കിഷോരി അമോങ്കർ: ഹിന്ദുസ്ഥാനിയിൽ പുതുഭാവങ്ങൾ നിറച്ച ആലാപനചരിത്രം

ആലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയത് അമോങ്കറിന് പ്രശംസകളും വിമർശനങ്ങളും നേടിക്കൊടുത്തു. ജയ്പൂർ പാരമ്പര്യത്തിനെ തനതായ രീതിയിൽ അവതരിപ്പിച്ചതിനായിരുന്നു അതെല്ലാം. സംഗീതത്തിൽ വൈകരികാംശം ധാരാളമായി ഉപയോഗിച്ചിരുന്ന അമോങ്കർ ഖരാനയുടെ സവിശേഷതകളായ സ്വരലയം, അലങ്കാരം, വിശാലമായ ഘടന എന്നിവയിൽ നിന്നെല്ലാം വഴിമാറി നടന്നിരുന്നു.

കിഷോരി അമോങ്കർ: ഹിന്ദുസ്ഥാനിയിൽ പുതുഭാവങ്ങൾ നിറച്ച ആലാപനചരിത്രം

ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു കിഷോരി അമോങ്കർ. വിവിധമായ സംഗീതസപര്യകൾ പിന്തുടരുന്ന സംഗീതജ്ഞരെ ഒന്നിച്ചു ചേർത്ത ജയ്പൂർ ഖരാന എന്ന സംഗീതപാരമ്പര്യത്തിന്റെ പിന്മുറക്കാരിൽ ഒരാൾ എന്ന നിലയിലായിരിക്കും കിഷോരിയുടെ പ്രാധാന്യം ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത്. ഒരു കാലഘട്ടത്തിൽ ആസ്വാദകരെ ഏറ്റവും സ്വാധീനിച്ച ഹിന്ദുസ്ഥാനി ഗായികയായിരുന്ന കിഷോരി അമോങ്കറിന്റെ ഖായൽ ഗായികി, തുംരി, ഭജൻ എന്നീ ശൈലികൾ ആ തലമുറയിലെ തന്നെ ഉന്നതമായ സംഭാവനകളായിരുന്നു.

മുംബൈയിൽ ഏപ്രിൽ 10, 1932 ൽ ജനിച്ച അമോങ്കർ അവരുടെ അമ്മ, പ്രശസ്തയായ ഗായിക മോഗുഭായ് കുർദീക്കരിൽ നിന്നുമാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയത്. ആലാപനത്തിൽ സ്വതസിദ്ധമായ ശൈലി പിന്തുടർന്നിരുന്ന മോഗുഭായുടെ ശിക്ഷണത്തിൽ താനും ഒരു അതുല്യപ്രതിഭയാണെന്ന് തെളിയിക്കുകയായിരുന്നു അമോങ്കർ. ജയ്പൂർ പാരമ്പര്യത്തിന്റെ വ്യതിരിക്തമായ ശബ്ദം എന്ന നിലയിൽ അമോങ്കർ പേരെടുത്തു. ഹിന്ദുസ്ഥാനിയിലെ പരമ്പരാഗത ശൈലികളിൽ പാടുന്നതിനോടൊപ്പം തന്നെ സിനിമാഗാനങ്ങളിലും ഭജനുകളിലും ഭക്തിഗാനങ്ങളിലും അവർ വ്യക്തിമുദ്ര പതിപ്പിച്ചു.

ആലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയത് അമോങ്കറിന് പ്രശംസകളും വിമർശനങ്ങളും നേടിക്കൊടുത്തു. ജയ്പൂർ പാരമ്പര്യത്തിനെ തനതായ രീതിയിൽ അവതരിപ്പിച്ചതിനായിരുന്നു അതെല്ലാം. സംഗീതത്തിൽ വൈകരികാംശം ധാരാളമായി ഉപയോഗിച്ചിരുന്ന അമോങ്കർ ഖരാനയുടെ സവിശേഷതകളായ സ്വരലയം, അലങ്കാരം, വിശാലമായ ഘടന എന്നിവയിൽ നിന്നെല്ലാം വഴിമാറി നടന്നിരുന്നു.

"ഖരാന എന്നൊന്നില്ല. ഉള്ളത് സംഗീതം മാത്രം. ഖരാനയിൽ അടങ്ങിയിട്ടുള്ള ആ സംഗീതത്തിനെ പ്രത്യേക ജാതികളിലായി വിഭജിക്കുകയാണ് ചെയ്യുന്നത്. ഈ കലയുടെ പരിമിതികൾ വിദ്യാർഥികളെ പഠിപ്പിക്കരുത്. അങ്ങിനെയൊന്നും ഇല്ല തന്നെ. പക്ഷേ, എല്ലാവരും അതിന്റെ വ്യാകരണം പഠിച്ചിരിക്കണം. അതിനാണ് അലങ്കാരവും രാഗങ്ങളും പഠിപ്പിക്കുന്നത്," ഒരു അഭിമുഖത്തിൽ അമോങ്കർ പറഞ്ഞു.

സംഗീതവിദ്യാഭ്യാസം എങ്ങിനെ ആയിരിക്കണമെന്നതിനെ കുറിച്ചും അവർക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പരമ്പരാഗത സങ്കേതങ്ങൾക്കപ്പുറം സംഗീതത്തിന്റെ സാധ്യതകൾ ആരായാൻ അവർ വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നു. അതിന് അവർ നന്ദി പറഞ്ഞത് തന്റെ ഗുരുവും അമ്മയുമായ മോഗുഭായ്ക്കായിരുന്നു.

"നിങ്ങൾ സ്വയം നടക്കുകയും ഓടുകയും വേണം. അതിനുള്ള ഊർജ്ജം തരുകയാണ് ഗുരു ചെയ്യുന്നത്. അങ്ങിനെ ചെയ്തില്ലെങ്കിൽ നിങ്ങൾ സാധാരണക്കാരായി നിലനിൽക്കും. ഞാൻ സാധാരണക്കാരി അല്ലെന്ന് എന്റെ അമ്മ ഉറപ്പാക്കി," അമോങ്കർ പറഞ്ഞു.

പ്രതിഭാസമ്പന്നയായ സംഗീതജ്ഞ എന്നതിനപ്പുറം ഒന്നാന്തരം പ്രാസംഗിക എന്ന നിലയിലും അമോങ്കർ പ്രശസ്തയായിരുന്നു. ഇന്ത്യയിലുടനീളം യാത്ര ചെയ്ത് സംഗീതത്തിന്റെ രസങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിരുന്നു അവർ.  

1987 ൽ രാജ്യം അവരെ പത്മഭൂഷൻ നൽകി ആദരിച്ചു. പിന്നീട് 2002 ൽ പത്മവിഭൂഷനും നേടി. ഒട്ടേറേ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ അമോങ്കറിനെക്കുറിച്ച് അമോൽ പലേക്കർ 'ഭിന്ന ഷഡ്ജ' എന്ന പേരിൽ ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.