നഗ്ന മോഡലായി പ്രവർത്തിക്കുന്ന സ്ത്രീകളെ ചിത്രകലാ വിദ്യാർഥികൾ വിളിക്കുന്നത് ഇങ്ങനെ; അത് അവരെ കംഫർട്ടബിൾ ആക്കുന്നുണ്ട്‌

രവി ജാദവിന്റെ ഡോക്യുമെന്ററിയുടെ പ്രോമോ റിലീസ് ചെയ്യുന്നവരെ ധനലക്ഷ്മിയുടെ മകൻ അറിഞ്ഞിരുന്നില്ല അമ്മ ഒരു നഗ്ന മോഡൽ ആണെന്ന്. അമ്മ ചെയ്തത് ദൈവീകമായ പ്രവർത്തിയാണ് എന്നാണ് അറിഞ്ഞപ്പോൾ അയാൾ പ്രതികരിച്ചത്- 'ന്യൂഡി'ലെ നായിക കല്യാണി മുലായ് പറയുന്നു

നഗ്ന മോഡലായി പ്രവർത്തിക്കുന്ന സ്ത്രീകളെ ചിത്രകലാ വിദ്യാർഥികൾ വിളിക്കുന്നത് ഇങ്ങനെ; അത് അവരെ കംഫർട്ടബിൾ ആക്കുന്നുണ്ട്‌

ന്യൂഡിലെ വേഷം അണിയുന്നതിനു മുൻപ് വിവിധ ചിത്രകലാ സ്ഥാപനങ്ങളിലെ നഗ്ന മോഡലുകളെ നിരീക്ഷിക്കുകയും പഠിക്കുകയുമാണ് താൻ ആദ്യം ചെയ്തതെന്നും ഒരു തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ എന്റെ ശരീരത്തെ ഒരു പര്യവേക്ഷണത്തിനു വിധേയമാക്കാൻ തീരുമാനിച്ചത് അപ്പോഴാണെന്നും ന്യൂഡ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി മുലായ്. പ്രേക്ഷകരുടെ നോട്ടങ്ങൾ, ശരീരത്തിന്റെ സാന്നിധ്യം, ഇടം എന്നിവയെക്കുറിച്ച് താൻ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അതെന്നും അതിന്റെ ഭാഗമായി ഞാൻ ധനലക്ഷ്മിയെയും അറായിയെയും മാതൃകയായി കണ്ടു എന്നും കല്യാണി മുലായ് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ 'ചലച്ചിത്ര സമീക്ഷ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുലായ്യുടെ പ്രതികരണം.

നഗ്നരായി ഇരിക്കുന്നതുപോലെയല്ല നഗ്നതെ അഭിമുഖീകരിക്കുന്നത്. നഗ്നതയ്ക് നേരെയുള്ള നോട്ടങ്ങളെ, വിവിധ വീക്ഷണ കോണുകളെ നമ്മളാണ് അഭിമുഖീകരിക്കുന്നത്. നഗ്നതയെപ്പറ്റി ചിന്തിക്കുന്നത് പോലെയല്ല അതിനെ അഭിമുഖീകരിക്കുന്നതെന്നും കല്യാണി മുലായ് പറയുന്നു. ആ ചിത്രകലാ വിദ്യാർഥികൾ ആദ്യദിനം കടന്നുപോയ അനുഭവങ്ങളിലൂടെ ഛായകദമും(സഹനടി) ഞാനും കടന്നുപോയി. അവിടെ ഞങ്ങൾ കാഴ്ച്ചക്കാർ മാത്രമായിരുന്നു. നഗ്ന മോഡലുകൾ ആയിരുന്നില്ല. മനുഷ്യന്റെ ശരീരത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പങ്ങൾ മാറിയത് അന്നാണെന്നും കല്യാണി മുലായ് വ്യക്തമാക്കുന്നു.

ചലച്ചിത്ര സമീക്ഷയിലെ അഭിമുഖത്തിൽ മധു ജനാർദ്ദനന്റെ ചോദ്യവും കല്യാണി പുലായ് പറഞ്ഞ ഉത്തരവും:

ഒരു നഗ്ന മോഡലായി ജോലിചെയ്യാൻ അസാമാന്യമായ ഒരു ഇച്‌ഛാശക്തി വേണം. അതുപോലെ തന്നെ പ്രധാനമാണ് നഗ്ന മോഡലായി സിനിമയിൽ അഭിനയിക്കാനുള്ള മനസ്സുറപ്പും. എങ്ങനെയാണു ഇത്തരമൊരു വേഷം ചെയ്യാൻ മാനസികമായ ഒരു തയ്യാറെടുപ്പ് നടത്തിയത്?

മുംബൈയിലേ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലെ ധനലക്ഷ്മി എന്ന മോഡലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ എഴുതപ്പെട്ടിട്ടുള്ളത്. തമിഴ് നാട്ടുകാരിയായ അവർ മുംബൈയിലാണ് താമസിക്കുന്നത്. അവർ ഇപ്പോഴും നഗ്ന മോഡലായി ജോലി ചെയ്യുന്നുമുണ്ട്. ഞാൻ അവരുടെ ഒരു സെഷന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ രവി ജാദവ് നഗ്ന മോഡലുകളുമായി അഭിമുഖം നടത്തിയ ശേഷമാണ് സ്ക്രിപ്റ്റ് എഴുതിയത്. രവി ജാദവ് ജെ.ജെ സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥി ആയിരുന്നു. ഈ നഗ്ന മോഡലുകളുടെ വീട്ടിൽ ഉള്ളവർ അറിയുന്നില്ല അവരെന്തു ജോലിയാണ് ചെയ്യുന്നതെന്ന്. അറിഞ്ഞാൽ അവർക്ക് സാമൂഹികമായ ഭ്രഷ്ട് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അവർ നയിക്കുന്നത് ഒരു ഇരട്ട ജീവിതമാണ്. രവി ജാദവ് നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രോമോ റിലീസ് ചെയ്യുന്നവരെ ധനലക്ഷ്മിയുടെ മകൻ അറിഞ്ഞിരുന്നില്ല 'അമ്മ ഒരു നഗ്ന മോഡൽ ആണെന്ന്. അതിനു ശേഷം അയാളുടെ പ്രതികരണം അവിശ്വസനീയം ആയിരുന്നു. ചിത്ര കലാ വിദ്യാർഥികൾക് മുന്നിൽ അമ്മ ചെയ്തത് ദൈവീകമായ പ്രവർത്തിയാണ് എന്നായിരുന്നു അയാൾ പറഞ്ഞത്.


ഈ വേഷം അണിയുന്നതിനു മുൻപ് വിവിധ ചിത്രകലാ സ്ഥാപനങ്ങളിലെ നഗ്ന മോഡലുകളെ നിരീക്ഷിക്കുകയും പഠിക്കുകയുമാണ് ഞാൻ ആദ്യം ചെയ്തത്. അവരുടെ ശരീരങ്ങളെല്ലാം സാധാരണ മട്ടിലുള്ളവയായിരുന്നു. അഴകളവുകൾ ഒത്തിണങ്ങിയ ഉടലുകളായിരുന്നില്ല അവ. ഒരു തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ എന്റെ ശരീരത്തെ ഒരു പര്യവേക്ഷണത്തിനു വിധേയമാക്കാൻ തീരുമാനിച്ചത് അപ്പോളാണ്. പ്രേക്ഷകരുടെ നോട്ടങ്ങൾ, ശരീരത്തിന്റെ സാന്നിധ്യം, ഇടം എന്നിവയെക്കുറിച്ച ഞാൻ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അതിന്റെ ഭാഗമായി ഞാൻ ധനലക്ഷ്മിയെയും അറായിയെയും മാതൃകയായി കണ്ടു.

അറായി അറുപതുകൾ മുതൽ തന്നെ നഗ്ന മോഡലിംഗ് നടത്തുന്ന വനിതയാണ്. അവരുടെ അഭിമുഖങ്ങൾ കണ്ടു. ലക്ഷ്മി കഴിഞ്ഞ മുപ്പതുവർഷമായി മോഡലിംഗ് ചെയ്യുന്നുണ്ട്. ഞാനും ചിത്രത്തിലെ ചന്ദ്രക്കയെ അവതരിപ്പിച്ച ഛായകദമും ലക്ഷ്മിയുടെ ഒരു സെഷനിൽ ഇരുന്നു. ലക്ഷ്മി അങ്ങേയറ്റം അനായാസമായി അയത്ന ലളിതമായി ചെയ്യുന്ന ഒരു പ്രവർത്തിപ്പോലെയാണ് എനിക്ക് തോന്നിയത്. അവർ അവരുടെ ഒരു പൂർണ്ണ പതിവ് ജോലി ചെയ്യുകയായിരുന്നു. പൂർണ്ണ നഗ്നയായശേഷം 'എനിക്ക് ചൂടെടുക്കുന്നു, ഫാനിടൂ' എന്ന് അവർ പറഞ്ഞത് ഉടയാടകളൊന്നുമില്ലാതെയായിരുന്നു. ആ കാഴ്ച ഞങ്ങൾക്കിരുവർക്കും ഒരു ഷോക്ക് ആയിരുന്നു.

ഞങ്ങളാണ് നഗ്നതയെ അഭിമുഖീകരിക്കുന്നത്. നഗ്നതയ്ക് നേരെയുള്ള നോട്ടങ്ങളെ, വിവിധ വീക്ഷണ കോണുകളെ ഞങ്ങളാണ് അഭിമുഖീകരിക്കുന്നത്. നഗ്നതയെപ്പറ്റി ചിന്തിക്കുന്നത് പോലെയല്ല അതിനെ അഭിമുഖീകരിക്കുന്നത്. ആ ചിത്രകലാ വിദ്യാർഥികൾ ആദ്യദിനം കടന്നുപോയ അനുഭവങ്ങളിലൂടെ ഛായകദമും ഞാനും കടന്നുപോയി. അവിടെ ഞങ്ങൾ കാഴ്ച്ചക്കാർ മാത്രമായിരുന്നു. നഗ്ന മോഡലുകൾ ആയിരുന്നില്ല. മനുഷ്യന്റെ ശരീരത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പങ്ങൾ മാറിയത് അന്നാണ്. ഞങ്ങൾ അവരുടെ വിവിധ പോസുകൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അതേപ്പറ്റിയുള്ള നിരവധി ഡോക്യൂമെന്ററികളും ഹ്രസ്വചിത്രങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ, ന്യൂഡ്‌ മോഡലിംഗിനെപ്പറ്റി മുഴുനീള ഫീച്ചർ ഫിലിമുകൾ വന്നിട്ടില്ല. ഇതാണ് ആ ഗണത്തിലെ ആദ്യചിത്രം.

ഈ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാ. ചിത്രത്തിൽ നിങ്ങൾ കാണുന്ന ചിത്രകലാ വിദ്യാർഥികളെല്ലാം തന്നെ യഥാർഥത്തിൽ മുബൈയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർഥികളാണ്. അവിടെ നിന്ന് കണ്ട കാര്യങ്ങളെല്ലാം ചിത്രത്തിലെ നഗ്നമോഡലിനെ അവതരിപ്പിക്കുന്ന സീൻ അഭിനയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. നിങ്ങൾ നഗ്നരാവുമ്പോൾ നിങ്ങളുടെ സ്വകാര്യതയിലേക്ക് ഒരു തരത്തിലുള്ള കടന്നുകയറ്റം നടക്കുന്നുണ്ട്. പക്ഷെ, അതേസമയം ഒരു നഗ്ന മോഡലായി ഇരിക്കുമ്പോൾ നിങ്ങൾ തേടുന്നത് ഒരു പൊതു ഏകാന്തതയാണ് [public solitude] അവർ ഒരു പൊതു ഇടത്തിലാണ്. അവർ ശാന്തരായി ധ്യാനനിരതരെപ്പോലെയാണ് ഇരിക്കുന്നത്. ചിത്രകലാ വിദ്യാർഥികൾ നഗ്ന മോഡലിനെ അമ്മാ എന്നാണ് വിളിക്കുന്നത്. അങ്ങനെയുള്ള വിളികളിലൂടെ വിദ്യാർഥികൾ അവരെ കംഫർട്ടബിൾ ആക്കുന്നുണ്ട്‌.

Read More >>