തിരണ്ട് ചോരയുടെ കറപുരണ്ട് വെള്ളം വറ്റിപ്പോയ മരുഭൂമിയാണ് ഞാന്‍

സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് എഴുതാനാണ് സിയാനയ്ക്ക് കൂടുതലിഷ്ടം. എഴുത്തിലേക്ക് സജീവമായി ഇടപെടാന്‍ തുടങ്ങിയതും എഴുതിത്തുടങ്ങുന്നതും കഴിഞ്ഞ വര്‍ഷം മുതലാണ്. മത്സരങ്ങള്‍ക്ക് വേണ്ടിയല്ലാതെ കവിതയെഴുതി സൂക്ഷിക്കുന്ന ശീലമില്ലെന്നും സിയാന പറയുന്നു.

തിരണ്ട് ചോരയുടെ കറപുരണ്ട് വെള്ളം വറ്റിപ്പോയ മരുഭൂമിയാണ് ഞാന്‍

സിയാന എഴുതുമ്പോള്‍ അതില്‍ അപ്രാപ്യമായ വാക്കുകളൊന്നുമില്ല. ചെറിയ വരികളില്‍ അതിനേക്കാള്‍ ചെറിയ വാക്കുകള്‍ കൊണ്ട് ഈ പെണ്‍കുട്ടി എഴുതിത്തുടങ്ങുമ്പോള്‍ അത് ഏറ്റവും പുതിയ കാലത്തിന്റെ നേര്‍ക്കാഴ്ചകളാകുന്നുണ്ട്. ഇക്കഴിഞ്ഞ വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനം നേടിയത് സിയാനയുടെ കവിതയായിരുന്നു. കവിതാ മത്സരത്തിന് നല്‍കിയ വിഷയം 'കടല്‍ കൊണ്ടു പോകുന്നത്' എന്നായിരുന്നു. സ്ത്രീയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് കടല്‍ കൊണ്ടുപോകുന്നതെന്നാണ് സിയാനയ്ക്ക് തോന്നിയത്. അതുകൊണ്ട് തന്നെയാണ് തന്റെ കവിതയുടെ തലക്കെട്ട് 'സ്ത്രീയല്ല പുരുഷന്‍' എന്ന് സിയാന നല്‍കിയത്.

എന്തിനാണ് അങ്ങനെയൊരു തലക്കെട്ട് നല്‍കിയതെന്ന ചോദ്യത്തിന് സിയാന നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. ''ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ ധാരാളം പ്രശ്‌നങ്ങളെയും പ്രിതിസന്ധികളെയും നേരിടുന്നുണ്ട്. പല തരത്തില്‍ അവര്‍ ഉപദ്രവിക്കപ്പെടുന്നുണ്ട്. കവിതയുടെ വിഷയം കിട്ടിയപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് ഇവയൊക്കെയാണ്. സ്ത്രീകളെ കരയായി സങ്കല്‍പിച്ചു. അവര്‍ പ്രതിസന്ധിയിലാകുമ്പോള്‍ കടലെടുത്ത കര പോലെയാകുന്നു. തിരയടിച്ച് കൊണ്ടുപോകുന്നത് അവരുടെ സ്വപനങ്ങളും പ്രതീക്ഷകളുമാണെന്ന് സങ്കല്‍പിച്ചാണ് എഴുതിത്തുടങ്ങിയത്.'' എന്നാല്‍ ഒന്നാം സ്ഥാനമൊന്നും പ്രതീക്ഷിച്ചിരുന്നില്ലയെന്നും സിയാന ചിരിയോടെ കൂട്ടിച്ചേര്‍ക്കുന്നു. മാനന്തവാടി ജിവിഎച്ച്എസ്എസ്സിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് സിയാന. ഉപജില്ലാ കലോത്സവത്തിലും സിയാനയുടെ കവിതയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 'നിറമില്ലാത്ത മഴവില്ലുകള്‍' എന്ന കവിത പി. വി. വിജയകുമാരന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയിരുന്നു.

സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് എഴുതാനാണ് സിയാനയ്ക്ക് കൂടുതലിഷ്ടം. എഴുത്തിലേക്ക് സജീവമായി ഇടപെടാന്‍ തുടങ്ങിയതും എഴുതിത്തുടങ്ങുന്നതും കഴിഞ്ഞ വര്‍ഷം മുതലാണ്. മത്സരങ്ങള്‍ക്ക് വേണ്ടിയല്ലാതെ കവിതയെഴുതി സൂക്ഷിക്കുന്ന ശീലമില്ലെന്നും സിയാന പറയുന്നു. കുഴൂര്‍ വില്‍സണും എം.ആര്‍. വിഷ്ണുപ്രസാദും പവിത്രന്‍ തീക്കുനിയുമാണ് ഇഷ്ടപ്പെട്ട, പ്രചോദനം നല്‍കുന്ന കവികള്‍. വായിക്കാനിഷ്ടമുള്ള കവിതകളും ഇവരുടേത് തന്നെ. ഇതിനെല്ലാമുപരി കവിതയെഴുതുന്ന ഉപ്പയുടെ മകളാണ് സിയാന യാസ്മിന്‍. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ എസ്. സി.പി.ഒ.യും യുവകവിയുമായ സാദിര്‍ തലപ്പുഴയുടെ മകളാണ് സിയാന. പുതിയ കാലത്തിന്റെ കവിതാ ലോകത്ത് സുപരിചിതനാണ് സാദിര്‍ തലപ്പുഴ. ഉപ്പയും ഉമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്നതാണ് സിയാനയുടെ കുടുംബം. കവിതയുടെ ലോകത്ത് സ്വന്തമായ ഒരിടം കണ്ടെത്തണമെന്ന് തന്നെയാണ് സിയാനയുടെ ആഗ്രഹം.സിയാനയുടെ കവിത:


സ്ത്രീയല്ല, പുരുഷന്‍


തിരണ്ട് ചോരയുടെ
കറപുരണ്ട്
വെള്ളം വറ്റിപ്പോയ
മരുഭൂമിയാണ് ഞാന്‍.
അത് കൊണ്ടായിരിക്കാം
നീ എന്നും
കണ്ണീരുകൊണ്ടെന്നെ
നനയ്ക്കുന്നത്.
നിന്റെ
തലോടലാല്‍
ഈറനണിഞ്ഞ് നിന്ന
എനിക്ക്
നിന്നില്‍
കലര്‍ന്നിരുന്ന ഉപ്പ്
രുചിക്കാനേ
പറ്റിയില്ല.
നിന്റെ
കാമവെറിയുടെ
ഇരമ്പലിന്റെ
ഇടയില്‍ നിന്ന്
എന്റെ നിലവിളി
വല്ലാതെ
വീര്‍പ്പുമുട്ടി.
ഓരോ തവണയും
സാന്ത്വനമെന്ന
മുഖംമൂടിയണിഞ്ഞ് ,
മറ്റൊരുതിരയായ്
നീ കൊണ്ടുപോയത്
നിന്റെ
ഉദരത്തില്‍
ഒരു മണല്‍ത്തിട്ടയായ്
രൂപപ്പെട്ടത്
നീ പോലും
അറിഞ്ഞില്ലല്ലോ

Read More >>