ക്രിസ്ത്യന്‍ മിഷനറി സ്കൂളുകളെ ഉന്നം വച്ചു വസുന്ധര സര്‍ക്കാര്‍

രാജസ്ഥാൻ ഹൈക്കോടതിയുടെ ഒരു സിംഗിൾ ബെഞ്ച് നടത്തിയ ഉദാരപരമായ ആക്റ്റ് മുന്‍നിര്‍ത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഈ നീക്കം. പരിഗണന ലഭിക്കേണ്ട പ്രായത്തിലുള്ള കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി ശിശു-സംരക്ഷണ വകുപ്പിന് (CWC) സ്കൂള്‍ ഹോസ്റ്റലുകള്‍ പരിശോധിക്കാം എന്നും ആവശ്യമായ സാഹചര്യങ്ങളില്‍ കുട്ടികളെ അവിടെ നിന്നും 'രക്ഷപ്പെടുത്താം' എന്നും ആക്ടില്‍ പറയുന്നു.

ക്രിസ്ത്യന്‍ മിഷനറി സ്കൂളുകളെ ഉന്നം വച്ചു വസുന്ധര സര്‍ക്കാര്‍

ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് മറയാക്കി, ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സ്കൂളില്‍ നിന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വ്വം രാജസ്ഥാന്‍ സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നു. മിഷനറി സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥികളെ സര്‍ക്കാര്‍ നടത്തുന്ന ബാലകേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള സാധ്യതകളെ തടയിടുന്നതിന് വേണ്ടിയാണ് വസുന്ധര രാജ സര്‍ക്കാര്‍ ഇത്തരത്തിലൊരു കുടില നീക്കം നടത്തുന്നതെന്ന് ആരോപിച്ചു മാതാപിതാക്കന്മാരും രക്ഷകര്‍ത്താക്കളും രംഗത്ത് വന്നിട്ടുണ്ട്.

രാജസ്ഥാൻ ഹൈക്കോടതിയുടെ ഒരു സിംഗിൾ ബെഞ്ച് നടത്തിയ ഉദാരപരമായ ആക്റ്റ് മുന്‍നിര്‍ത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഈ നീക്കം. പരിഗണന ലഭിക്കേണ്ട പ്രായത്തിലുള്ള കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി ശിശു-സംരക്ഷണ വകുപ്പിന് (CWC) സ്കൂള്‍ ഹോസ്റ്റലുകള്‍ പരിശോധിക്കാം എന്നും ആവശ്യമായ സാഹചര്യങ്ങളില്‍ കുട്ടികളെ അവിടെ നിന്നും 'രക്ഷപ്പെടുത്താം' എന്നും ആക്ടില്‍ പറയുന്നു. ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍, ക്രിസ്ത്യന്‍ സ്കൂള്‍ ഹോസ്റ്റലുകളില്‍ ശിശു സംരക്ഷണ വകുപ്പ് പരിശോധന നടത്തി കുട്ടികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. കോഴഞ്ചേരി സ്വദേശിയായ ഡോ: സാമുവല്‍ തോമസ്‌ നേതൃത്വം നല്‍കുന്ന ഇമ്മാനുവല്‍ മിഷന്‍ സ്കൂളില്‍ നിന്നാണ് സര്‍ക്കാര്‍ കുട്ടികളെ കടത്തുന്നത്

രോഗബാധിതരായ മാതാപിതാക്കന്മാര്‍ മരണപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ടു പോയ ഏഴു വയസുകാരി ജ്യോതിയെ മൂത്ത സഹോദരന്‍ ഭൈരവാണ് മിഷനറി ഓഫ് ചാരിറ്റിയില്‍ എത്തിക്കുന്നത്. അവര്‍ പെണ്‍കുട്ടിയെ ഇമ്മാനുവല്‍ മിഷന്‍ സ്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജ്യോതിയെ കഴിഞ്ഞ ദിവസം കോട്ടാ വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു അവിടെ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ജ്യോതിയെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് പോലും സഹോദരനോട് ഇവര്‍ പറഞ്ഞിരുന്നില്ല.

"തങ്ങള്‍ ജീവിച്ചിരുന്നിടത്തു അവള്‍ സുരക്ഷിതയായിരിക്കില്ല എന്ന് തോന്നിയതിനാലാണ് ജ്യോതിയെ ഞാന്‍ മിഷനറി ഓഫ് ചാരിറ്റിയില്‍ ഏല്‍പ്പിക്കുന്നത്. എല്ലാ അവധിക്കാലത്തും ഞങ്ങൾക്ക് ഒരുമിച്ചു താമസിക്കുവാന്‍ അനുവാദം ലഭിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് മേയ് 5 ന് ശിശുസംരക്ഷണ വിഭാഗം ചെയർപേഴ്സൺ ഹരീഷ് ഗുരുബാഖാനിയുടെ നേതൃത്വത്തില്‍ ജ്യോതിയെ ഹോസ്റ്റലില്‍ നിന്നും കൊണ്ടു പോയി. കാരണം ഒന്നും സൂചിപ്പിച്ചിട്ടില്ല. വിശദീകരണം നല്‍കിയില്ല ഒരു നോട്ടീസ് പോലും ഇഷ്യൂ ചെയ്തതുമില്ല." ഭൈരവ് പറയുന്നു

ഈ ടീം മെയ് 19 ന് മടങ്ങിയെത്തി 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 72 പേരെയും ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു. അഗതികളും വിധവമാരും നിരാലംബരുമായ സ്ത്രീകളെ താമസിപ്പിക്കുന്ന 'നാരി നികേത'നിലേക്കാണ് പെണ്‍കുട്ടികളെ മാറ്റിയത്. കൂട്ടത്തില്‍ നിന്നും ഒളിച്ചോടിയ 4 ആണ്‍കുട്ടികളുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. 611 വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഈ സ്കൂള്‍ മധ്യവേനല്‍ അവധിക്ക് അടച്ചിട്ടിരുന്നതിനാല്‍, മിക്ക കുട്ടികളും വീട്ടിലേക്കു മടങ്ങിയിരുന്നു. പട്ടിണിയും പരിവട്ടവും ഒറ്റപ്പെടലും പേറുന്നവര്‍ മാത്രമാണ് വീടുകളിലേക്ക് മടങ്ങാതെ ഹോസ്റ്റലില്‍ തന്നെ തങ്ങിയത്.

കുട്ടികളെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടു ചില മാതാപിതാക്കള്‍ ശിശു-സംരക്ഷണ വിഭാഗത്തെ സമീപിച്ചു എങ്കിലും അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്. നിങ്ങള്‍ മക്കളെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാരോപിച്ചു മാതാപിതാക്കളെ ആട്ടിപായിക്കുന്ന നടപടിയാണ് ഉണ്ടായത്. സഹോദരിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടു മേയ് 8ന് ഭൈരവ് ഫേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് മേയ് 27 വരെ നീട്ടിവച്ചതിന് ശേഷം വീണ്ടും ജൂലായിലേക്ക് തീയതി മാറ്റിയിരിക്കുകയാണ്.

കോടതി വിധി മുന്‍നിര്‍ത്തിയാണ് തങ്ങള്‍ ഇമ്മാനുവല്‍ മിഷന്‍ സ്കൂളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചത് എന്ന് പറയുമ്പോഴും, കോട്ടിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇതര വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞു നോക്കുവാന്‍ പോലും ശിശു സംരക്ഷണ സമിതി തയ്യാറായിട്ടില്ല. കോട്ടിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ഒരു വര്ഷം തന്നെ 65 ഓളം കുട്ടികള്‍ ആത്മഹത്യ ചെയ്തായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സി.ഡബ്ല്യു.സിയുടെ അവർക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. ഇത് സി.ഡബ്ല്യു.സിയുടെ സംശയാസ്പദമായ ഉദ്ദേശ്യമാണെന്നും ഇമ്മാനുവൽ മിഷൻ ഡയറക്ടര്‍ സൂസൻ രാജിൽ പറയുന്നു. ഇതൊരു സ്കൂളാണ്, അനാഥാലയമല്ല, ഇവിടെയുള്ള കുട്ടികള്‍ അനാഥരുമല്ല, ഇങ്ങനെയുള്ള ഒരിടത്ത് ജുവനൈല്‍ ജസ്റിസ് ആക്റ്റ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതുമല്ല. എന്നിട്ടും അവര്‍ ഗൂഡലക്ഷ്യങ്ങളുമായി നീങ്ങുന്നു. ഒളിമ്പ്യന്‍ പദ്മശ്രീ ലിമ്പ റാം, മണിപ്പൂര്‍ എസ്ഡിഎം തന്‍ഗ് ബോയെ പോലെയുള്ളവര്‍ പഠിച്ചിറങ്ങിയ സ്ഥാപനമാണ്‌ തങ്ങളുടേത് എന്നും സൂസന്‍ രാജില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇമ്മാനുവൽ മിഷനില്‍ കുട്ടികൾ അപകടത്തിലാണെന്നായിരുന്നു എന്നാണ് കോട്ടിലെ സി.ഡബ്ല്യു.സി മേധാവി ഗുരു ബക്ഷാണി പറയുന്നുത്. കൂടാതെ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവർത്തനം നടക്കുന്നതായും സംശയം തോന്നിയതിനാലാണ് കുട്ടികളെ അവിടെ നിന്നും മാറ്റിയത്. മറ്റു സ്കൂളുകളില്‍ എന്തു കൊണ്ടു ഇത്തരം പരിശോധനകള്‍ നടത്തിയില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു അതിനു മറുപടി പറയേണ്ടുന്ന കാര്യമില്ല എന്നാണ് ഗുരു ബക്ഷാണി പ്രതികരിച്ചത്. ഇത്തരത്തിലൊരു നീക്കം ഗുരു ബക്ഷാണിയുടെ ഭാഗത്ത് നിന്നും ആദ്യമല്ല എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2018 ജനുവരി 15 ന്, സംഘപരിവാർ സംഘടനകളുമായി ഗുരു ബക്ഷാണി ഇമ്മാനുവല്‍ സ്കൂളില്‍ പരിശോധന നടത്താന്‍ എത്തിയിരുന്നു. മനുഷ്യക്കടത്തു ആരോപിച്ചായിരുന്നു ഈ നീക്കം എങ്കിലും അവര്‍ക്ക് അന്നു യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മതപരിവര്‍ത്തനം തടയാനുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് രാജസ്ഥാനില്‍ നടക്കുന്നത് എന്ന് വ്യാപക ചര്‍ച്ചകളും ഉയര്‍ന്നു കഴിഞ്ഞു.

Read More >>