ശിവഗംഗ മാത്രമല്ല, എല്ലാ പാട്ടുകാരും കൊതിക്കും ജയസൂര്യ പാട്ട് കേട്ടിരുന്നെങ്കിലെന്ന്

ജയസൂര്യ ശിവഗംഗയെന്ന കുഞ്ഞു പാട്ടുകാരിയെ കണ്ടെത്തിയ കഥ കേട്ടാല്‍ നല്ല പാട്ടുകാരെല്ലാം കൊതിക്കും- ജയേട്ടനൊന്ന് പാട്ട് കേട്ടിരുന്നെങ്കിലെന്ന്...

ശിവഗംഗ മാത്രമല്ല, എല്ലാ പാട്ടുകാരും കൊതിക്കും ജയസൂര്യ പാട്ട് കേട്ടിരുന്നെങ്കിലെന്ന്

നടന്‍ ജയസൂര്യയുടെ വീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയായിരുന്നു ശിവഗംഗയും അമ്മയും അമ്മാവനും. ജയസൂര്യയെയും ഫാമിലിയെയും നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശിവഗംഗയെന്ന് അമ്മ ആശ പറഞ്ഞു. ജയസൂര്യ പ്രത്യേകം ക്ഷണിച്ചതിന്റെ കാരണം മറ്റൊന്നുമല്ല. ഒരൊറ്റ പാട്ട് കൊണ്ട് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ താരമായിരിക്കുകയാണ് കായംകുളം സ്വദേശിയായ ആറാം ക്ലാസ്സുകാരി ശിവഗംഗ.

ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമയില്‍ ഇനി ഗായികയും അഭിനേത്രിയും ഈ കുഞ്ഞുകലാകാരിയാണ്. നാട്ടിലെ ഓണാഘോഷപരിപാടിയില്‍ ഒരു പാട്ട് പാടിയാണ് ശിവഗംഗ സോഷ്യല്‍ മീഡിയയില്‍ തരംഗമായതും ഇപ്പോള്‍ സിനിമയില്‍ പാടാന്‍ പോകുന്നതും. ''ഞങ്ങളുടെ നാട്ടിലെ ഒരു ചെറിയ പരിപാടിയായിരുന്നു അത്. ചേട്ടന്‍മാര്‍ എല്ലാവരും കൂടി എന്നോട് പാട്ട് പാടാന്‍ പറഞ്ഞു. റോഡിന്റെ സൈഡിന്റെ നിന്ന് കരോക്കെയിട്ടായിരുന്നു പാടിയത്. വീഡിയോ പിടിച്ചതൊന്നും ഞാനറിഞ്ഞതേയില്ല. പിന്നെ ഫേസ്ബുക്കില്‍ വന്നപ്പോഴാ അച്ഛനും അമ്മയും മാമനും ഞാനുമൊക്കെ അറിഞ്ഞത്.'' പാട്ട് പാടിയ കഥ ആവേശത്തോടെ അതിലേറെ നിഷ്‌കളങ്കതയോടെ ശിവഗംഗ പറഞ്ഞു നിര്‍ത്തി. ശേഷം കാഴ്ചയില്‍ എന്ന പഴയകാല സിനിമയിലെ 'മോഹം കൊണ്ട് ഞാന്‍' എന്ന പാട്ടാണ് ശിവഗംഗ നാട്ടിലെ ഓണാഘോഷത്തിന് പാടിയത്.

ഇതിന് മുമ്പും നാട്ടിലെ തന്നെ ഒരു വീഡിയോ ആല്‍ബത്തില്‍ ശിവഗംഗ പാടിയിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഈ പാട്ടിലും ശിവഗംഗയുടെ ശബ്ദമാണുള്ളത്. ജോലി ആവശ്യത്തിനായി ഗള്‍ഫില്‍ പോയതു കൊണ്ട് ശിവഗംഗയുടെ അച്ഛന്‍ രാജന് ഒപ്പം വരാന്‍ സാധിച്ചില്ല. മോള്‍ പാടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ ഈ അച്ഛനും അമ്മയും. ''വീട്ടില്‍ പാട്ട് പാടുന്ന മറ്റാരും ഇല്ല. എങ്ങനെയാ അവള്‍ക്കീ സിദ്ധി കിട്ടിയതെന്ന് ചോദിച്ചാല്‍ ദൈവാനുഗ്രഹം എന്നേ എനിക്ക് പറയാനുള്ളൂ. എന്തായാലും ധാരാളം പേര്‍ പാട്ട് കേട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇങ്ങനെയൊരു സംഭവം ഞങ്ങളാരും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല'' ശിവഗംഗയുടെ അമ്മയുടെ വാക്കുകളില്‍ നിന്ന് ഇപ്പോഴും ആശ്ചര്യം വിട്ടു മാറിയിട്ടില്ല.

കായംകുളം സെന്റ് ജോണ്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവഗംഗ.ചിത്രച്ചേച്ചിയും ജാനകിയമ്മയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാര്‍. കേള്‍ക്കാനും പാടാനും ഇഷ്ടം അവരുടെ പാട്ടുകള്‍ തന്നെ. സ്‌കൂളില്‍ പോലും ഒരു പാട്ട് താന്‍ പാടിയിട്ടില്ലെന്ന് ശിവഗംഗ പറയുന്നു. പക്ഷേ യൂട്യൂബില്‍ ശിവഗംഗയുടെ പാട്ട് കേട്ട ടീച്ചേഴ്‌സും കൂട്ടുകാരുമൊക്കെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. രണ്ടുമാസമായി സംഗീതം പഠിക്കാന്‍ പോകുന്നുണ്ടെന്നും ശിവഗംഗ പറഞ്ഞു.. ജയസൂര്യ നായകനായി എത്തുന്ന ഗബ്രി എന്ന സിനിമയിലാണ് ശിവഗംഗ അഭിനയിക്കാന്‍ പോകുന്നത്. ഈ സിനിമയുടെ സംവിധായകനെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ജനുവരിയിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

Story by
Read More >>