ടിവി സീരിയലുകള്‍ കുടുംബം കലക്കുന്നു എന്ന് വനിതാകമ്മീഷന്‍; പരാതി നല്‍കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിയന്ത്രിക്കും

ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ കുറ്റാരോപിതരായ കേസിലും ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിലും കമ്മീഷന്‍ വിശദീകരണം തേടി

ടിവി സീരിയലുകള്‍ കുടുംബം കലക്കുന്നു എന്ന് വനിതാകമ്മീഷന്‍; പരാതി നല്‍കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിയന്ത്രിക്കുംപ്രതീകാത്മക ചിത്രം

കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനു ടിവി സീരിയലുകളും സോഷ്യല്‍ മീഡിയയും കാരണമാകുന്നു എന്ന് വിലയിരുത്തി വനിതാ കമ്മീഷന്‍. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തിലാണ് പരപുരുഷബന്ധം ആരോപിച്ചുളള കേസുകള്‍ വര്‍ധിച്ചു വരുന്നതായും ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയും കമ്മീഷന്‍ വിലയിരുത്തിയത്. തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നത് മാറ്റത്തിന്റെ സൂചനയാണ്.

പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിനാല്‍ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വര്‍ദ്ധിച്ച് വരികയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരക്കാരെ മോശക്കാരായി സമൂഹം പിന്നീട് ചിത്രീകരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഗവ. മെഡിക്കല്‍ കോളേജില്‍ ശുചീകരണ തൊഴിലാളികളെ അസഭ്യം പറഞ്ഞതിന് പുരുഷ ജീവനക്കാരനെതിരെ പരാതി കമ്മീഷന്‍ പരിഗണിച്ചു. അടുത്ത അദാലത്തില്‍ ആര്‍.എം.ഒയുടെ റിപ്പോര്‍ട്ട് സഹിതം സെക്യൂരിറ്റി ഓഫീസറോട് ഹാജരാകാനും കമ്മീഷന്‍ ഉത്തരവിട്ടു.

സാമുദായിക സംഘടനയിലുണ്ടായ തര്‍ക്കത്തില്‍ അസഭ്യം പറഞ്ഞു എന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ കുറ്റാരോപിതരായ കേസിലും ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിലും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. വാതരോഗം മൂലം നടക്കാന്‍ വയ്യാത്ത അമ്മയെ മക്കള്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയില്‍ അമ്മയ്ക്കും മക്കള്‍ക്കും ഒരു വീട്ടില്‍ ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നടക്കാന്‍ കഴിയാത്ത അമ്മയെ പുറത്ത് കാറില്‍ ചെന്ന് കണ്ടാണ് പരാതി കേട്ടത്. അമ്മയെ സംരക്ഷിക്കാന്‍ തയാറാണെന്ന് മകന്‍ കമ്മീഷനെ അറിയിച്ചു. മകന്റെ സാമീപ്യം ആവശ്യപ്പെട്ടാണ് അമ്മ കമ്മീഷനെ സമീപിച്ചത്.Read More >>