ആത്മഹത്യ ചെയ്യുന്ന 4/10 സ്ത്രീകള്‍ ഇന്ത്യക്കാര്‍; അധികം പേരും 40 വയസിന് താഴെയുള്ളവര്‍

ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ടവരെ കൂടി പരിഗണിച്ചാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കാര്യക്ഷമമായ മാനസിക പിന്തുണ നല്‍കേണ്ട സാഹച്ചര്യത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്

ആത്മഹത്യ ചെയ്യുന്ന 4/10 സ്ത്രീകള്‍ ഇന്ത്യക്കാര്‍; അധികം പേരും 40 വയസിന് താഴെയുള്ളവര്‍

ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 39% ശതമാനം ഇന്ത്യന്‍ വനിതകള്‍ എന്ന് പഠനറിപ്പോര്‍ട്ടുകള്‍. അധികം പേരും 40 വയസിനു താഴെയുള്ള വിവാഹിതരായ സ്ത്രീകളാണ് എന്നും ലാന്‍സറ്റ് ജേര്‍ണല്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് കണ്ടെത്തിയിരിക്കുന്നത്. പഠനപ്രകാരം 1990 ൽ 1,64,404 പേർ ആത്മഹത്യ ചെയ്തു, 2016 ൽ ഇത് 2,30,314 ആയി വർധിച്ചു.

അതായത്, ആഗോളതലത്തില്‍ ആത്മഹത്യ ചെയ്യുന്ന പത്തു സ്ത്രീകളില്‍ നാല് പേര്‍ ഇന്ത്യക്കാരിയായിരിക്കും. ആഗോളനിരക്കില്‍ സ്ത്രീകളുടെ ആത്മഹത്യാ നിരക്കിന്റെ ഇരട്ടിയുടെ അടുത്താണ് ഈ ശതമാനം എന്നുള്ളതും കാര്യങ്ങളെ ഗൌരവമായി കാണാന്‍ പ്രേരിപ്പിക്കുന്നു.

വിവാഹതരായ സ്ത്രീകളാണ് ആത്മഹത്യ ചെയ്തവരില്‍ നല്ലൊരു ശതമാനം എന്നും ലാന്‍സറ്റ് ജേര്‍ണല്‍ കണ്ടെത്തുന്നു.

കാരണങ്ങള്‍:

*ലിംഗ അസമത്വം

*ഒരു വ്യക്തി എന്ന നിലയില്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിന് അവസരം ലഭിക്കാതെയിരിക്കുന്നത്

*ആഗ്രഹിച്ച കരിയര്‍ തുടരാന്‍ കഴിയാത്തത്

*'ഉത്തമയായ സ്ത്രീ' എന്ന സാമൂഹ്യ പ്രതീക്ഷകളുടെ അമിത ഭാരം

*സാമ്പത്തിക ആശ്രിതത്വം

*ചില കേസുകളിൽ നേരത്തെ നടക്കുന്ന വിവാഹങ്ങൾ

*വളരെ ചെറുപ്പത്തില അമ്മയാകേണ്ടി വരുന്നത്

*ഗാര്‍ഹിക/ലൈംഗീക പീഡനങ്ങള്‍

*തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നത്

എന്നിവയെല്ലാം ഇന്ത്യന്‍ വനിതകളുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചതിന് കാരണമായി വിലയിരുത്തപ്പെടുന്നു.

ആതമഹത്യാ പ്രവണതയിലേക്ക് നയിക്കുന്ന മാനസികനിലയെ തരണം ചെയ്യുവാനുള്ള ബോധവൽക്കരണവും മാനസികാരോഗ്യ സംവിധാനങ്ങളുടെ അഭാവവും ഇതിനു ഒരു പ്രധാന കാരണമാണ്. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ടവരെ കൂടി പരിഗണിച്ചാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കാര്യക്ഷമമായ മാനസിക പിന്തുണ നല്‍കേണ്ട സാഹച്ചര്യത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.


Read More >>