''ഒരു സ്‌മോള്‍ സഹായം ചെയ്തതാ'': ഇന്ന് ജിഎന്‍പിസിയില്‍ സംഭവിച്ചത് അന്ന് ചേര്‍ത്തലയിലെ കള്ളുഷാപ്പില്‍!

ജിഎന്‍പിസി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന നിലയ്ക്ക് കേസെടുത്ത് എക്‌സൈസ് ഇതേ ചരിത്രം ആവര്‍ത്തിച്ചത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചേര്‍ത്തലയിലെ കള്ളുഷാപ്പില്‍

ഒരു സ്‌മോള്‍ സഹായം ചെയ്തതാ: ഇന്ന് ജിഎന്‍പിസിയില്‍ സംഭവിച്ചത് അന്ന് ചേര്‍ത്തലയിലെ കള്ളുഷാപ്പില്‍!

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന 18 ലക്ഷം പേരുള്ള ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ കേസെടുത്ത കേരള എക്‌സൈസ് വകുപ്പ് 13 വര്‍ഷം മുന്‍പ് ഇതേ നിലയ്ക്ക് സദാചാര ഗുണ്ടായിസം കാണിച്ചത് ചേര്‍ത്തലയിലെ ഒരു കള്ളു ഷാപ്പിന് എതിരെ.

ചേര്‍ത്തല പതിനൊന്നാം മൈലില്‍ നിന്നും മുട്ടത്തിപ്പറമ്പിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഷാപ്പ്. തണ്ണീര്‍മുക്കം സ്വദേശിയായ ഉടമ പഴയ ഡിവൈഎഫ്‌ഐക്കാരനാണ്. പ്രകൃതി ജീവനം, ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവം. ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അക്കൂടെ പാര്‍ട്ടി വിട്ട യുവനേതാക്കളില്‍ ഒരാള്‍. ആള്‍ക്ക് നല്ല കള്ളും നല്ല ഭക്ഷണവും ഉപഭോക്താക്കള്‍ക്ക് കൊടുക്കണമെന്ന് വാശിയുമുണ്ട്. കച്ചവടം കൂടാന്‍ വേറെ കാര്യമൊന്നും വേണ്ടല്ലോ. വേറെയും ഷാപ്പുകള്‍ എടുത്ത് ബിസിനസ് അങ്ങനെ പോവുകയാണ്. ഷാപ്പില്‍ പോയി ഭക്ഷണം കഴിക്കുന്നതൊക്കെ അക്കാലത്ത് പ്രചാരമില്ല. പക്ഷെ ടിയാന്റെ ഷാപ്പുകളില്‍ ഭക്ഷണം കഴിക്കാന്‍ തന്നെ ധാരാളം പേര്‍ വരും.

അപ്പോള്‍ മുട്ടത്തിപ്പറമ്പ് ഷാപ്പില്‍ കച്ചവടം കുറയാന്‍ തുടങ്ങി. കാര്യം അന്വേഷിച്ചപ്പോള്‍ ഷാപ്പുള്ള പ്രദേശത്ത് പട്ടച്ചാരായ കച്ചവടം നടക്കുന്നതിനാലാണ്. കുടില്‍ വ്യവസായം പോലെയാണ്. പലവീടുകളിലും സാധനം കിട്ടും. ഷാപ്പുടമ വേറെ പാര്‍ട്ടിക്കാരനാണല്ലോ. പല പാര്‍ട്ടിക്കാരോടും പറഞ്ഞിട്ടും വലിയ കാര്യമായി എടുത്തില്ല. ചാരായ കച്ചവടം നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാനല്ലേ അവര്‍ ശ്രമിക്കു. എക്‌സൈസിനോട് പരാതി പറഞ്ഞു. അവരും അനങ്ങിയില്ല.

അങ്ങനെയിരിക്കെ സഹായിക്കാത്ത പാര്‍ട്ടിയുടെ യുവജന സംഘടനക്കാര്‍ പിരിവിനു വന്നു. ഷാപ്പുടമ വ്യാജച്ചാരായം വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നവര്‍ക്ക് പിരിവ് നല്‍കില്ലെന്ന് തീര്‍ത്തു പറഞ്ഞു- ഇത്രയും ഹിസ്റ്ററി.

ഇനി നടന്ന സംഭവം പറയാം; അങ്ങനെയിരിക്കെ മെയ് മാസം വന്നു. ജൂണില്‍ സ്ക്കൂള്‍ തുറക്കും. ഷാപ്പിലെ സ്ഥിരം കസ്റ്റമേഴ്‌സിനെ ഉടമ കാണുന്നതാണ്. കിട്ടുന്ന കൂലിയത്രയും ഷാപ്പില്‍ കൊടുത്ത് കടം വാങ്ങിയും കുടിക്കുന്നവരടക്കമുണ്ട്. ഒരു കുപ്പി അടിക്കാതെ പണിക്കു പോകാത്തവരുണ്ട്. അവരുടെയൊക്കെ വീട്ടില്‍ കുഞ്ഞുങ്ങളുണ്ടാകുമല്ലോ. അവര്‍ക്കൊക്കെ മഴ നനയാതെ പോകാന്‍ കുടയുണ്ടാകുമോ..? യൂണിഫോമും ബാഗും നോട്ടുബുക്കും ഉണ്ടാകുമോ...? കള്ള് കുടിച്ച് തന്തമാര്‍ അതൊക്കെയല്ലേ ഇല്ലാതാക്കിയത്. ഷാപ്പുടമയ്ക്ക് കിടക്കപ്പൊറുതിയില്ല. കുറ്റബോധം പിടികൂടി.

പിറ്റേന്ന്, ഉടമ ഷാപ്പില്‍ ഒരു പോസ്റ്റര്‍ പതിച്ചു; ''സ്ഥിരം ഉപഭോക്താക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം. പേര് രജിസ്ട്രര്‍ ചെയ്യുക''. സംഭവം സേവന പ്രവര്‍ത്തനമാണല്ലോ. ഹര്‍ത്താല്‍ ദിവസം ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ മനോരമയിലെ മാധ്യമ പ്രവര്‍ത്തകന്‍ സംഭവം വാര്‍ത്തയാക്കുന്നു. സ്ഥിരം ഉപഭോക്താക്കളുടെ മക്കള്‍ക്ക് 'സ്‌മോള്‍ സഹായം' എന്ന വാര്‍ത്ത ഒന്നാം പേജിലൂടെ തന്നെ മനുഷ്യപ്പറ്റ് കഥയായി മലയാളികള്‍ വായിക്കുന്നു. മനസുനിറഞ്ഞ പലരും ഷാപ്പുടമയെ വിളിച്ച് അഭിനന്ദിക്കുന്നു.

വൈകാതെ സകല സന്തോഷവും പോയി. നേരത്തെ പിരിവു കൊടുക്കാതിരുന്ന യുവജന സംഘടനക്കാര്‍ ഒരു പ്രകടനവുമായി ഷാപ്പിലേയ്ക്ക് വരുന്നു. ഷാപ്പ് അടിച്ചു പൊളിക്കുന്നു. ഉടമയെ കയ്യേറ്റം ചെയ്യുന്നു. കാരണം ബഹളം കഴിഞ്ഞപ്പോഴാണ് മനസിലായത്- ''മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണത്രേ അത്''. ആ പോസ്റ്റര്‍ എക്‌സൈസ് ചട്ടത്തിനു വിരുദ്ധമാണെന്നു എക്‌സൈസ് വിഭാഗവും നിലപാടെടുത്തു. വ്യാജച്ചാരായം വില്‍ക്കാന്‍ കൂട്ടു നില്‍ക്കുന്ന പ്രസ്ഥാനമാണ്, വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തയ്യാറായതിനെ മദ്യപാന പ്രോത്സാഹന പദ്ധതിയായി ചിത്രീകരിച്ച് ഷാപ്പ് പൊളിച്ചത്.

എക്‌സൈസ് ഉടമയുടെ ഷാപ്പ് ലൈസന്‍സ് റദ്ദാക്കി. അതോടെ അദ്ദേഹത്തിന്റെ നല്ല നിലയ്ക്ക് പോയിരുന്ന ഷാപ്പ് ബിസിനസ് അവസാനിച്ചു. പിന്നീടൊരിക്കലും അദ്ദേഹം ഷാപ്പ് തുറന്നില്ല.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും പേജ് കൂട്ടായ്മ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും എക്‌സൈസ് വകുപ്പ് മദ്യപാന പ്രോത്സാഹന പദ്ധതിയായി ചിത്രീകരിക്കും എന്നുറപ്പ്. ഒരു കാര്യം കൂടി- ആ ഷാപ്പുടമ ഒരു തുള്ളി മദ്യം കഴിക്കാത്ത ഒരു വ്യക്തിയായിരുന്നു. സദാചാര ഗുണ്ടകള്‍ പ്രകടനമായി ജിഎന്‍പിസിക്ക് എതിരെ വരുന്നമ്പോള്‍ 18 ലക്ഷം പേര്‍ പ്രതിരോധിക്കാനുണ്ട്. പക്ഷെ, മുട്ടത്തിപ്പറമ്പിലെ ഷാപ്പിലെ ഒരു സ്ഥിരം ഉപഭോക്താവും ഷാപ്പുടമയ്ക്കായി രംഗത്തെത്തിയില്ല. അക്കാലത്ത് മദ്യപാനികള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു- ഇന്നിപ്പോള്‍ 18 ലക്ഷം പേരുണ്ട്!


Read More >>