സൗബിന്റെ പറവയില്‍ മട്ടാഞ്ചേരിക്കാനായി ഷൈന്‍ ടോം ചാക്കോ

അന്നയും റസൂലിലെ അബുവില്‍ നിന്ന് വ്യത്യസ്തനായ ആളാണ് റൗഫ്. നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള ആളുകളോടു സാദൃശ്യം തോന്നാവുന്ന കഥാപാത്രമാണ് റൗഫ്. പട്ടം പറത്തലും പ്രാവ് പറത്തലുമൊക്കെയായി ജീവിക്കുന്ന കഥാപാത്രമാണയാള്‍

സൗബിന്റെ പറവയില്‍ മട്ടാഞ്ചേരിക്കാനായി ഷൈന്‍ ടോം ചാക്കോ

അന്നയും റസൂലിനും ശേഷം ഷൈന്‍ ടോം ചാക്കോ മട്ടാഞ്ചേരിക്കാരനായി വീണ്ടുമെത്തുന്നു. നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയിലാണ് ഷൈന്‍ മടങ്ങിയെത്തുന്നത്. മുപ്പതു വയസ്സുള്ള റൗഫ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ഷൈന്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. അന്നയും റസൂലിലെ അബുവില്‍ നിന്ന് വ്യത്യസ്തനായ ആളാണ് റൗഫ്. നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള ആളുകളോടു സാദൃശ്യം തോന്നാവുന്ന കഥാപാത്രമാണ് റൗഫ്. പട്ടം പറത്തലും പ്രാവ് പറത്തലുമൊക്കെയായി ജീവിക്കുന്ന കഥാപാത്രമാണയാള്‍- ഷൈന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ കാമിയോ റോളിലെത്തുന്ന ചിത്രത്തില്‍ ശ്രിന്ദയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 'ഞങ്ങളൊരുമിച്ച് മൂന്ന് സിനിമകള്‍ ചെയതിട്ടുണ്ട്. അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്, പോപ്കോണ്‍. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്.' - ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കമ്മട്ടിപ്പാടത്തില്‍ പറങ്കി മജീദായി അഭിനയിച്ച വിജയകുമാറിന്റെ ആദ്യസംവിധാന സംരഭത്തിലും ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നുണ്ട്. പ്രേതമുണ്ട് സൂക്ഷിക്കുക, ടിയാന്‍ എന്നിവയാണ് ഷൈനിന്റെ മറ്റു ചിത്രങ്ങള്‍.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് പറവ നിര്‍മിക്കുന്നത്. പുതുമുഖങ്ങളായിരിക്കും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കുന്നത്.