ഇങ്ങനെ പറഞ്ഞാൽ..?

എന്താണ് സംഭവിക്കുക എന്ന് സംശയം തോന്നിയ രണ്ടു പേർ- നീതുവും നിസാമും- അതറിയാൻ തീരുമാനിച്ചു. നിസാം പ്ലക്കാർഡും കയ്യിൽ പിടിച്ച് തെരുവിലിറങ്ങി. കൂട്ടുകാരായ വൈഷ്ണയും റിയയും രണ്ടു ക്യാമറകളുമായി രണ്ടിടത്ത് നിലയുറപ്പിച്ചു

എനിക്ക് എയിഡ്സാണ് എന്നെയാരെങ്കിലും കെട്ടിപ്പിടിക്കൂ കേരളത്തിൻ്റെ തെരുവിലിറങ്ങി ഇങ്ങനെ പറഞ്ഞാൽ..?

എയിഡ്സ് എന്ന രോഗത്തോടുള്ള അവജ്ഞ ഇനിയും മാറിയിട്ടില്ലാത്തവരാണ് മലയാളികൾ. ഒപ്പം നൂറായിരം തെറ്റായ ധാരണകളും. അങ്ങനെയുള്ള കേരളത്തിൽ ഒരാൾ എനിക്ക് എയിഡ്സാണെന്ന് എഴുതിയ പ്ലക്കാർഡും പിടിച്ച്, എന്നെയാരെങ്കിലും കെട്ടിപ്പിടിക്കുമോ എന്ന് ചോദിച്ച് നിരത്തിൽ ഇറങ്ങി നിന്നാൽ എന്താണ് സംഭവിക്കുക..?

അങ്ങനെ എന്താണ് സംഭവിക്കുക എന്ന് സംശയം തോന്നിയ രണ്ടു പേർ- നീതുവും നിസാമുദ്ദീനും- അതറിയാൻ തീരുമാനിച്ചു. നിസാം പ്ലക്കാർഡും കയ്യിൽ പിടിച്ച് തെരുവിലിറങ്ങി. കൂട്ടുകാരായ വൈഷ്ണയും റിയയും രണ്ടു ക്യാമറകളുമായി രണ്ടിടത്ത് നിലയുറപ്പിച്ചു. ഓരോരുത്തരുടേയും പ്രതികരണങ്ങൾ അവരറിയാതെ ഒപ്പിയെടുത്തു. അങ്ങനെയാണ് ഈ വീഡിയോ നിർമ്മിക്കപ്പെട്ടതും സോഷ്യൽ മീഡിയയിൽ വൈറലായതും.ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ എം എസ് ഡബ്ല്യു ഒന്നാം വർഷ വിദ്യാർത്ഥികളായ ഇവർ ഫീൽഡ് വർക്കിന്റെ ഭാഗമായാണ് വീഡിയോ നിർമ്മിച്ചത്. ഓയിസ്കയിൽ ആയിരുന്നു ഫീൽഡ് വർക്ക്. അവർ നിർദ്ദേശിക്കുന്നതിനപ്പുറത്ത് എന്തെങ്കിലും ഒരു വെറൈറ്റി ആക്ടിവിറ്റി ചെയ്യണം എന്ന് തോന്നിയപ്പോഴാണ് ഇങ്ങനെ ഒരു ഐഡിയ ഇരുവരുടെയും മനസ്സിൽ കത്തിയത്. പുറം രാജ്യത്തെവിടെയോ ആരോ ഈ ആക്റ്റിവിറ്റി ചെയ്തതായി അറിയാമായിരുന്നെങ്കിലും കേരളത്തിൽ എങ്ങനെ സ്വീകരിക്കപ്പെടും എന്നറിയാൻ ഇരുവർ തീരുമാനിച്ചു.

"ആളുകൾ എങ്ങനെ എടുക്കും എന്നറിയാത്തത് കൊണ്ട് ആദ്യമൊരു ആശങ്കയായിരുന്നു. കോഴിക്കോട് ഫോക്കസ് മാളിലേക്കാണ് ആദ്യം പോയത്. അരമണിക്കൂറോളം അവിടെ നിന്നു. ആദ്യമൊന്നും ആരും വന്നില്ല. കുറച്ച് കഴിഞ്ഞപ്പം പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു മോനാണ് ആദ്യമായി വന്നത്. അത് കണ്ടതിൽ പിന്നെയാണ് ആളുകൾക്ക് അടുത്ത് വരാനും സംസാരിക്കാനുമൊക്കെ തോന്നി തുടങ്ങിയത്"-നീതു നാരദ ന്യൂസിനോട് പറഞ്ഞു.

ഫോക്കസ് മാളിൽ നിന്ന് അവർ നേരെ പോയത് മിഠായി തെരുവിലേക്കാണ്. കോഴിക്കോട് ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന ഒരിടമാണ് മിഠായിത്തെരുവ്. അവിടേയും മുൻപത്തെ അനുഭവങ്ങൾ തന്നെ ആവർത്തിച്ചു. "ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും പിന്നെ പിന്നെ കുറേ ആളുകൾ വരികയും കെട്ടിപ്പിടിക്കുകയും ചെയ്തു"- നിസാം പറഞ്ഞു.

"ആളുകൾക്ക് പേടിയാണ്. കെട്ടിപ്പിടിച്ചാൽ ഇതെങ്ങാനും പകരുമോ എന്ന പേടി. വേറൊരു രസകരമായ കാര്യം സ്ത്രീകൾ പറഞ്ഞതാണ്. "കെട്ടിപ്പിടിക്കണമെന്നുണ്ട് പക്ഷേ പറ്റില്ലല്ലോ" എന്ന്. അവരൊക്കെ ഷെയ്ക് ഹാൻ്റ് തന്നു. കെട്ടിപ്പിടിച്ചാൽ സമൂഹം എന്ത് വിചാരിക്കും എന്ന പേടിയാണ്" - നിസാമുദ്ദീൻ പറഞ്ഞു. വന്ന് കെട്ടിപിടിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇപ്പോഴത്തെ യുവ തലമുറയ്ക് ഇതിനെക്കുറിച്ച് ധാരണയുണ്ട് എന്ന് രണ്ടുപേരും നിരീക്ഷിക്കുന്നു.

എന്നാൽ എയ്ഡ്സിനെക്കുറിച്ച് ധാരണയില്ലാത്തവർക്കായി ഒരു ക്ലാസെടുത്തു കൊടുക്കാനും നിസാമും നീതുവും മറന്നില്ല. "ഇനിയും കൂടുതൽ ബോധവത്കരണങ്ങൾ നടക്കേണ്ടിരിക്കുന്നു എന്നാൽ മാത്രമേ ആളുകളുടെ എയ്ഡ്സിനോടുള്ള പേടി മാറ്റാൻ സാധിക്കുകയുള്ളൂ"-ഇവർ പറഞ്ഞു.


ഒറ്റ ദിവസം കൊണ്ടാണ് വീഡിയോയുടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. നിസാമുദ്ദീൻ തന്നെയാണ് എഡിറ്റിങ് വർക്കുകളും ചെയ്തത്. നിസാമുദ്ദീൻ ആതവനാട് സ്വദേശിയും നീതു പൊന്നാനി സ്വദേശിനിയുമാണ്.Read More >>