മെക്‌സിക്കന്‍ അപാരതയുടെ കാലത്ത് 'മുന്‍ എസ്എഫ്‌ഐക്കാരി ഗീനാ കുമാരി'യ്ക്കു പറയാനുള്ളത്

പഠിക്കാന്‍ മിടുക്കികളായിരുന്നിട്ടും ചെറുപ്രായത്തിലേ വിവാഹിതരായ കൂട്ടുകാരികള്‍. അവരില്‍ പലരുടെയും പില്‍ക്കാല അനുഭവങ്ങള്‍. ഓരോന്നും സ്ത്രീപക്ഷജാഗ്രതയോടെ ഒപ്പിയെടുക്കുന്നു തിരുവനന്തപുരത്ത് ജില്ലാ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാ കുമാരി.

മെക്‌സിക്കന്‍ അപാരതയുടെ കാലത്ത്  മുന്‍ എസ്എഫ്‌ഐക്കാരി ഗീനാ കുമാരിയ്ക്കു പറയാനുള്ളത്

1994 നവംബർ 25. കൂത്തുപറമ്പ് ഒരു ചോരപ്പുഴയായി ചരിത്രത്തിലേയ്ക്കൊഴുകിയ ദിനം. വരാനിരിക്കുന്ന പോലീസ് ഭീകരതയുടെ മുന്നറിയിപ്പെന്നോണം, അന്നു രാവിലെ പുറത്തിറങ്ങിയ മലയാള പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു ചിത്രമുണ്ടായിരുന്നു. പൊലീസ് മർദ്ദനത്തിൽ തല പൊളിഞ്ഞ് ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. അവളുടെ പേര് ടി. ഗീനാകുമാരി. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി. രക്തത്തിൽകുളിച്ചു നിൽക്കുന്ന അത്തരം സമരവീര്യം ആൺസഖാക്കൾക്ക് മാത്രം സ്വന്തമല്ല എന്ന് ഒരുപക്ഷേ ഒന്നാംപേജ് വാർത്താചിത്രത്തിലൂടെ കേരളത്തോട് ആദ്യമായി വിളിച്ചു പറഞ്ഞ വനിതാ സഖാവ് ഗീനയായിരിക്കും. ഇന്നവൾ അഭിഭാഷകയാണ്. നിയമത്തിൽ ഡോക്ടറേറ്റുമായി തിരുവനന്തപുരത്ത് ജില്ലാ കോടതിയിൽ അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ. കൊലക്കേസും ബലാത്സംഗക്കേസുമടക്കം വാദിക്കുന്ന വക്കീൽ. ഗീന സംസാരിക്കുന്നു.. കുടുംബം, സമൂഹം, തൊഴിൽ, രാഷ്ട്രീയം... എന്നിവയെക്കുറിച്ച്... അവിടെയൊക്കെയുള്ള പെണ്ണിനെക്കുറിച്ച്...

ഗീനയുടെ അച്ഛൻ തങ്കപ്പൻ പിള്ള സിപിഐഎമ്മിന്റെ കല്ലറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ചേട്ടൻ ടി ഗോപകുമാർ എസ്എഫ്ഐ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയും. അക്ഷരാർത്ഥത്തിൽ പാർടി കുടുംബമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യം. വീട്ടിലെ രാഷ്ട്രീയസാഹചര്യം വിപ്ലവകരമായിരിക്കുമെന്ന് വിചാരിക്കുന്നവരോട് ഗീന തുറന്നു പറയുന്നു... നിലമേൽ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായി മത്സരിച്ച വേളയിലെ വീട്ടനുഭവം.

വീട്ടിൽ രണ്ടു കൌൺസിലർ സ്ഥാനാർത്ഥികൾ. ചേട്ടൻ ടി ഗോപകുമാർ പെരിങ്ങമ്മല ഇഖ്ബാൽ കോളജിൽ. അനിയത്തി നിലമേൽ എൻഎസ്എസ് കോളജിൽ.

ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ അച്ഛന്റെ പൂർണ പിന്തുണ ചേട്ടന്. രാവെളുക്കുവോളം തിരഞ്ഞെടുപ്പു ചർച്ച. ജയിക്കാനുള്ള ഉപായങ്ങൾ. ചെലവ് സംഘടിപ്പിക്കാൻ ശുപാർശകൾ. പക്ഷേ, ആ വീട്ടിൽ മറ്റൊരുത്തി മത്സരിക്കുന്നുവെന്ന ചിന്ത പോലും അച്ഛനുണ്ടായിരുന്നില്ല. വോട്ടു ചോദിക്കാനും ഇലക്ഷൻ പ്രവർത്തനങ്ങൾക്കുമായി കോളജിൽ അൽപനേരം കൂടി തങ്ങാനുള്ള അനുവാദം ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. ഇലക്ഷൻ ചെലവിലേയ്ക്ക് അഞ്ചുനയാ പൈസയുടെ സഹായം വീട്ടിൽ നിന്നില്ല. തോറ്റുപോകുമെന്നു ചിന്തിച്ച നാളുകൾ. ഇലക്ഷൻ ദിവസം പോലും ഫലമറിയുന്നതുവരെ കോളജിൽ നിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല.

ഫലമറിഞ്ഞ അനുഭവവും ഗീന മറന്നിട്ടില്ല.

ഇലക്ഷൻ ദിവസം രാത്രി. ജയിച്ചു വരുന്ന മകന് പായസമുണ്ടാക്കാൻ അമ്മയുടെ വെപ്രാളം. രാത്രി ഒമ്പതരയോടെ വീട്ടിലെത്തുന്ന അച്ഛനും ചേട്ടനും. രണ്ടുപേരും തമ്മിൽ ഒച്ച താഴ്ത്തി സംസാരം. ചെവിയോർത്തപ്പോൾ സംഗതി പിടികിട്ടി. ചേട്ടൻ നീറ്റായി തോറ്റു. തോൽവിയുടെ കാരണങ്ങളാണ് അച്ഛൻ സഖാവും ചേട്ടൻ സഖാവും കൂലങ്കഷമായി ചർച്ച ചെയ്യുന്നത്.

അതിനിടയിൽ തന്റെ റിസൾട്ടിന്റെ കാര്യം ആരെങ്കിലും പറയുന്നുണ്ടോയെന്ന് കാതോർത്തു കിടന്ന ഗീനയ്ക്ക് നിരാശ. അങ്ങനെയൊരാൾ മത്സരിച്ച കാര്യംപോലും ആരും മൈൻഡു ചെയ്യുന്നില്ല. തന്റെ റിസൾട്ടറിയണമെന്ന് വീട്ടിൽ ആർക്കുമുണ്ടായില്ല താൽപര്യം എന്ന് വർഷങ്ങൾക്കു ശേഷവുമുള്ള ഓർമ്മയിലും കയ്പിന്റെ നീറ്റലുണ്ട്. രാഷ്ട്രീയപ്രബുദ്ധമായ കുടുംബത്തിൽപ്പോലും നിലനിന്ന പെൺവിവേചനത്തിന്റെ തീവ്രയാഥാർത്ഥ്യം. ആരുടെയും കുറ്റമല്ല. പക്ഷേ അതൊരു യാഥാർത്ഥ്യമാണ്. ഗ്രാമപ്രദേശം. വളർന്നുവരുന്ന പെൺകുട്ടികളെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കകൾ. അദൃശ്യമായ വേലികൾ. അപ്രഖ്യാപിതവിലക്കുകൾ.

അന്ന് റിസൾട്ടറിയാൻ ആവേശം കാണിച്ചത് അമ്മൂമ്മയായിരുന്നു. ചെറുപ്രായത്തിലെ അപ്പൂപ്പൻ മരിച്ചിട്ടും പടവെട്ടി നാല് ആൺമക്കളെയും വളർത്തിയ കരുത്താവാം ഗീനയുടെ നിലപാടുകളുടെ ചൂടും ചൂണ്ടുപലകയുമായത്.

റിസൾട്ടറിഞ്ഞത് പിറ്റേന്ന് ബസിൽ വെച്ച്, കൂട്ടുകാരിൽനിന്ന്. അക്കാലത്ത് ഫോണൊന്നുമില്ല. എവിടെയെങ്കിലും പോയി ആരെയെങ്കിലും വിളിച്ചു ചോദിക്കണമെങ്കിൽ ആണുങ്ങൾക്കേ പറ്റൂ. അവരേ അറിയൂ. അവരറിഞ്ഞാലേ പെണ്ണും അറിയൂ. വീട്ടിലെ സഖാക്കൾക്ക് അതറിയാൻ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അന്നേയ്ക്കന്ന് ഗീന മത്സരഫലമറിഞ്ഞില്ല.

ഈ വീട്ടിൽ നിന്നാണ് ഗീന കേരളാ യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർപേഴ്സണായത്. എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായതും. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ മുതുവിള എന്ന ഗ്രാമത്തിൽ നിന്ന്.

ഫിസിക്സ് പഠിക്കാനായിരുന്നു താൽപര്യം. ആണായി ജനിച്ചിരുന്നെങ്കിൽ അതുപഠിക്കാൻ അനുവാദം ലഭിച്ചേനെ. ഫിസിക്സു പഠിക്കണമെങ്കിൽ അന്ന് ചെമ്പഴന്തിയിലോ വർക്കലയ്ക്കോ പോകണം. അത്രയും ദൂരം യാത്ര ചെയ്തു പഠിക്കേണ്ടെന്ന കർക്കശനിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഇങ്ങനെയൊരാഗ്രഹം പറഞ്ഞത് ചേട്ടനായിരുന്നുവെങ്കിൽ എത്ര കഷ്ടപ്പെട്ടും വീട്ടുകാർ പഠിപ്പിച്ചേനെ.

അധികാരവും പദവിയും കിട്ടിയപ്പോൾ അച്ഛനു സന്തോഷമായെന്ന് ഗീന ഓർക്കുന്നു. കോളജിൽ നിന്ന് കൃത്യസമയത്തു മടങ്ങണമെന്ന ശാസനകൾ അലിഞ്ഞുപോയി. വൈകിയെത്തലും വെളുപ്പിനേ യാത്രയും ജീവിതത്തിന്റെ ഭാഗമായ നാളുകൾ.

പറയുമ്പോൾ എല്ലാം പറയണമല്ലോ. കോളജിൽ കെഎസ്‌യു വക തെറിയഭിഷേകവും ആക്രമണഭീഷണിയും നേരിട്ട ദിവസം. പിറ്റേന്ന് കോളജിൽ ഒപ്പം ചെല്ലാമെന്ന് പറഞ്ഞ ചേട്ടനെ വിലക്കിയ അച്ഛനിലെ മാർക്സിസ്റ്റുകാരന്റെ തന്റേടം ഗീന നേരിട്ടറിഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കു പോയാൽ മതി, ഒരുത്തനും ഒന്നും ചെയ്യില്ലെന്നായിരുന്നു അച്ഛന്റെ വാക്കുകൾ. അതുപോലെതന്നെ സംഭവിച്ചു. ഗീന ഒറ്റയ്ക്കു കോളജിലെത്തി. ആരും ഒന്നും ചെയ്തതുമില്ല.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ഒരു കവിത മറ്റാരുടെയോ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ മാസികയ്ക്കെതിരെ വക്കീൽ നോട്ടീസയ്ക്കാൻ അച്ഛനെ നിർബന്ധിച്ചത് ചേട്ടനായിരുന്നുവെന്നും ഓർമ്മയുണ്ട്. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നായിരുന്നു ചേട്ടന്റെ നിലപാട്.

അടി കൊണ്ട് തല പൊളിഞ്ഞപ്പോൾ, അമ്മയുടെ വേവലാതി മകളെ ആരു വിവാഹം കഴിക്കുമെന്നായിരുന്നു. മുഖത്തെയും നെറ്റിയിലെയും പാടുകൾ നല്ല വിവാഹാലോചനകൾക്കു തടസമാകുമെന്ന് സത്യസന്ധമായി സങ്കടപ്പെട്ട അമ്മ. മകൾ കുടുംബത്തിന്റെ അതിരുഭേദിച്ചു വളർന്നു പോയപ്പോൾ അമ്മ വീട്ടിലേയ്ക്കു കൂടുതൽ ചുരുങ്ങി. മകളെക്കുറിച്ചുള്ള ബന്ധുക്കളുടെ കുത്തുവാക്കുകൾ കാരണം കുടുംബത്തെ മംഗള ചടങ്ങുകളിൽ പങ്കെടുക്കാൻ വിമുഖയായി വീട്ടിൽ ഒതുങ്ങിക്കൂടിയ അമ്മയെക്കുറിച്ചോർമ്മിക്കുമ്പോൾ ഗീനയ്ക്കിപ്പോഴും സങ്കടമുണ്ട്. അത്രയ്ക്കായിരുന്നു കുത്തുവാക്കുകൾ. എന്തിനിങ്ങനെ വളർത്തുന്നു, വേണ്ടെങ്കിൽ കൊന്നു കളഞ്ഞുകൂടേയെന്നു ചോദിച്ചത്രേ സ്നേഹസമ്പന്നരായ ചില ബന്ധുക്കൾ. പൊതുപ്രവർത്തകയായ പെണ്ണിനോടുള്ള കരുതൽ.

പക്ഷേ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ എന്ന പദവിയും എസ്എഫ്ഐയുടെ നേതൃസ്ഥാനവുമൊക്കെ നാട്ടിൽ വിലമതിക്കപ്പെട്ടിട്ടുണ്ടെന്നും ഗീന ഓർക്കുന്നു. കുടുംബക്കാർക്കായിരുന്നു പ്രശ്നം മുഴുവൻ.

രാഷ്ട്രീയബോധം വേരുറച്ചുവന്ന കൌമാരത്തെക്കുറിച്ചു പറയുമ്പോൾ കൌതുകമുള്ള മറ്റൊരോർമ്മ കൂടി ഗീന പറയുന്നു. സൊസൈറ്റിയിൽ പാലുകൊടുക്കാനും റേഷൻ കടയിൽ പോകാനും മില്ലിൽ പോയി അരി പൊടിപ്പിക്കാനുമൊക്കെ എനിയ്ക്കായിരുന്നു ചുമതല. ഒരുനാൽക്കവലയിലെ അടുത്തടുത്ത കടകൾ. ഇവിടെയൊക്കെ പോകാൻ വീട്ടിൽ നിന്ന് ഞാനാണ് നിയോഗിക്കപ്പെട്ടിരുന്നത്. പക്ഷേ, ഈ കവലയിൽത്തന്നെയുള്ള ലൈബ്രറിയിൽ പോകാൻ അനുവാദമുണ്ടായിരുന്നില്ല. ആവശ്യമുള്ള പുസ്തകം വേണമെങ്കിൽ ചേട്ടനോടു പറയണമെന്നായിരുന്നു അച്ഛന്റെ നിലപാട്.

ഇന്നും ഇക്കാര്യങ്ങളിലൊക്കെ എന്തെങ്കിലും മാറ്റമുണ്ടോ. തുല്യനീതിയിലേയ്ക്ക് ഒരടിയെങ്കിലും മുന്നോട്ടുവെയ്ക്കണമെങ്കിൽ സൂക്ഷ്മതലത്തിൽ എന്തെന്തു മുന്നേറ്റങ്ങളാണ് വേണ്ടിവരിക.

കോളജിലും ഗീനയുടെ മത്സരം ഒരു ചരിത്രമായിരുന്നു. ജനറൽ സീറ്റുകളിലേയ്ക്ക് പെൺകുട്ടികളെ പരിഗണിക്കുന്ന പതിവില്ല. പക്ഷേ, എസ്എഫ്ഐ നേതൃത്വവും സിപിഎമ്മും ഗീനയെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലർ സ്ഥാനത്തേയ്ക്കു പരിഗണിച്ചു. ഏറെ പ്രോത്സാഹനം ചൊരിഞ്ഞ അന്നത്തെ സഖാക്കളിൽ പലരോടും ഇന്നും ബന്ധം നിലനിർത്തുന്നുണ്ട്.

പഠിക്കാൻ മിടുക്കികളായിരുന്നിട്ടും ചെറുപ്രായത്തിലേ വിവാഹിതരായ കൂട്ടുകാരികൾ. അവരിൽ പലരുടെയും പിൽക്കാല അനുഭവങ്ങൾ. ഓരോന്നും സ്ത്രീപക്ഷജാഗ്രതയോടെ ഒപ്പിയെടുക്കുന്നുണ്ട് ഗീന.

ധീരതയിലും വീറിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കാര്യത്തിലും ഇന്നത്തെ പെൺകുട്ടികൾ ഏറെ മുന്നിലാണെന്നാണ് ഗീനയുടെ അഭിപ്രായം. അന്ന് പ്രകടനത്തിനൊക്കെ പോകുമ്പോൾ ആൺകുട്ടികൾക്കു പിന്നിലാണ് നിൽക്കുക. അധ്യാപകരെ ഒളിച്ചും ഭയന്നുമൊക്കെയാണ് പ്രകടനങ്ങളിലൊക്കെ അണിചേരുന്നത്.

ഇന്ന് നേരെ തിരിച്ചാണ്. മുൻനിരയിൽത്തന്നെ പെൺകുട്ടികളുണ്ട്. ആവേശത്തോടെ മുദ്രാവാക്യം വിളിക്കാനും വീറോടെ മുന്നേറാനുമുള്ള കരുത്ത് പെൺകുട്ടികൾ ആർജിച്ചു കഴിഞ്ഞു. പൊതുരംഗത്തു നിൽക്കുന്ന സ്ത്രീകളും ആർക്കും പിന്നിലല്ല.

അക്കാലത്തെ മറക്കാനാവാത്ത അനുഭവമാണ് ജയിൽവാസം. അട്ടക്കുളങ്ങര ജയിലിൽ പന്ത്രണ്ടു ദിവസം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി ജയിലിൽപോകുന്ന ആൺകുട്ടികൾക്ക് ജയിലിനുള്ളിലും ഉത്സവാന്തരീക്ഷമായിരിക്കും. പക്ഷേ, പെൺകുട്ടികളുടെ കാര്യം അങ്ങനെയായിരുന്നില്ല. ഒറ്റയ്ക്കൊരു മുറിയിൽ. രണ്ടുദിവസം ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ഈ സാഹചര്യങ്ങളോടൊക്കെ വീട്ടുകാർ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. എണ്ണ തേച്ചു കുളിക്കാൻ മറക്കരുതെന്നായിരുന്നു ജയിൽവാസവേളയിൽ അമ്മയുടെ ഉപദേശം. പിന്നെ ഇന്നത്തെപ്പോലെ മാധ്യമസ്വാധീനം ഇല്ലാതിരുന്നതിനാൽ നാട്ടിലും ബന്ധുക്കൾക്കിടയിലുമൊന്നും ഇക്കഥയ്ക്ക് വേണ്ടത്ര പ്രചാരം കിട്ടിയില്ല.

യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കസേരയിൽ കണ്ണുവെച്ചിരുന്ന തിരുവനന്തപുരം നഗരത്തിലെ കില്ലാഡി സഖാക്കളെ വെട്ടിയാണ് ഗീന എത്തിയത്. സംഘടനയിലെ ആൺ സഖാക്കളുടെ മസിലുപിടിത്തം കുറേയുണ്ടായിരുന്നു. ചേർത്തലയിൽ നിന്നും മറ്റുമൊക്കെ പല ആവശ്യങ്ങൾക്കുമെത്തുന്ന കുട്ടികളോടുള്ള യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥരുടെ അവജ്ഞ കലർന്ന പെരുമാറ്റത്തിനെതിരെ പലപ്പോഴും നേർക്കുനേർ വഴക്കടിക്കേണ്ടി വന്ന അനുഭവങ്ങളുമേറെ. മറുവശത്ത് പലപ്പോഴും ഇടതു സംഘടനയുടെ പ്രവർത്തകർ തന്നെയായിരുന്നു. കാന്താരിയെന്നും വായാടിയെന്നും യൂണീവേഴ്സിറ്റി ജീവനക്കാർ ഗീനയ്ക്ക് ബിരുദം നൽകിയിട്ടുണ്ടത്രേ. അതും വനിതാ ജീവനക്കാർ.

സംഘാടകമികവിന് ലഭിച്ച അംഗീകാരമായാണ് എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലേയ്ക്കുള്ള വളർച്ചയെ ഗീന കാണുന്നത്. ഇന്ന് സദാചാരപോലീസിന്റെ പേരിൽ ഏറെ ആക്ഷേപങ്ങൾ എസ്എഫ്ഐ നേരിടുന്നുണ്ട്. എന്നാൽ സംഘടനയെന്ന നിലയിൽ അങ്ങനെയൊരു സദാചാരപോലീസൊന്നും എസ്എഫ്ഐയിൽ ഇല്ലെന്നാണ് ഗീനയുടെ സാക്ഷ്യം. അടിയേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ കുഴമ്പുപരുവത്തിലാക്കിയ ഭക്ഷണം സ്പൂണിൽ കോരിക്കൊടുത്തത് സഖാക്കളെ ഇന്നും നിറഞ്ഞ സ്നേഹത്തോടെ ഓർക്കാനാവുന്നുണ്ട്.

എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളിൽ പലരും പ്രണയിച്ച് വിവാഹം കഴിച്ച പട്ടികയാണ് തെളിവ്. ആ പ്രണയങ്ങളൊന്നും എസ്എഫ്ഐയോ പാർടിയോ വിലക്കിയിട്ടില്ല. മിശ്രവിവാഹങ്ങളുടെ പരമ്പരയ്ക്ക് എസ്എഫ്ഐ പ്രണയങ്ങൾ കാരണമായിട്ടുണ്ട്. ഇന്നു പ്രചരിക്കുന്ന ഒറ്റപ്പെട്ട ആരോപണങ്ങൾക്ക് എസ്എഫ്ഐ രാഷ്ട്രീയവുമായി ബന്ധമില്ല.

എസ്എഫ്ഐ കാലത്തെ ഏറ്റവും തിളക്കമാർന്ന അനുഭവം കാസർകോടു നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടന്ന കാൽനട ജാഥയാണ്. പെൺകുട്ടികളുടെ ശാരീരികപ്രശ്നങ്ങൾ ഇതുപോലെയുള്ള സന്ദർഭങ്ങളിലാണ് ഏറ്റവും വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത്. അത്തരം അസ്വസ്ഥതകളോടൊക്കെ എതിരിട്ട് ഒരു മാസം കൊണ്ട് കേരളത്തെ നെടുകെ നടന്നു തീർത്ത ഓർമ്മകൾ ഇന്നും ആവേശകരമായ അനുഭവമാണ്. അതിനുശേഷം എസ്എഫ്ഐ അങ്ങനെയൊരു കാൽനടജാഥ സംഘടിപ്പിച്ച ഓർമ്മയില്ല.

കോടതിയും ഒന്നാന്തരമൊരു ആൺ കേന്ദ്രമാണെന്ന് ഗീന സാക്ഷ്യപ്പെടുത്തുന്നു. നന്നായി പഠിച്ച് വാദം പറയുന്ന പെൺകുട്ടികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പലർക്കും മടിയാണ്. വന്നു വീഴുന്ന അഭിനന്ദനമോ, അവൾ പെണ്ണാണോ ആണല്ലേ.. മികവും മിടുക്കുമൊക്കെ കോടതിയിലും ആണിന്റെ പേരിലാണ് വരവു വെയ്ക്കപ്പെടുന്നത്.

ബലാത്സംഗക്കാരുടെയും പീഡോഫൈലുകളുടെയും വക്കാലത്തെടുക്കില്ലെന്ന് നിർബന്ധമുള്ള ഗീനയ്ക്ക് നല്ല ക്രിമിനൽ അഭിഭാഷകയായി പേരെടുക്കണമെന്നാണ് മോഹം. പ്രോസിക്യൂഷന്റെ ഭാഗമായി വേട്ടക്കാർക്കെതിരെ നീതിയുടെയും നിയമത്തിന്റെയും ആയുധമുപയോഗിക്കാൻ അവസരം കിട്ടിയ ത്രില്ലിലാണ് ഗീന. ഞങ്ങൾ സംസാരിച്ചത് ഒരു ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണയുടെ തലേദിവസം. ഇത്തരം കേസുകളുമായി എത്തുന്നവരുടെ ജീവിതവും അനുഭവവും മാറിമറിയുന്ന നിലപാടുകളും അതിന്റെ കാരണങ്ങളുമെല്ലാം മറ്റൊരു ദീർഘമായ അഭിമുഖത്തിനുള്ള വകയുണ്ടെന്ന് അവൾ പറഞ്ഞു നിർത്തി.

Read More >>