ബുള്ളറ്റിൽ ഹിമാലയം ചുറ്റി ആൻഫിയും അനഘയും; ഉയർത്തിയത് 'സ്ത്രീ സുരക്ഷ' എന്ന സന്ദേശം

16 ദിനം കൊണ്ട് 7,000 കിലോമീറ്ററാണ് ഇവർ ബുള്ളറ്റിൽ താണ്ടിയത്.

ബുള്ളറ്റിൽ ഹിമാലയം ചുറ്റി ആൻഫിയും അനഘയും; ഉയർത്തിയത് സ്ത്രീ സുരക്ഷ എന്ന സന്ദേശം

രണ്ടു പെൺകുട്ടികളും ബുള്ളറ്റിൽ. യാത്രയോ ഹിമാലയത്തിലേക്ക്! ഇതൊരു പെൺ യാത്രക്കഥയാണ്. മുരിങ്ങൂർ സ്വദേശി ആൻഫി മരിയ ബേബിയുടെയും ചാലക്കുടിക്കാരി ടി.എം. അനഘയുടെയും സാഹസിക യാത്രയുടെ കഥ. 'പെൺകുട്ടികളല്ലേ ? നിങ്ങളെക്കൊണ്ടു പറ്റുമോ ഹിമാലയം വരെ ബുള്ളറ്റിൽ യാത്ര ചെയ്യാൻ' എന്ന നെറ്റിചുളിച്ചുള്ള സംശയപ്രകടനങ്ങൾക്ക് അവർ മറുപടി നൽകിയത് ഹിമാലയൻ യാത്ര വിജയകരമായി പൂർത്തിയാക്കിയാണ്. 18 വയസ്സേയുള്ളൂ ഈ പെൺകുട്ടികൾക്ക്.

പ്ലസ് ടുവിനു പഠിക്കുമ്പോൾ ഉള്ളിൽ കുടിയേറിയ മോഹത്തിനു മാതാപിതാക്കൾ സമ്മതം മൂളിയതോടെ യാത്രയ്ക്കു തുടക്കം. ജൂൺ രണ്ടിനു ഡൽഹിയിൽ നിന്ന്. യാത്രയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി മറ്റൊരു വാഹനത്തിൽ ക്യാമറാമാനും. ''ഞങ്ങൾ തിരിച്ചു വരുമ്പോൾ ആളുകൾ ചോദിക്കും, നിങ്ങൾ ഹിമാലയം വരെ പോയി എന്നതിന് എന്താണു തെളിവെന്ന്. അതു കൊണ്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്'' - ചിരിയോടെ ഇരുവരും പറയുന്നു. നവമാധ്യമങ്ങളിലൂടെയുള്ള കളിയാക്കലുകളുടെ വേദന മറയ്ക്കുന്ന വിജയസ്മിതം.പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. 16 ദിനം കൊണ്ട് 7,000 കിലോമീറ്ററാണ് ഇവർ ബുള്ളറ്റിൽ താണ്ടിയത്. സ്തീസുരക്ഷാ യാത്ര എന്ന സന്ദേശവുമായി. ''യാത്ര ദുർഘടമായിരുന്നു. മഞ്ഞുരുകി കുത്തിയൊലിച്ചു വരുന്ന വെള്ളം. കൊടും തണുപ്പ്. ശ്വാസമെടുക്കാൻപോലും പ്രയാസപ്പെട്ടു. വലിയ കുഴികളിൽ മറിഞ്ഞുവീണു. ഒരു പരിചയവുമില്ലാത്ത ആളുകളാണു സഹായത്തിനെത്തിയത്.

ഞങ്ങൾക്കു വിജയകരമായി ഹിമാലയൻ യാത്ര സാധിച്ചെങ്കിൽ ആർക്കും അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശം പകരുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിഞ്ഞ് ഒരാൾക്കെങ്കിലും ഊർജം ലഭിച്ചാൽ അതാണ് ഏറ്റവും വലിയ സന്തോഷം'' - ഇരുവരും പറയുന്നു. മുരിങ്ങൂർ ആറ്റപ്പാടം എലുവത്തിങ്കൽ വീട്ടിൽ ബേബി - മിനി ദമ്പതികളുടെ മകളായ ആൻഫി കോയമ്പത്തൂരിൽ ബിബിഎ ഏവിയേഷൻ മാനേജ്‌മെന്റ് വിദ്യാർഥിയാണ്. ചാലക്കുടി തൊഴുത്തുപറമ്പിൽ മണിക്കുട്ടന്റെയും സജിതയുടെയും മകളാണ് ഗ്രാഫിക് ഡിസൈൻ വിദ്യാർഥിയായ അനഘ.
Read More >>